ADVERTISEMENT

എല്ലാ പ്രതിബന്ധങ്ങളെയും തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട്, ജീവിതത്തോടു പൊരുതി മുന്നേറിയ പാചകക്കാരൻ. കുറവുകൾക്കു മുന്നിൽ കീഴടങ്ങരുത് എന്ന് ലോകത്തെ പഠിപ്പിച്ച വിപിൻ എന്ന 25കാരൻ ഇന്ന് അറിയപ്പെടുന്ന ഷെഫാണ്. വിപിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കൈപിടിച്ചുയർത്തിയത് ലോകമറിയുന്ന ഷെഫ് സുരേഷ് പിള്ളയും. വെല്ലുവിളികളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടണമെന്ന് തെളിയിച്ച  ഇൗ ചെറുപ്പക്കാരൻ എല്ലാവർക്കും പ്രചോദനമാണ്. എന്തും സ്വന്തമാക്കാനും ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും മനക്കരുത്ത് കൊണ്ട് സാധിക്കും.

chef-Suresh-Pillai5
Image Credit: Facebook page

ജന്മനാ ബധിരനും മൂകനുമായ വിപിൻ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയാണ്. പാചകത്തോടുള്ള താൽപര്യം തന്നെയാണ് ഇൗ മേഖലയിൽ എത്തിച്ചതും. എല്ലാ വിജയത്തിനു പിന്നിലും ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. ഷെഫ് സുരേഷ് പിള്ളയുടെ റസ്റ്ററന്റിലെ ഷെഫ് ആകണം എന്നുള്ളതായിരുന്നു വിപിന്റെ മോഹം. ആ ആഗ്രസാഫല്യത്തിലാണിപ്പോൾ വിപിൻ. സംസാരിക്കാനും കേൾക്കാനും പറ്റാത്ത ആൾ എങ്ങനെ ഇൗ തിരക്കുള്ള റസ്റ്ററന്റിൽ ജോലി ചെയ്യും? ആ ആശങ്കകളെ മാറ്റി മറിച്ച ക‌ഥ സുരേഷ് പിള്ള മനോരമ ‌ഓൺലൈനിൽ പങ്കുവയ്ക്കുന്നു. 

 

ജീവിതം മാറ്റിമറിച്ച ആ കഥ

chef-Suresh-Pillai3
ഷെഫ് സുരേഷ് പിള്ള

 

വളരെക്കാലമായി കൊല്ലത്തെ ഒരു മെസ്സിലെ പാചകക്കാരനായി ജോലി ചെയ്തിരുന്നാളാണ് വിപിൻ. തന്റെ നാട്ടില്‍ ഇത്രയും കഴിവുള്ള പാചകക്കാരൻ ഉണ്ടായിരുന്നോയെന്ന് അറിയാന്‍ വൈകിപോയെന്ന് ഷെഫ് പിള്ള പറയുന്നു. വിപിന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ റസ്റ്ററന്റിലെ പാചകക്കാരൻ ആകണമെന്നുള്ളതായിരുന്നു. ഒരിക്കൽ ഒരു സുഹൃത്താണ് വിപിന്റെ ബയോഡേറ്റ അയച്ചു തന്നത്. അന്ന് ഞാൻ ബെംഗളൂരുവിലായിരുന്നു.

 

ബയോഡേറ്റയടക്കമുള്ള കാര്യങ്ങൾ കൊച്ചിയിലെ റെസ്റ്ററന്റിലെ ഷെഫിനെ ഏൽപിച്ചു. എന്നാൽ സംസാരിക്കാനും കേൾക്കാനും പറ്റാത്ത ആൾക്ക് റെസ്റ്ററിന്റിലെ തിരക്ക് എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതായിരുന്നു ഞങ്ങളുടെ സംശയം. ഞങ്ങൾ അറിയിച്ച പ്രകാരം ഇന്റര്‍വ്യൂവിനു വിപിൻ എത്തി. അവിയലും മീൻകറിയും തയാറാക്കാനുള്ള ടാസ്ക് ആണ് നൽകിയത്. ‍ഞൊടിയിടയിൽ വിപിൻ തന്റെ കഴിവ് തെളിയിച്ചു. അത് കണ്ട് അക്ഷരാര്‍ഥത്തിൽ എല്ലാവരും ഞെട്ടി. ജീവിതത്തിലെ പോരായ്മയെ ഇച്ഛാശക്തി കൊണ്ട് വിപിന്‍ മറികടന്നുവെന്നു വേണം പറയാൻ. 

 

ആഗ്രഹങ്ങൾ ലക്ഷ്യത്തിലേക്ക്

 

ബയോഡേറ്റ സ്വീകരിച്ചപ്പോൾ ശരിക്കും ആശങ്കയുണ്ടായിരുന്നുവെന്ന് െഷഫ് പിള്ള പറയുന്നു. മെസ്സിലെ പാചകത്തിൽ ദിവസേനെയുള്ള കറികള്‍ ഏകദേശം അറിയാം. പക്ഷേ ഫൈവ് സ്റ്റാ‍ർ ഹോട്ടലിലെ കാര്യം നേരെ വിപരീതമാണ്. അപ്പപ്പോൾ തയാറാക്കുന്ന വിഭവങ്ങളാണ്. തിരക്കുള്ള പഞ്ചനക്ഷത്ര റെസ്റ്ററന്റിൽ എല്ലാ പാചകക്കാരും ഉറക്കെ സംസാരിച്ചും കേട്ടുമാണ് പാചകം നടത്തുന്നത്. എല്ലാം തകൃതിയിൽ വേണം.

