ഇൗ സൂപ്പർതാരം ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിലേക്ക്
Mail This Article
മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് നെയ്യിന്റെ രുചിയും പഞ്ചസാരയുടെ മധുരവും ചേരുന്ന മൈസൂർ പാക്ക്. തെക്കേ ഇന്ത്യയുടെ സ്വന്തമായ ഈ മധുരക്കൂട്ടിനു ഇപ്പോൾ കുറച്ചു ഗമ കൂടിയിട്ടുണ്ട്. കാര്യമെന്തെന്നല്ലേ? ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് സ്വീറ്റ്സിന്റെ പട്ടികയിൽ മൈസൂർ പാക്ക് എന്ന ഈ കേമനും ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 50 മധുര പലഹാരങ്ങൾ തിരഞ്ഞെടുത്തപ്പോൾ ആ പട്ടികയിൽ മൈസൂർ പാക്കിന് പതിനാലാം സ്ഥാനമുണ്ട്. ഒരു നാടിന്റെ പേരിൽ അറിയപ്പെടുന്ന ഈ വിഭവത്തിനു ഈ പേര് വന്നതിനു പിന്നിൽ ഒരു കഥ തന്നെയുണ്ട്.
1935 കളിലാണ് ഈ വിഭവം ആദ്യമായി ഉണ്ടാക്കിയതെന്നു പറയപ്പെടുന്നു. ഒരു ദിവസം മൈസൂർ രാജാവായിരുന്നു കൃഷ്ണ രാജ വോഡയാർ ഉച്ചഭക്ഷണം കഴിക്കാനായി എത്തി. അന്ന് മൈസൂർ കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായ മാടപ്പ രാജകീയമായി തന്നെ ഭക്ഷണം തയാറാക്കിയെങ്കിലും വലിയ താലിയിലെ ഒരു ഭാഗം ഒഴിഞ്ഞിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ എന്തെങ്കിലും തയാറാക്കി വെയ്ക്കണമല്ലോ എന്ന ചിന്തയിൽ ഒരു പരീക്ഷണമായി കടല മാവും നെയ്യും പഞ്ചസാരയും ഒരുമിച്ചു ചേർത്ത് ഒരു മിശ്രിതം തയാറാക്കി. രാജാവ് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും തണുത്ത ആ മധുര മിശ്രിതം ഒരു കേക്കിന്റെ രൂപത്തിലേക്ക് എത്തിയിരുന്നു. മടിച്ചു മടിച്ചാണെങ്കിലും രാജാവിന് മാടപ്പ അത് വിളമ്പി നൽകി. അത്ഭുതമെന്നു പറയട്ടെ, ആ രുചി ഇഷ്ടപ്പെട്ട കൃഷ്ണ രാജ വോഡയാർ അത് എന്ത് വിഭവമാണെന്നു ചോദിച്ചു. ആ സമയത്തു മനസിൽ വന്ന ഒരു പേര് മാടപ്പ പുതുവിഭവത്തിനു നൽകി. അത് ഇപ്രകാരമായിരുന്നു ''മൈസൂർ പാക്ക''. പാക്ക എന്നാൽ കന്നടയിൽ മധുരമുള്ള മിശ്രിതം എന്നാണ്. പാക്ക പിന്നീട് ലോപിച്ച് പാക്ക് ആയെങ്കിലും ആ വിഭവം വൻവിജയമായി മാറിയെന്നു മാത്രമല്ല, ഏത് വിശേഷാവസരത്തിനും മധുരം വിളമ്പുമ്പോൾ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറുകയും ചെയ്തു. ഇന്നിപ്പോൾ തെക്കേ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ തന്നെ മധുരപലഹാരങ്ങളുടെ കൂട്ടത്തിൽ പതിനാലാം സ്ഥാനത്തു എത്തി നിൽക്കുന്നു നാവിൽ വച്ചാൽ അലിഞ്ഞു ചേരുന്ന ആ മധുരക്കൂട്ട്.
ഇത്രയും ചരിത്രം പറഞ്ഞു, രാജാവിന്റെ താലിയിൽ സ്ഥിര സ്ഥാനം കരസ്ഥമാക്കിയ മൈസൂർ പാക്ക് എങ്ങനെയാണു ഉണ്ടാക്കുന്നതെന്നറിയേണ്ടേ? വെറും മൂന്നു സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഇത് തയാറാക്കാം. ഒരു കപ്പ് പഞ്ചസാര, അത്രയും തന്നെ വെള്ളം, ഒരു കപ്പ് കടലമാവ്, രണ്ടു കപ്പ് നെയ്യ് ഇത്രയുമാണ് ആവശ്യമായവ. ആദ്യത്തെ പടി, കടലമാവ് അരിച്ചു മാറ്റിവെയ്ക്കുക എന്നതാണ്. ഒരു കപ്പ് പഞ്ചസാരയിലേയ്ക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ല ചൂടിൽ പഞ്ചസാരയെ അലിയിപ്പിക്കുക. ആ മിശ്രിതം മൂന്നിലൊന്നാകുമ്പോൾ ഒരു ടേബിൾ സ്പൂൺ കടലമാവ് അതിലേയ്ക്ക് ഇട്ടുകൊടുക്കുക. അത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം കുറച്ചു കുറച്ചായി കടല പൊടി പഞ്ചസാര ലായനിയിലേയ്ക്ക് ഇടാം. നെയ്യും ഇത് പോലെ തന്നെ ഓരോ ടേബിൾ സ്പൂൺ ആയി തീരുന്നതു വരെ നിശ്ചിത ഇടവേളകളിൽ ഒഴിച്ച് കൊടുക്കാം. നിറവും ഘടനയും മാറി വരുന്നത് കാണുവാൻ സാധിക്കും. അതിനുശേഷം ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ഒരേ പോലെ പരത്തി കൊടുക്കാം. മുകളിൽ ബാക്കിയാകുന്ന നെയ്യ് മാറ്റാതെ അത് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കുമാക്കുക. തണുത്തു കഴിയുമ്പോൾ മുറിച്ചെടുത്തു കഴിക്കാം.
English Summary: Mysore Pak Among Best Street Food Sweets In The World