ADVERTISEMENT

ഭക്ഷണത്തിന്‍റെ കാര്യത്തിലും അല്‍പ്പം സാഹസികതയൊക്കെ ആവാം എന്ന് കരുതുന്ന ആളാണ്‌ നിങ്ങളെങ്കില്‍, പരീക്ഷിച്ചു നോക്കേണ്ട ഒരു അടിപൊളി ഐറ്റമുണ്ട്, അതാണ്‌ ചൈനയിലെ സെഞ്ചുറി എഗ്ഗ്സ്. പേര് കേള്‍ക്കുമ്പോള്‍ നൂറു വര്‍ഷം പഴക്കമുള്ള മുട്ടയാണെന്ന് തോന്നുമെങ്കിലും സംഗതി അതല്ല, എന്നാല്‍ ഇതിനു മിനിമം കുറച്ചു മാസങ്ങള്‍ എങ്കിലും പഴക്കം കാണും, അതായത്, ചീമുട്ട തന്നെ! മാങ്ങയൊക്കെ ഉപ്പിലിട്ടുവച്ച് പിന്നീട് എടുത്ത് ഉപയോഗിക്കുന്നത് പോലെ, മുട്ടകള്‍ പ്രത്യേക രീതിയില്‍ സൂക്ഷിച്ച് പിന്നീട് എടുത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

ചൈനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണിത്. ഈ വിഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

 

ചൈനകാരുടെ പ്രിയവിഭവം

 

മാൻഡാരിൻ ഭാഷയിൽ "പിഡാൻ" എന്നാണ് സെഞ്ചുറി എഗ്ഗ്സ് അറിയപ്പെടുന്നത്. ചൈനക്കാരുടെ ഭക്ഷണ സംരക്ഷണ കലയുടെയും പുരാതന പാചക സാങ്കേതിക വിദ്യകളുടെ ചാതുര്യത്തിന്‍റെയും തെളിവാണ് ഈ മുട്ടകള്‍. ഈ മുട്ടവിഭവത്തിന്‌ കുറഞ്ഞത് നാല് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചൈനയിലെ മിംഗ് രാജവംശത്തിന്‍റെ കാലത്താണ് സെഞ്ചുറി എഗ്ഗ്സിന്‍റെ ഉത്ഭവം. മുട്ടയ്ക്ക് ക്ഷാമം വരാതെ, എല്ലാക്കാലത്തും മുട്ടയുടെ ലഭ്യത ഉറപ്പുവരുത്താനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു ഇത്. കളിമണ്ണ്, ചാരം, ചുണ്ണാമ്പ്, ഉപ്പ്, വൈക്കോൽ എന്നിവയുടെ മിശ്രിതം മുട്ടയില്‍ പൂശിയാല്‍ അവ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാമെന്ന് അന്നത്തെ ആളുകള്‍ കണ്ടെത്തി. കാലക്രമേണ ഇതൊരു അതുല്യവും വിലപ്പെട്ടതുമായ വിഭവമായി ചൈനക്കാരുടെ തീന്‍മേശകളില്‍ ഇടംപിടിച്ചു.

 

എങ്ങനെയാണ് ഈ മുട്ടകള്‍ ഉണ്ടാക്കുന്നത്?

 

കലയും ശാസ്ത്രവുമായുള്ള കൂട്ടുകെട്ടാണ് സെഞ്ചുറി എഗ്ഗ്സിന്‍റെ നിര്‍മ്മാണ രഹസ്യം. താറാവ്, കോഴി, അല്ലെങ്കിൽ കാടയുടെ മുട്ടകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ മുട്ടകള്‍ നോക്കി വേണം തിരഞ്ഞെടുക്കാന്‍. ആദ്യം തന്നെ ഇവയുടെ പുറംതോട് നന്നായി തുടച്ചു വൃത്തിയാക്കുന്നു. എന്നിട്ട്  വെള്ളം, ഉപ്പ്, എന്നിവയും കുമ്മായം, മരം കത്തിച്ച ചാരം തുടങ്ങിയ ക്ഷാര പദാർത്ഥങ്ങളും അടങ്ങിയ ലായനിയിൽ മുക്കിവയ്ക്കുന്നു. 

കുറച്ച് ആഴ്ചകള്‍ക്ക് ശേഷം, മുട്ടകള്‍ ലായനിയില്‍ നിന്നും നീക്കം ചെയ്യുകയും കളിമണ്ണ്, ചാരം, അരി വൈക്കോൽ എന്നിവയുടെ മിശ്രിതത്തിൽ പൊതിഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ മുട്ട അഴുകുമ്പോള്‍, അതിലെ പ്രോട്ടീനുകളും കൊഴുപ്പുകളും വിഘടിക്കുന്നു. 

ഹൈഡ്രജൻ സൾഫൈഡിന്‍റെയും അമോണിയയുടെയും സാന്നിദ്ധ്യമുള്ളതുകൊണ്ട് ഇതിന്റെ മഞ്ഞക്കരു കരിംപച്ചനിറമോ തവിട്ടുനിറമോ ആയിമാറുന്നു. ഇതിന് ശക്തമായ ഗന്ധവും ക്രീം പോലെയുള്ള സ്വഭാവവുമായിരിക്കും. വെള്ളക്കരു ഇരുണ്ടതും ജെൽപോലുള്ളതും ഉപ്പുരസമുള്ളതുമായി മാറിയിരിക്കും. മുട്ടയുടെ പ്രായം അനുസരിച്ച് ഇവയുടെ സ്വാദും വ്യത്യാസപ്പെടും.

പുതുവര്‍ഷത്തിന്‌ സ്പെഷ്യല്‍!

ചൈനീസ് പാചകരീതിയിൽ ഈ മുട്ടകൾക്ക് സാംസ്കാരികമായ പ്രാധാന്യമുണ്ട്. പരമ്പരാഗതമായി, ചൈനീസ് പുതുവത്സരവും മറ്റ് ഉത്സവ ആഘോഷങ്ങളും പോലുള്ള പ്രത്യേക അവസരങ്ങളിൽ അവ ഒരു വിഭവമായി വിളമ്പുന്നു. സമീപകാലങ്ങളില്‍ ഇവ ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും സ്പെഷ്യല്‍ വിഭവമായി വിളമ്പി വരുന്നുണ്ട്.

English Summary: Century Eggs - Chinese delicacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com