ADVERTISEMENT

നോബിയെ അറിയാത്ത മലയാളികളില്ല, കോമഡിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആളാണ് നോബി മാർ‌ക്കോസ്. കാഴ്ചയിൽ തന്നെ എല്ലാവര്‍ക്കും പ്രിയങ്കരനാണ്. നല്ലൊന്നാന്തരം ഫൂഡിയാണ് താരം. തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കും. 

ചോറും ചമ്മന്തിയും ഒരു കഷ്ണം ഉണക്കമീനും ഉണ്ടെങ്കിൽ തനിക്ക് വേറെ ഒന്നും വേണ്ടെന്ന് നോബി. പിന്നെ ഒരു കാര്യമുള്ളത് താൻ സ്പെഷലായി ഉണ്ടാക്കുന്ന ഒരു സിംപിൾ ഐറ്റമുണ്ട്, അതുണ്ടെങ്കിലേ എന്തും കഴിക്കുകയുള്ളു. എല്ലാവരേയും കുടുകുടാ ചിരിപ്പിക്കുന്ന നോബിച്ചേട്ടന്റെ ഭക്ഷണത്തോടുള്ള ഇഷ്ടവും തമാശകൾ പോലെതന്നെയാണ്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ചോറും ചമ്മന്തിയുമാണ് ഇഷ്ടം.

noby
Image Credit: Noby Marcose/Instagram

ഷോയ്ക്കും മറ്റുമായി പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ ചെല്ലുമ്പോൾ അവിടുത്തെ ഫുഡുകളൊക്കെ ട്രൈ ചെയ്യാറുണ്ട്, ഒരിക്കൽ ഇന്തൊനീഷ്യയിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ കഴിഞ്ഞ് ഞങ്ങളെല്ലാം പുറത്തു കറങ്ങാനിറങ്ങി. സാധാരണ നമ്മൾ പുറത്തുപോയാൽ ആദ്യം ചെയ്യുന്നത് എന്തെങ്കിലും കഴിക്കുകയല്ലേ, എന്റെ രീതി അങ്ങനെയാണ്. അങ്ങനെ ഫുഡ് കഴിക്കാൻ തീരുമാനിച്ചു. അവിടെയെങ്ങനെയാണെന്ന് വച്ചാൽ വഴിയരികിലെല്ലാം പലവിധം വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്ന ഷോപ്പുകളാണ്. എല്ലാം കാണാൻ നല്ല രസമാണ്. തിരിഞ്ഞ് കടിക്കാത്ത എന്തും ടേസ്റ്റ് ചെയ്യും. 

 

അറേബ്യൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടം

noby3
Image Credit: Noby Marcose

 

നാടൻ വിഭവങ്ങൾ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അറേബ്യൻ ഫൂഡാണ്. നല്ലതുപോലെ എരിവു കഴിക്കുന്ന ആളാണ്. അറബിക് ഫൂഡ് അത്ര സ്പൈസിയല്ല. എങ്കിലും അവരുടെ ഫ്രൈ ഐറ്റംസ് എല്ലാം നല്ല രുചിയേറിയതാണ്. ദുബായിലും മറ്റുമെല്ലാം ചെല്ലുമ്പോൾ ഞാൻ കൂടുതലും അന്നാട്ടിലെ വിഭവങ്ങളാണ് കഴിക്കുന്നത്. 

 

noby2
Image Credit: Noby Marcose/Instagram

നമ്മൾ അവിടെചെല്ലുമ്പോൾ തന്നെ സുഹൃത്തുക്കൾ നല്ല ഹോട്ടലുകളിൽ കൊണ്ടുപോകും. അതിപ്പോൾ എവിടെചെന്നാലും അങ്ങനെ തന്നെയാണ്. ഒരിക്കൽ ആഫ്രിക്കയിൽ പോയപ്പോൾ നല്ല നോർത്ത് ഇന്ത്യൻ ഫൂഡുകൾ കഴിക്കാൻ സാധിച്ചു. അവിടെ കുറേ നോർത്ത് ഇന്ത്യൻ സ്റ്റൈൽ റസ്റ്റോറന്റുകളുണ്ട്. പിന്നെ ഒരു കാര്യമുള്ളത് നമ്മൾ മലയാളികൾ ഇല്ലാത്ത നാടില്ല എന്നു തന്നെ പറയാം. എവിടെ ചെന്നാലും ചോറും കറിയുമെല്ലാം കിട്ടും. അതൊരു ആശ്വാസം തന്നെയാണ്.

 

നോബിയുടെ സ്പെഷൽ മുളകിടിച്ചത് 

എനിക്ക് വീട്ടിലുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും ഇഷ്ടമാണ്. ചോറിന്റെ കൂടെ വേറെ ഒന്നും ഇല്ലെങ്കിലും നല്ല എരിവുള്ള ഉണ്ട മുളകിടിച്ചത് ഉണ്ടെങ്കിൽ കുശാലായി കഴിക്കാം. എന്തുണ്ടെങ്കിലും എനിക്ക് ഈ മുളക് ചതച്ചത് നിർബന്ധമാണ്. മാത്രമല്ല ഏതിന്റെ കൂടെയും ഈ മുളകിടിച്ചത് ചേർത്ത് നമുക്ക് കഴിക്കാം. വളരെ സിംപിളായ എളുപ്പത്തിൽ ഒരു മിനിറ്റുകൊണ്ട് തയാറാക്കാവുന്ന ഒരടിപൊളി മുളക് ചമ്മന്തിയാണിത്. 

 

വീട്ടിലെപ്പോഴുമുണ്ടാകും ചുവപ്പും പച്ചയുമായ ഉണ്ടമുളക്. കഴിക്കുന്നതിനുമുമ്പ് ഞാൻ തന്നെ അത് ഉണ്ടാക്കുകയാണ് പതിവ്. ഒത്തിരി ചേരുവകളൊന്നുമില്ല. മുളകും ചെറിയ ഉള്ളിയും ഒരു കഷ്ണം വാളംപുളിയും ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കും അതിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേർത്താൽ നമ്മുടെ മുളക് ചതച്ചത് റെഡി. എത്ര തരം കറിയുണ്ടെന്നുപറഞ്ഞാലും ഞാൻ ഈ മുളക് ചതച്ചും കൂടി കൂട്ടിയേ ചോറുണ്ണൂ. 

English Summary: Noby Marcose about favorite foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com