കറിയിൽ പുളി കൂടിയോ? ടെൻഷൻ വേണ്ട; ഇനി ഇത് പരീക്ഷിക്കൂ
Mail This Article
ഉപ്പും എരിവും മധുരവും പുളിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന കറികളാണ് നമ്മൾ പൊതുവെ ഉപയോഗിക്കാറ്. എന്നാൽ അധികമായാൽ അമൃതും വിഷമെന്നത് പോലെ മസാലകളിൽ ഏതെങ്കിലുമൊന്ന് കൂടിപ്പോയാൽ ചിലപ്പോൾ കറിയുടെ യഥാർത്ഥ രുചി തന്നെ മാറിപ്പോകും. എരിവോ ഉപ്പോ പുളിയോ കൂടിയ കറി കഴിക്കാൻ തന്നെ പ്രയാസമാണ്. എന്നാൽ ഇനി കറികളിൽ പുളി കൂടി പോയാൽ ടെൻഷൻ അടിക്കുകയേ വേണ്ട. ചെറിയ ചില വിദ്യകളിലൂടെ കറികൾ രുചികരമാക്കിയെടുക്കാം.
വെള്ളം ചേർക്കാം
ഏറ്റവും എളുപ്പത്തിൽ കറികളിലെ പുളി കുറയ്ക്കാനുള്ള വഴിയെന്നത് കുറച്ചു വെള്ളം ചേർക്കുക എന്നത് തന്നെയാണ്. വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി കറികളിലെ പുളി കുറഞ്ഞു കിട്ടും. എന്നാൽ വെള്ളം ചേർക്കുന്നതിലൂടെ കറിയുടെ മറ്റു ഫ്‌ളേവറുകൾക്ക് എന്തേലും കുറവ് വരുന്നുണ്ടോ എന്നതുകൂടി ശ്രദ്ധിക്കണം. ഉദാഹരണത്തിന് പുളിശ്ശേരിയാണ് തയാറാക്കുന്നതെങ്കിൽ തൈരിനു പുളി കൂടുതലെങ്കിൽ കുറച്ചു വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കാവുന്നതാണ്.
മധുരം: പുളിയേ...അല്പമൊന്നു കുറയ്ക്കുമോ?
പഞ്ചസാര, തേൻ, ശർക്കര എന്നിവയിലേതെങ്കിലുമൊന്ന് തയാറാക്കി വച്ചിരിക്കുന്ന കറിയുമായി ചേർന്ന് പോകുമോ എന്ന് നോക്കിയിട്ടു ചേർക്കാവുന്നതാണ്. മുന്നിട്ടു നിൽക്കുന്ന പുളിയുടെ രുചിയെ കുറയ്ക്കാൻ മധുരത്തിന് കഴിയും. മാത്രമല്ല, ചില കറികളിൽ മധുരം ചേരുമ്പോൾ രുചിയും വർധിക്കും.
ബേക്കിങ് സോഡ ഏറെ ഗുണകരം
പുളി കൂടി നിൽക്കുന്ന ഏതു കറിയിലും മടിക്കാതെ ചേർക്കാം ബേക്കിങ് സോഡ. ബേക്കിങ് സോഡയുടെ ആൽക്കലെയ്ൻ പ്രകൃതം കറിയുടെ അസിഡിക് രുചിയെ കുറയ്ക്കാൻ സഹായിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടുതൽ ബേക്കിങ് സോഡ ഒരു കറിയിലും ചേർക്കരുത് എന്നുള്ളതാണ്. കാരണം കൂടുതലായാൽ ബേക്കിങ് സോഡയുടെ രുചിയായിരിക്കും കറിയിൽ മുന്നിട്ടു നിൽക്കുക. അത് യഥാർത്ഥ രുചിയെ സാരമായി തന്നെ ബാധിക്കും.
ക്രീം ചേർക്കാം രുചിയും വർധിക്കും
പുളി മുന്നിട്ടു നിൽക്കുന്ന കറികളിൽ അരുചി മാറാൻ ഫ്രഷ് ക്രീം ചേർക്കാം. കറിയുടെ രുചി വർധിക്കുമെന്ന് മാത്രമല്ല, ക്രീമി ഘടന കൈവരുകയും ചെയ്യും. ക്രീമിന് പകരം പാലും ചേർക്കാവുന്നതാണ്. എന്നാൽ ഒരു കാര്യം, എല്ലാ കറികളിലും ഇവ ചേർന്നുപോകുകയില്ല. കറി അടുപ്പിൽ നിന്നും മാറ്റിയതിനു ശേഷം മാത്രം മേല്പറഞ്ഞവ ചേർക്കാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
പച്ചക്കറികൾ അരിഞ്ഞു ചേർക്കാം
മേൽപറഞ്ഞവ ഒന്നുംതന്നെ ചെയ്തിട്ടും കറിയിലെ പുളിയ്ക്ക് കുറവൊന്നും വരുന്നില്ലെങ്കിൽ ഉരുളക്കിഴങ്ങോ കാരറ്റോ കഷ്ണങ്ങളാക്കി അരിഞ്ഞു കറിക്കൊപ്പം ചേർക്കാം.അധികമായി നിൽക്കുന്ന പുളിയെ വലിച്ചെടുക്കാൻ ഈ പച്ചക്കറികൾ സഹായിക്കും. സാമ്പാർ പോലുള്ള കറികളിൽ പുളി കൂടുതലെങ്കിൽ ഈ രീതിയും പരീക്ഷിക്കാവുന്നതാണ്.
English Summary: Is Your Dish Too Sour? 5 Tips To Adjust The Tangy Flavour