ഈ പറാത്ത കഴിച്ചാൽ വല്ലതും സംഭവിക്കും! ഇതെന്താ എൻജിൻ ഓയിൽ ഒഴിക്കുവാണോ?
Mail This Article
തട്ടുകടകളിൽ നിന്നുമുള്ള ഭക്ഷണം കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? എന്നാൽ അവിടെയുണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം ആരോഗ്യത്തിനു ഗുണകരമാണോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഉത്തരംമുട്ടി പോകും. എന്നാലും നമ്മൾ ഇതെല്ലാം വാങ്ങി കഴിക്കുക തന്നെ ചെയ്യും. തട്ടുകടകളിൽ നിന്നും ലഭിക്കുന്ന ദോശയ്ക്കും ഓംലെറ്റിനും പൊറോട്ടയ്ക്കുമൊക്കെ രുചി ഒരല്പം കൂടുതലാണെന്നതാണ് ഈ ആരാധനയുടെ പിന്നിലെ രഹസ്യം. എത്രയൊക്കെ രുചികരമെന്നു പറഞ്ഞാലും ഈ വിഡിയോ കണ്ടാൽ ചിലപ്പോൾ തട്ടുകടകളിലെ ഭക്ഷണം നാം പാടെ ഉപേക്ഷിച്ചെന്ന് വരും. സോഷ്യൽ ലോകത്തിന്റെ വിലയിരുത്തൽ അനുസരിച്ചു ആ കച്ചവടക്കാരൻ ഉണ്ടാക്കുന്ന പറാത്ത കഴിച്ചാൽ ഹൃദയാഘാതം ഉറപ്പാണ്.
ജി എസ് ഫുഡ് ട്രാവൽസ് എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് ഒരു തെരുവ് കച്ചവടക്കാരൻ പറാത്ത ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. തയാറാക്കി ചുട്ടുകൊണ്ടിരിക്കുന്ന പറാത്തയുടെ മുകളിലേക്ക് വലിയ ഒരു പാത്രത്തിൽ നിന്നും അധിക അളവിൽ എണ്ണ ആ കച്ചവടക്കാരൻ പകർന്നൊഴിക്കുന്നതു വിഡിയോയിൽ കാണുവാൻ കഴിയും. പറാത്തയുടെ മുകളിൽ കൂടുതലായിരിക്കുന്ന എണ്ണ പാനിലേക്ക് കവിഞ്ഞൊഴുകുന്നതും ബാക്കി വരുന്നത് തിരികെ വേറൊരു പാത്രത്തിലേക്ക് പകർത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും അപ്പോഴും ആ പറാത്തയിൽ ആവശ്യമുള്ളതിൽ കൂടുതൽ എണ്ണയുള്ളതായി കാണുവാൻ കഴിയും. ''പഞ്ചാബിലെ ആരോഗ്യകരമായ പറാത്ത'' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോ സോഷ്യൽ ലോകത്തെത്തിയതോടെ നാനാഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അനാരോഗ്യകരവും അതിനൊപ്പം തന്നെ വൃത്തിഹീനവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കച്ചവടക്കാരനെ വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമുള്ള ധാരാളം കമെന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. സഹോദരൻ എൻജിൻ ഓയിൽ ഒഴിക്കുന്നത് പോലെയാണ് ഫുഡ് ഓയിൽ ഒഴിക്കുന്നതെന്നു ഒരു വ്യക്തി കുറിച്ചപ്പോൾ പറാത്ത ആദ്യം കടിക്കുമ്പോൾ സ്വർഗമെന്നു തോന്നും രണ്ടാമത്തെ കടിയിൽ നിങ്ങൾ അവിടെയെത്തുമെന്നാണ് മറ്റൊരാൾ എഴുതിയത്. ദിവസങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ വൈറലാണ്. ഇതിനകം 1.9 മില്യൺ ആളുകൾ വിഡിയോ കാണുകയും കമെന്റുകളും ലൈക്കുകളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
English Summary:This Viral Video Of Oil-loaded Paratha Will Give A ‘Heart Attack’ To Your Eyes