ADVERTISEMENT

''ലുക്ക്സ്  ഡെലീഷ്യസ് ആൻഡ് മെലോഡിയസ്'' ഗായിക മഞ്ജരി പങ്കുവച്ച വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ് ആണിത്. ആ വാക്കുകൾ പറയുന്നത് പോലെ തന്നെ മനോഹരമായ ഗാനാലാപനവും അതിനൊപ്പം പാലക്കിന്റെയും പനീറിന്റെയും രുചി നിറയുന്ന കറിയും. രണ്ടും ഒന്നിനൊന്നു മെച്ചമാണെന്നു കണ്ടവരെല്ലാം തന്നെ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്ന ഒരു വിഡിയോയും അതിനൊപ്പം തന്നെ പാചകത്തിന് താളം നൽകി കൊണ്ട് ''ഏതോ ജന്മ കല്പനയിൽ...'' എന്ന് തുടങ്ങുന്ന പാളങ്ങൾ എന്ന ചിത്രത്തിലെ ഗാനവും പാടി കൊണ്ടാണ് മഞ്ജരി ഒരേസമയം രുചിപ്രേമികളുടെയും സംഗീതാസ്വാദകരുടെയും ഹൃദയം കവർന്നത്. 

 

പാലക് പനീർ ആണ് മഞ്ജരി ഉണ്ടാക്കുന്നത്. അതിനാവശ്യമായ ചേരുവകളെല്ലാം തന്നെ മേശപ്പുറത്തു കാണാവുന്നതാണ്. പനീറും, പാലക്കും സവാളയും, വെളുത്തുള്ളിയും, പച്ചമുളകുമെല്ലാം ആ കൂട്ടത്തിലുണ്ട്. കറിയ്ക്കു ആവശ്യമുള്ള പനീർ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്നതിനൊപ്പമാണ് പാട്ടും തുടങ്ങുന്നത്. എല്ലാ ചേരുവകളും തയാറാക്കി വെച്ചതിനുശേഷം അടുപ്പിൽ പാൻ വെച്ച് അതിലേയ്ക്ക് നെയ്യ് ചേർത്ത് സവാളയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയുമൊക്കെയിട്ട് നല്ലതു പോലെ വഴറ്റിയതിനു ശേഷം ആവശ്യത്തിന് മുളക് പൊടിയും ഉപ്പും മല്ലിപൊടിയും മഞ്ഞലോടിയും ഗരം മസാലയുമൊക്കെ ചേർത്ത് കൊടുക്കുന്നത് വിഡിയോയിൽ കാണാവുന്നതാണ്. വേവിച്ച പാലക്കും കൂടി ചേർത്ത് മിക്സിയുടെ ജാറിലേയ്ക് മാറ്റിയ ഈ മസാല നല്ലതുപോലെ അരച്ചെടുക്കുന്നു. ഇതിനിടയിൽ പനീർ ഒന്ന് ഫ്രൈ ചെയ്തതിനു ശേഷം, ഈ മിശ്രിതം കൂടി ഒഴിച്ച് നല്ലതു പോലെ തിളപ്പിച്ച് എടുക്കുന്നു. കറി തയാറാക്കുന്ന ഓരോ ഘട്ടത്തിലും കൂടെയുള്ള പാട്ടിൽ  എല്ലാവരും തന്നെ ലയിച്ചിരുന്നു പോകും. പാലക് പനീർ കറിയ്ക്ക് ഇത്രയും ഭാവവും താളവും നൽകിയതിന് സോഷ്യൽ ലോകവും മഞ്ജരിയ്ക്ക് കയ്യടിക്കുന്നുണ്ട്.

 

നിത്യഹരിത ഗാനം എന്ന് അർത്ഥമാകുന്ന വരികളാണ് കറി തയാറാക്കുന്ന വിഡിയോയ്ക്കു ക്യാപ്ഷൻ ആയി മഞ്ജരി നൽകിയിരിക്കുന്നത്. ഗാനത്തെ മാത്രമല്ല, പാലക്കിന്റെ പച്ച നിറത്തെയും സൂചിപ്പിച്ചുകൊണ്ടാണ് വാക്കുകൾ കുറിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് വിഡിയോയുടെ താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്. ഗാനം മാത്രമല്ല, പാലക് പനീർ കറിയും മനോഹരമായിരിക്കുന്നു എന്നാണ് കമെന്റുകളിലൂടെ പലരും സൂചിപ്പിച്ചിരിക്കുന്നത്. കറി നന്നായിരുന്നു എന്ന് ഒരു കമെന്റിനു മറുപടിയായി മഞ്ജരി തന്നെ എഴുതിയിട്ടുമുണ്ട്. എന്തായാലും കറിയും ഗാനവും സോഷ്യൽ ലോകം ഏറ്റെടുത്തു എന്നുതന്നെ പറയാം. 

English Summary: Singing while Cooking Shares video by Manjari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com