 

അതിനിടയിൽ വിപിന് പറ്റുമോ? എങ്ങനെയാവും എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ ഇന്റർവ്യൂവിനു ശേഷം കൊച്ചിയിൽ നിന്നുള്ള വാർത്ത എന്നെയും അദ്ഭുതപ്പെടുത്തി. വിപിന്റെ പാചകം എല്ലാവർക്കും ഇഷ്ടമായി. വാക്കുകളിലൂടെ എനിക്കും. പിറ്റേന്ന് തന്നെ വിപിനോട് കൊച്ചിയിലെ റസ്റ്ററന്റിൽ ജോയിൻ ചെയ്യാനും പറഞ്ഞു. വന്നതിനേക്കാൾ തികഞ്ഞ സന്തോഷവാനായാണ് വിപിൻ മടങ്ങിയത്. മനസ്സിലെ സന്തോഷം ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നുവെന്നും കൊച്ചിയിലെ ഷെഫ്. 

 

പിന്നീടുള്ള ദിവസങ്ങളും വിസ്മയങ്ങളുടേതായിരുന്നു. റസ്റ്ററന്റിലെ ഒാർഡറുകൾക്ക് അനുസരിച്ച് എല്ലാ പെർഫക്ടായി വിപിൻ തയാറാക്കും. പാലപ്പമടക്കം മിക്ക വിഭവങ്ങളും വളരെ ഈസിയായി റെഡിയാക്കും. അവിടെയുള്ളവരുടെ സംസാരവും രീതികളും ആംഗ്യത്തിലൂടെ വിപിനും മനസ്സിലാക്കി. സ്വന്തം കഴിവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കേൾവിയും സംസാരവും വേണ്ടെന്ന് വിപിൻ തെളിയിച്ചു. ഈ അടുത്ത ദിവസം സുരേഷ് പിള്ള കൊച്ചിയിലെ റസ്റ്ററന്റിൽ എത്തിയപ്പോൾ വിപിനെ കാണുകയും പാചക രീതികൾ കണ്ടു മനസ്സിലാക്കുകയും ചെയ്തു.

 

െഷഫ് പിള്ളയുടെ വാക്കുകളിലൂടെ....

 

ഇന്ന് വിപിൻ മുപ്പതോളം പാചകക്കാരുടെയൊപ്പം ചിരിച്ചും സന്തോഷിച്ചും ജോലി ചെയ്യുന്നുണ്ട്. നേരിൽ കണ്ടപ്പോൾ ഞാൻ അവനോട് ഒരു കാര്യം മാത്രം പറഞ്ഞു, "ഈ റസ്റ്ററന്റ് നിലനിൽക്കുന്നിടത്തോളം നിനക്ക് ഇവിടെ നിൽക്കാം". ഞാൻ പറഞ്ഞത് വിപിന് മനസ്സിലായോ ഇല്ലയോ എന്നറിയില്ല, അവൻ എന്റെ കൈകൾ മുറുകെ പിടിച്ച് എന്നെ നോക്കി. അവന്റെ കണ്ണുകളിൽ നിന്നും എല്ലാം വായിച്ചെടുക്കാമായിരുന്നു. വിപിന്‍ ഇവിടെ നിൽക്കുന്നകാലത്തോളം ഞങ്ങൾ എല്ലാവരും നിന്റെ ശബ്ദമായും വാക്കുകളായും നിനക്കൊപ്പമുണ്ടാകും. ഭക്ഷണത്തിന് ഭാഷയില്ല. നിങ്ങൾക്കു കണ്ണുകളും ചെവികളും ആവശ്യമില്ല. വേണ്ടത് ആളുകൾക്കു സ്നേഹം നൽകാനുള്ള ഹൃദയം മാത്രം.

 

പോരായ്മകളെ കുറവുകളായി കാണാതെ കഠിനാധ്വാനത്തിലൂടെ വിപിൻ തന്റെ ആഗ്രഹം സഫലമാക്കി. മനസ്സിലുറപ്പിച്ച ലക്ഷ്യത്തിലേക്കു കുതിച്ചുയർന്ന്, ജീവിതത്തോടു പൊരുതി മുന്നേറുകയാണിപ്പോൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇതുപോലെ കഴിവുള്ള നിരവധിയാളുകൾ നമുക്കു ചുറ്റുമുണ്ട്. അവരെ അറിയാതെ പോകരുത്. കഴിവുള്ളവരെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്താൻ എനിക്കു മാത്രമല്ല നിങ്ങൾക്കും സാധിക്കണം. ആരെയും മാറ്റി നിർത്താതെ അവരുടെ കഴിവുകൾ മനസ്സിലാക്കി അർഹതപ്പെട്ട സ്ഥാനം കൊടുക്കണം. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അതുമാത്രമാണ്. മനുഷ്യനോടുള്ള അനുകമ്പയും ദയയും മാത്രമല്ല, അര്‍ഹതയുള്ളവർക്കു ജീവിതത്തിൽ ജയിച്ചു മുന്നേറാനുള്ള അവസരവും നാം നൽകണം.

English Summary: The deaf mute cook who shocked everyone in Chef Suresh Pillai’s kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com