ADVERTISEMENT

കോഴിക്കോട് ∙ വീണ്ടുമൊരു ജൂലൈ അഞ്ച്. ബേപ്പൂർ വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്ക് ഇത്തവണയും സാഹിത്യപ്രേമികൾ ഒഴുകിയെത്തും. കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, പുരുഷൻമാർ തുടങ്ങി ആബാലവൃദ്ധം ജനങ്ങളും ഒരാചാരം പോലെ വന്ന് ആ മുറ്റത്ത് ഒത്തുകൂടി തിരികെപ്പോവും. ബുദ്ധനു ഗയയിലെ ബോധിവൃക്ഷമാണെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിനത് മങ്കോസ്റ്റിനാണ് എന്നാണ് ആസ്വാദകരുടെ വിശ്വാസം. ആ മാങ്കോസ്റ്റിൻ ചുവട്ടിൽ ബഷീറില്ലാത്ത 29 വർഷങ്ങളാണ് പൂർത്തിയാവുന്നത്. വാക്കിലും നോക്കിലും നടപ്പിലും മാത്രമല്ല, ഭക്ഷണക്രമത്തിലും തന്റേതായൊരു വ്യാകരണമുണ്ടായിരുന്നു അദ്ദേഹത്തിന്; ഒരു ബഷീറിയൻ വ്യാകരണം.

 

രാവിലെ പതിനൊന്നരയ്‌ക്ക് എഴുന്നേറ്റ് രണ്ടു ചെമ്പുകുടം വെള്ളം തലയിലൊഴിച്ചാണ് ബഷീറിന്റെ കുളി. എന്നിട്ട് റവ പാലിൽ കാച്ചിയത് ഒരു മൊന്തയിലാക്കി കുടിക്കും. ഇതാണു പ്രാതൽ. പാത്തുമ്മായുടെ ആടിനാണ് വിശാലമായ പ്രാതൽ. ബാല്യകാലസഖി, ശബ്‌ദങ്ങൾ ഇതൊക്കെയായിരുന്നല്ലോ ആ അജസുന്ദരി രാവിലെ സാപ്പിട്ടത്. പോരാത്തതിന് അന്നത്തെ അരയണയും. എന്നിട്ട് പുതപ്പ് തിന്നാൻ പോയപ്പോഴാണല്ലോ ബഷീർ പറഞ്ഞത്, ‘‘അജസുന്ദരീ അതിനു വേറെ കോപ്പിയില്ല!’’

 

കുളിച്ചുവന്നാൽ മരച്ചുവട്ടിലേക്ക് ചേക്കേറുകയായി. ആരെങ്കിലും ചാരുകസേര കൊണ്ട് മാങ്കോസ്‌റ്റിന്റെ ചുവട്ടിലിട്ടുകൊടുക്കും. എഴുത്ത്‌പലക, കടലാസ് വയ്‌ക്കാൻ ചെറിയ മേശ. സിഗരറ്റ് പെട്ടി, കുടിക്കാൻ പച്ച വെള്ളം നിറച്ച മൺകൂജ, ഗ്രാമഫോൺ, അത് വയ്‌ക്കാനൊരു മേശ, ഫ്ലാസ്‌ക്, അതു നിറയെ സുലൈമാനി.

 

ബഷീർ ചായ കുടിച്ചാൽ ഗ്ലാസ് കമിഴ്‌ത്തി വയ്‌ക്കും. ചായയുടെ ബാക്കിയിൽ ഉറുമ്പോ ഈച്ചയോ വീണ് ചാകരുത് എന്നതിനാലാണ്.

ഇളനീർ, നിലക്കടല, മാമ്പഴം സവാളയും പഞ്ചസാരയും മുളകുപൊടിയും ചേർത്ത് ഉടച്ചത് ഇതൊക്കെയാണ് ബഷീർ ഇടയ്‌ക്ക് കഴിച്ചിരുന്നത്. കഞ്ഞിയിൽ തേങ്ങ ചിരകിയിട്ട് ബഷീർ കഴിക്കുമായിരുന്നു. മകൻ അനീസിനോടും അത് കഴിക്കാൻ പറയും. മകന് പക്ഷേ അതിഷ്‌ടമല്ല. അപ്പോൾ ബഷീർ പറയും, സെൻട്രൽ ജയിലിലെ കഞ്ഞിയുടെ ‘രുചിവിശേഷം’. കഞ്ഞിയിൽ നിറയെ ചത്ത പുഴുക്കളുണ്ടാവും. അത് എടുത്തുകളഞ്ഞിട്ട് താൻ കഴിച്ചിട്ടുണ്ട്. ഇപ്പോൾ കഞ്ഞിയിൽ തേങ്ങയിട്ടാലും കൂടി വേണ്ട അല്ലേ എന്നു സ്‌നേഹത്തോടെ പറയുമ്പോൾ അനീസ് തനിയെ കഞ്ഞി കുടിക്കുമായിരുന്നു.

 

സന്ധ്യയാവുമ്പോൾ കഴിക്കാൻ ബഷീറിനുവേണ്ടി പൊറോട്ടയും ഇറച്ചിക്കറിയും കടയിൽനിന്ന് വാങ്ങും. അത് കഴിക്കുന്നതിനിടെ പറമ്പിലെ മറ്റു ജീവികൾക്കും പങ്കുവയ്ക്കും. അവസാന ബസിൽ അവസാന സന്ദർശകനും വൈലാലിൽനിന്നു പടിയിറങ്ങി പോയിക്കഴിഞ്ഞ് ബഷീർ ഉറങ്ങാൻ വട്ടം കൂട്ടുമ്പോൾ ആരെങ്കിലും തിരികെ വരും. അവസാന ബസ് കിട്ടാതെ മടങ്ങിയതാവും. പിന്നെ അവർക്കായി ഉപ്പുമാവ്, കട്ടൻകാപ്പി, ഓംലെറ്റ് എന്നിവ തയാറാക്കുകയായി.

English Summary: vaikom muhammad basheer food habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com