അരകിലോഗ്രാം ഭാരമുള്ള ഭീമൻ ബ്രെഡ് പക്കോഡ! ഇതെങ്ങനെ ഉണ്ടാക്കി
Mail This Article
ബാഹുബലി താലി, മീറ്ററുകൾ നീളമുള്ള ദോശ അങ്ങനെ നിരവധി ഭീമൻ ഭക്ഷണങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു, ആ നിരയിൽ സ്ഥാനം തേടിയെത്തിയിരിക്കുന്ന പുതുവിഭവമാണ് അരകിലോഗ്രാം ഭാരമുള്ള ബ്രെഡ് പക്കോഡ. ചായയ്‌ക്കൊപ്പം ഇതൊരെണ്ണം കൂടി കഴിച്ചാൽ പിന്നെ കുറെ സമയത്തിന് വിശപ്പിന്റെ വിളി അറിയില്ലെന്ന് ചുരുക്കം. വളരെ കുറച്ചു വിഭവങ്ങൾ കൊണ്ട് തയാറാക്കുന്ന ഈ വിഭവം ചെറുതട്ടുകടകളിലെ പ്രധാനിയാണ്. ഒരു തെരുവ് കച്ചവടക്കാരനാണ് ഭീമൻ ബ്രെഡ് പക്കോഡ ഉണ്ടാക്കി സോഷ്യൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ദിൽസേ ഫുഡി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതുവിഭവത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്നെല്ലാം വ്യക്തമായി വിഡിയോയിൽ കാണാവുന്നതാണ്.
വിഡിയോ ആരംഭിക്കുമ്പോൾ കച്ചവടക്കാരൻ ബ്രെഡ് പക്കോഡയിലെ പ്രധാനകൂട്ടായ ഉരുളകിഴങ്ങ് ചേർത്ത മസാല ബ്രെഡിനു മുകളിലായി വെയ്ക്കുന്നത് കാണാം. അതിനു മുകളിലായി ഒരു കഷ്ണം പനീർ കൂടി വെച്ചതിനു ശേഷം ഒരു ബ്രെഡ് സ്ലൈസിൽ കൂടി മസാല പുരട്ടി നേരത്തെ തയാർക്കി വെച്ചിരിക്കുന്ന ബ്രെഡിന് മുകളിലായി വെച്ച് രണ്ടിന്റെയും വശങ്ങൾ തമ്മിൽ നല്ലതുപോലെ അമർത്തിവെയ്ക്കുന്നു. അതിനുശേഷം, തയാറാക്കി വെച്ചിരിക്കുന്ന കടലമാവിന്റെ കൂട്ടിലേക്ക് ഇത് മുക്കിയെടുത്തു, എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരുന്നു. തീർന്നില്ല, ഇനി ഈ പക്കോഡയെ രണ്ടു കഷ്ണങ്ങളായി മുറിച്ചാണ് കഴിക്കാനായി നൽകുന്നത്. ഒരു പീസ് ഏകദേശം 250 ഗ്രാം തൂക്കം വരും. 55 രൂപയാണ് ഈ ബ്രെഡ് പക്കോഡയ്ക്ക് ഈടാക്കുന്ന തുക. സംഗതി ഉണ്ടാക്കാൻ എളുപ്പമാണെന്നത് പോലെ കഴിക്കാനും ഏറെ രുചികരമാണെന്നാണ് വിഡിയോ പങ്കുവച്ചയാളുടെ സാക്ഷ്യം.
സമൂഹ മാധ്യമങ്ങളിൽ ഭീമൻ പക്കോഡ വൈറലാകാൻ അധികസമയം വേണ്ടി വന്നില്ല. നിരവധി പേർ വിഡിയോ കാണുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിഡിയോയ്ക്ക് ലഭിക്കുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. ഇത് കഴിച്ചതിനുശേഷമുണ്ടാകുന്ന വയറു വേദനയിൽ നിന്നും തലവേദനയിൽ നിന്നും ദൈവം രക്ഷിച്ചു എന്ന് ഒരാൾ എഴുതിയപ്പോൾ ഇതിൽ ബ്രെഡ് എവിടെയാണെന്നാണ് ഒരാളുടെ സംശയം. പനീർ വാങ്ങി ആരോഗ്യത്തിനു ഗുണകരമാകുന്ന രീതിയിൽ കഴിച്ചാൽ പോരെ? എന്തിനാണ് ഇങ്ങനെ കഴിക്കുന്നത് എന്നാണ് വേറൊരാൾ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
English Summary:Viral street vendor makes bread pakoda