ഇത് ഇത്ര സിംപിളാണോ മന്തി! ഇനി വീട്ടിൽ തയാറാക്കാം
Mail This Article
ഭക്ഷണപ്രേമികളുടെ ഇടയിൽ ട്രെന്‍ഡാണ് കുഴിമന്തി. മിക്കവരുടേയും ഫേവറേറ്റ് ഡിഷുകളുടെ ലിസ്റ്റിൽ കുഴിമന്തിയുടെ ഏതെങ്കിലുമൊരു വെറൈറ്റിയുണ്ടാകും. വാരാന്ത്യങ്ങളിൽ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഒന്നു പുറത്തുപോയി ഒരു മന്തി കഴിച്ചുവരുന്ന ശീലം ഇപ്പോൾ നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ പുറത്തുനിന്നും കഴിക്കുന്നതിന് ഒരു പരിധിവരെ കുറയ്ക്കുന്നതാണ് നല്ലത്. പക്ഷേ മന്തി കഴിക്കണം എന്ന് വല്ലാതെ കൊതി തോന്നിയാൽ എന്തുചെയ്യും.
ഒരു കുഴിമന്തി വീട്ടിൽ തന്നെ ഉണ്ടാക്കുക അത്ര തന്നെ. അതത്ര സിംപിളാണോ, കുഴിമന്തിയുണ്ടാക്കാൻ കുഴിയൊക്കെ വേണ്ടേ, ഈ ഫ്ളാറ്റിലും മറ്റും താമസിക്കുന്നവർക്ക് അത് സാധ്യമാകുമോ എന്ന് സംശയിക്കുന്നവർക്കായി നല്ല ഒന്നാന്തരം ഓതന്റിക് യമനി മന്തി വീട്ടിലുണ്ടാക്കാനുള്ള ഐഡിയയാണ് ഇനി പറയുന്നത്. കുഴിയൊന്നുമില്ലാതെ നല്ല രുചികരമായ യമനി മന്തിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവുമുള്ള ചിക്കൻ യമനി മന്തിയാണിത്.
ആവശ്യമുള്ള ചേരുവകൾ
ചിക്കന്റെ മസാല
ഒരു കിലോ ചിക്കനുള്ള കണക്കാണ് താഴെ കൊടുക്കുന്നത്
കുരുമുളക്- ഒരു ടേബിൾ സ്പൂൺ
മല്ലി-ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി- 6 അല്ലി
കശ്മിരി മുളകുപൊടി- ഒരു ടീസ്പൂൺ
ചെറിയ ജീരകം- മൂക്കാൽ ടേബിൾ സ്പൂൺ
മിക്സ് ചെയ്യാൻ ആവശ്യത്തിന് ഉപ്പും ഒലിവോയിലും.
മന്തിയ്ക്ക് വേണ്ട ചേരുവകൾ
സവോള -1 എണ്ണം
കാപ്സിക്കം -1 എണ്ണം
വഴനയില - 2 എണ്ണം
മല്ലി - 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം - 1ടേബിൾ സ്പൂൺ
ഗ്രാമ്പു -4 എണ്ണം
കുരുമുളക് -അര ടേബിൾ സ്പൂൺ
ഏലയ്ക്ക -നാലെണ്ണം പൊളിച്ചത്
ഉണക്ക നാരങ്ങ - ഒരെണ്ണം
വെളുത്തുള്ളി -നാല് അല്ലി
പച്ചമുളക് -2-3 എണ്ണം
സെല്ലാ ബസുമതി അരി - 2 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം തന്നെ കുരുമുളക്, ചെറിയ ജീരകം, മല്ലി, വെളുത്തുള്ളി, കശ്മീരി ചില്ലി പൗഡർ ഉപ്പ് എന്നിവ നല്ലതുപോലെ പൊടിച്ചെടുത്ത് ഒലിവ് ഓയിലിൽ കുഴയ്ക്കണം. ചിക്കൻ നല്ല സോഫ്റ്റ് ആകുന്നതിനായി തലേദിവസം ഉപ്പും നാരങ്ങാനിരും ചേർത്ത് വയ്ക്കണം. ഈ ചിക്കനിലേക്ക് നേരത്തെ മിക്സ് ചെയ്തുവച്ചിരിക്കുന്ന മസാലക്കൂട്ടിലേക്ക് വേണമെങ്കിൽ ഒരൽപ്പം മഞ്ഞ ഫുഡ് കളർ കൂടി ചേർത്ത് തേച്ചുപിടിപ്പിക്കുക. ചിക്കൻ നടുക്ക് മുറിച്ച് എല്ലായിടത്തും കത്തികൊണ്ട് കുത്തി കൊടുത്തതിനുശേഷം വേണം മസാല തേച്ചുപിടിപ്പിക്കാൻ. അതിനുശേഷം 45 മിനിറ്റെങ്കിലും മാരിനേറ്റ് ചെയ്യാൻ ഫ്രിജിലെടുത്തു വയ്ക്കുക.
അടികട്ടിയുള്ളതും വാവട്ടമുള്ളതുമായ ഒരു കുഴിയുള്ള പാത്രത്തിൽ വെജിറ്റജിൾ ഓയിൽ ഒഴിച്ച് സവോളയും കാപ്സിക്കവും വഴറ്റുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന കൂട്ടുകളെല്ലാം ചേർത്ത് ഇളക്കണം. ഒരു കപ്പ് അരിയ്ക്ക് ഒന്നര കപ്പ് വെളളം എന്ന അളവിൽ വേണം എടുക്കാൻ. അരി നേരത്തെ കുതിർത്ത് വയ്ക്കേണ്ട ആവശ്യമില്ല. മസാലക്കൂട്ടിലേക്ക് വെള്ളമൊഴിച്ച് ഉപ്പുമിട്ട് അരി ചേർക്കണം, നല്ലതുപോലെ ഇളക്കി എല്ലാം യോജിപ്പിച്ചതിനുശേഷം മൂന്ന് ഫോയിൽ പേപ്പർ വച്ച് എയർ ടൈറ്റായിട്ട് കവർ ചെയ്യണം. എന്നിട്ട് ഫോയിൽ പേപ്പറിന് നിറയെ തുളകളിട്ട് നൽകുക. ഇതിന് മുകളിലേക്ക് ചിക്കൻ വച്ച് വീണ്ടും മൂന്ന് ഫോയിൽ പേപ്പർ വച്ച് കവർ ചെയ്ത് മുപ്പത് മിനിറ്റ് മീഡിയം ഫ്ലേമിലും 15 മിനിറ്റ് ലോ ഫ്ലേമിലും വേവിച്ചെടുക്കണം.
ഇനി ചിക്കനെടുത്ത് റൈസിനൊപ്പം വച്ച് സ്മോക്ക് ചെയ്തെടുക്കാം. ഒരു ചെറിയ പാത്രത്തിൽ ഒരു കഷ്ണം കനലെടുത്ത് അതിൽ ഒരൽപ്പം നെയ്യ് ഒഴിച്ച് ഈ റൈസിന്റെയും ചിക്കന്റേയും കൂടെ പാത്രത്തിനകത്തു തന്നെ വയ്ക്കുക. ഒരു പത്ത് മിനിറ്റിനു ശേഷം ചിക്കനെടുത്ത് മാറ്റി റൈസ് നന്നായി മിക്സ് ചെയ്ത് വിളമ്പാം.
English Summary: Yemeni Style Smokey Chicken Mandi Recipe