ADVERTISEMENT

‘‘മുളകു കുത്തിയിട്ട് വേവിച്ച നല്ല കിടിലന്‍ കപ്പയും കുരുമുളകിട്ടു വരട്ടിയ ബീഫും ചേര്‍ത്തൊരു പിടിയങ്ങു പിടിക്കണം. കൂട്ടിന് നല്ല കടുപ്പത്തിലൊരു കട്ടന്‍കാപ്പിയും. എന്‍റെ സാറേ... പിന്നൊന്നും കാണാന്‍ പറ്റൂല!’’ കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ പണ്ട് വാസ്കോഡഗാമ ഓടിച്ച കപ്പലിങ്ങ് പാഞ്ഞെത്തും!

 

കാര്യം ശരിയാണെങ്കിലും കപ്പ ശരിയായി പാകം ചെയ്തു കഴിച്ചില്ലെങ്കിൽ ‘പണി’ കിട്ടാം. ആസ്വദിച്ച് കഴിച്ച ശേഷം, വയറ്റില്‍ ഗ്യാസ് കയറുന്നതും അസ്വസ്ഥത ഉണ്ടാകുന്നതുമെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ? കപ്പയില്‍ അടങ്ങിയിരിക്കുന്ന ചില വസ്തുക്കളാണ് ഇതിനു കാരണം. ഇവ ഒഴിവാക്കി കഴിച്ചാൽ കപ്പ ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. സുരക്ഷിതമായി മരച്ചീനി കഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

 

കപ്പയിലെ വില്ലന്മാര്‍

 

കപ്പ അഥവാ മരച്ചീനിയിലെ പ്രധാന വിഷ ഘടകം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ്. ദഹനസമയത്ത് ശക്തമായ വിഷവസ്തുവായ ഹൈഡ്രജൻ സയനൈഡ് (HCN) പുറത്തുവിടാൻ കഴിയുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ഇവ. മരച്ചീനിയുടെ വേരിന്‍റെ പുറം പാളിയിലാണ് സയനോജെനിക് ഗ്ലൈക്കോസൈഡുകൾ പ്രാഥമികമായി കാണപ്പെടുന്നത്.

 

പ്രധാനമായും ലിനാമറിൻ, ലോട്ടസ്ട്രലിൻ എന്നിങ്ങനെ  രണ്ട് തരം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ്  മരച്ചീനിയിൽ ഉള്ളത്. രണ്ട് സംയുക്തങ്ങൾക്കും എൻസൈമാറ്റിക് ഹൈഡ്രോളിസിസിൽ സയനൈഡ് പുറത്തുവിടാൻ കഴിയും. മധുരമുള്ള  ഇനങ്ങളിൽ ലിനാമറിൻ കൂടുതലായി കാണപ്പെടുന്നു, അതേസമയം കയ്പ്പുള്ള ഇനങ്ങളിൽ ലോട്ടസ്‌ട്രലിനാണ് കൂടുതല്‍.

 

ദോഷങ്ങള്‍ പലവിധം

 

ഈ വിഷാംശം കളയാതെ മരച്ചീനി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ അളവിലുള്ള സയനൈഡുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഓക്കാനം, ഛർദ്ദി, തലകറക്കവും തലവേദനയും, ബലഹീനതയും ആശയക്കുഴപ്പവും, ശ്വസിക്കാൻ ബുദ്ധിമുട്ട്, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് തുടങ്ങി ഹൃദയാഘാതവും അപസ്മാരവും വരെ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ തീവ്രത സയനൈഡിന്‍റെ അളവിനെയും വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു. 

 

കപ്പ കഴിക്കാം, പേടി കൂടാതെ‌

 

ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മരച്ചീനി കഴിക്കുന്നതിനുമുമ്പ് വിഷാംശം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.

 

∙ മരച്ചീനിയുടെ പുറംതൊലി പൂര്‍ണമായും കളയുക. അഴുക്കും ശേഷിക്കുന്ന വിഷവസ്തുക്കളും ഇല്ലാതാക്കാൻ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാം.

 

∙ മരച്ചീനി വേവിച്ച ശേഷം വെള്ളം ഊറ്റിക്കളയുക. പാചകം ചെയ്യുമ്പോൾ ധാരാളം വെള്ളം ഉപയോഗിക്കുക.

 

∙ മരച്ചീനി തൊലി കളഞ്ഞ ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് കഴുകിയെടുത്ത ശേഷം പാചകത്തിനായി ഉപയോഗിക്കുക. ഉണക്കക്കപ്പ 12 മുതൽ 24 മണിക്കൂർ വരെ കുതിർക്കുക. ഈ സമയത്ത് സയനൈഡ് സംയുക്തങ്ങൾ വെള്ളത്തിൽ ലയിക്കുകയും കപ്പ കഴിക്കാന്‍ സുരക്ഷിതമാവുകയും ചെയ്യും.

English Summary: How to Clean and Cook Tapioca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com