പാചകത്തിലേക്ക് ആദ്യമാണോ? എങ്കിൽ കത്തി ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
Mail This Article
അടുക്കളയിൽ കറിക്കത്തികൾക്കുള്ള സ്ഥാനം പറയേണ്ട കാര്യമില്ലല്ലോ. പല തരം പച്ചക്കറികൾ പല വലുപ്പത്തിലാണ് നമ്മൾ അരിഞ്ഞെടുക്കാറ്. കറിയുടെ രുചിയിൽ വരെ നിർണായക സ്വാധീനം ചെലുത്താൻ ചെറുതായും വലുതായുമൊക്കെ അരിഞ്ഞ കഷ്ണങ്ങൾക്കു കഴിയും. പച്ചക്കറികൾ അല്ലെങ്കിൽ മൽസ്യ മാംസാദികൾ അരിഞ്ഞതിനു ശേഷം കത്തികൾ നല്ലതുപോലെ വൃത്തിയാക്കാൻ കൂടി ശ്രദ്ധിക്കണം. വൃത്തിയ്ക്കാത്ത പക്ഷം, അതിലുണ്ടാകുന്ന ബാക്റ്റീരിയ അടുത്ത തവണ പച്ചക്കറിക്കറികൾ അരിയുമ്പോൾ അതിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു ഡിഷ്‌വാഷറോ ചെറുനാരങ്ങാ നീരോ ഉപയോഗിച്ച് കത്തികൾ വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അടുക്കളയിൽ പല വലുപ്പത്തിലും നീളത്തിലുമൊക്കെ കഷ്ണങ്ങൾ അരിഞ്ഞെടുക്കണമെങ്കിൽ നല്ല മൂർച്ചയുള്ള കത്തികൾ കൂടിയേ തീരൂ. പ്രത്യേകിച്ച് മത്സ്യമാംസാദികൾ, അവ വലിയ ആയാസം കൂടാതെ അരിഞ്ഞെടുക്കണമെങ്കിൽ മൂർച്ചയുള്ള കത്തികളെ തന്നെ ആശ്രയിക്കേണ്ടി വരും. എന്നാൽ കത്തികൾ ഉപയോഗിക്കുമ്പോൾ പലർക്കും ആശങ്കയുണ്ടാകും. കൈ മുറിയുമോ എന്ന്. അങ്ങനെ മുറിയാതിരിക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
തരമറിഞ്ഞു കത്തികൾ ഉപയോഗിക്കാം
ആവശ്യങ്ങൾ അറിഞ്ഞു അനുയോജ്യമായ കത്തികൾ തെരഞ്ഞെടുക്കണം. ഉദാഹരണമായി, മാംസം മുറിച്ചു ചെറുകഷ്ണങ്ങളാക്കാൻ എടുക്കുന്ന കത്തിയല്ല ബ്രെഡ് മുറിക്കാൻ ഉപയോഗിക്കുന്നത്. അങ്ങനെ ഓരോന്നിനും പ്രത്യേകം കത്തികളുണ്ട്. ഇവ ഉപയോഗിക്കുന്നത് കറിയ്ക്ക് അരിയുക എന്നത് സുഗമമാക്കും. എന്നാൽ വീടുകളിൽ ഇവയെല്ലാം വേണമെന്ന് നിർബന്ധമില്ല. അതുകൊണ്ടു, ഗുണനിലവാരം കൂടിയ, എല്ലാത്തിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള,മൂർച്ചയുള്ള കത്തി വാങ്ങാൻ ശ്രദ്ധിക്കണം.
വിരലുകൾ ചുരുട്ടി പിടിക്കാം
പച്ചക്കറികൾ ചെറുതായി അരിയുമ്പോൾ വിരലുകളിൽ കത്തി കൊണ്ട് മുറിവുകൾ ഉണ്ടാകാതെ ഇരിക്കാൻ അരിയുന്നതെന്തോ അതിൽ മുറുകെ പിടിക്കാം. അതിനൊപ്പം തന്നെ വിരലുകൾ കത്തിയുടെ വായ്‌ഭാഗത്തേയ്ക്കു എത്താത്ത രീതിയിൽ ചുരുട്ടി പിടിക്കുക കൂടി ചെയ്യാം.
ഗ്ലൗസുകൾ സുരക്ഷിതം
പച്ചക്കറികളോ മൽസ്യ മാംസാദികളോ അരിയുമ്പോൾ ഗ്ലൗസുകൾ ധരിക്കുന്നത് മുറിവുകൾ ഉണ്ടാകുമെന്ന ആശങ്കയെ അകറ്റാൻ സഹായിക്കും. മാത്രമല്ല, സവാള, വെളുത്തുള്ളി പോലുള്ളവയുടെ രൂക്ഷഗന്ധത്തിൽ നിന്നും രക്ഷപ്പെടാനും ഗ്ലൗസുകൾ ഗുണപ്രദമാണ്.
താഴെ വീഴുന്ന കത്തിയിൽ ചാടി പിടിക്കരുത്
പച്ചക്കറികൾ അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ കയ്യിൽ നിന്നും പിടി വിട്ടു കത്തികൾ താഴേയ്ക്ക് പതിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ സ്വാഭാവികമായും എല്ലാവരും കത്തി നിലത്തു വീഴാതെ പിടിക്കാൻ നോക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അപകടമാണ്. എന്ത് തന്നെ സംഭവിച്ചാലും നിലത്തു വീഴുന്ന കത്തിയിൽ ചാടി പിടിക്കാൻ നോക്കരുത്. മൂർച്ചയുള്ള ഭാഗത്താണ് പിടിക്കുന്നതെങ്കിൽ വലിയ അപകടം സംഭവിക്കാനുള്ള സാധ്യതകളുണ്ട്.
ഉപയോഗം കഴിഞ്ഞ ശേഷം സിങ്കിലേക്ക് എറിയരുത്
കറിയ്ക്കു അരിഞ്ഞതിനു ശേഷം പാത്രങ്ങൾ കഴുകുന്നതിനൊപ്പം വൃത്തിയാക്കിയെടുക്കാം എന്ന ഉദ്ദേശത്തോടെ കത്തി സിങ്കിൽ ഉപേക്ഷിക്കുന്നവരുണ്ടെങ്കിലൊന്നു ശ്രദ്ധിക്കുക. അപകടം സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. പാത്രങ്ങൾ കഴുകുമ്പോൾ കത്തിയുണ്ടെന്ന കാര്യം ഓർക്കാതെയിരുന്നാൽ കൈ മുറിയുക തന്നെ ചെയ്യും. അതുകൊണ്ടു അത്തരം കാര്യങ്ങൾ ഒഴിവാക്കുക തന്നെ വേണം.
English Summary: Safe Kitchen Practice: How To Handle Kitchen Knives Like A Pro