ADVERTISEMENT

വഴിയരികിൽ മസാലദോശയും ബട്ടൂരയും ഉണ്ടാക്കി കൊണ്ടിരിക്കുന്ന സോനു സൂദിനെ കണ്ടാൽ അത് അദ്ദേഹം തന്നെയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ ഈ വിഡിയോ പറയും അത് സത്യമാണെന്ന്. തന്റെ സഹതാരങ്ങൾക്കാണ് സോനു സൂദ് മസാല ദോശയും ബട്ടൂരയുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത്. താരം വലിയ തെറ്റില്ലാതെ ഇവയുണ്ടാക്കുന്നുണ്ടെന്നാണ് വിഡിയോ കണ്ട സോഷ്യൽ ലോകത്തിന്റെ വിലയിരുത്തൽ. സോനുവിന്റെ ഈ പ്രവർത്തിയെ അഭിനന്ദിക്കാനും സമൂഹമാധ്യമങ്ങൾ മറന്നിട്ടില്ല. 

 

ഹിമാചൽ പ്രദേശിൽ തന്റെ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് സോനു സൂദ് ഇപ്പോൾ ഉള്ളത്. ഫത്തേഹ് എന്ന സിനിമയുടെ ഷൂട്ടിനിടയിൽ കിട്ടിയ സമയത്താണ് താരം നടനിൽ നിന്നും ''ഷെഫ്'' ആയി മാറിയത്. കല്ലിൽ വെള്ളം തളിച്ച്, ചൂട് പാകപ്പെടുത്തിയതിനു ശേഷം ദോശ മാവ് ഒഴിച്ച് നല്ലതു പോലെ വൃത്താകൃതിയിൽ പരത്തി, പാകമായപ്പോൾ അതിനു മുകളിൽ ഉരുളകിഴങ്ങ് ചേർത്ത മസാലയും വെച്ചാണ് തന്റെ സഹതാരമായ റിയ ചക്രബർത്തിയ്ക്ക് വിളമ്പി കൊടുക്കുന്നത്. ഇതിനു എത്ര രൂപയെന്ന റിയയുടെ രസകരമായ ചോദ്യത്തിന്, ഫ്രീ ആണെന്ന് സോനു മറുപടി പറയുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ദോശ ഉണ്ടാക്കിയതിന് ശേഷമാണ് താരം ബട്ടൂര ഉണ്ടാക്കുന്നതിലേയ്ക്ക് തിരിഞ്ഞത്. ഉരുട്ടി വെച്ചിരിക്കുന്ന മാവ് പരത്തി, എണ്ണയിലിട്ട്, ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വറുത്തെടുക്കുന്നതെല്ലാം വിഡിയോയിൽ വ്യക്തമാണ്. 

 

സോനു സൂദ് തന്നെയാണ് താൻ പാചകം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ''നിങ്ങൾക്കു ബട്ടൂരയുടെയും ദോശയുടെയും ഒരു ഫ്രാഞ്ചൈസി തുടങ്ങണമെന്നുണ്ടെങ്കിൽ ഉടനെ തന്നെ ബന്ധപ്പെടൂ...''എന്ന സരസമായ ക്യാപ്ഷൻ ആണ് വിഡിയോയ്ക്കു നൽകിയിരിക്കുന്നത്. താരം ആഹാരമുണ്ടാക്കുന്ന വിഡിയോ കണ്ട ആരാധകരെല്ലാം അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ടാണ് കമെന്റുകൾ എഴുതിയിരിക്കുന്നത്. ''തനിക്ക് എപ്പോൾ ഇത് കഴിക്കാൻ കഴിയുമെന്ന്'' ഒരാൾ ചോദ്യമെറിഞ്ഞപ്പോൾ കാഴ്ച്ചയിൽ തന്നെ ഇതേറെ രുചികരമാണെന്നു തോന്നുന്നു എന്നും ആസ്വദിക്കൂ..എന്നുമാണ് മറ്റൊരാളുടെ കമെന്റ്. സൈബറിടങ്ങളിൽ വൈറലായ വിഡിയോ ഇതിനകം കണ്ടത്  ഏകദേശം പത്ത് മില്യൺ ആളുകളാണ്.  

English Summary: Sonu Sood cooks Dosa and Bhatura for Rhea Chakraborty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com