ADVERTISEMENT

ഉള്ളിലുള്ള കഴിവുകളെ തേച്ചുമിനുക്കിയെടുത്ത് പാഷനെ നെഞ്ചോട് ചേർത്ത സാധികയ്ക്ക് ആരാധകർ ഏറെയുണ്ട്. അഭിനയത്തോടൊപ്പം പാചകത്തിലും മികവുറ്റ കഴിവ് തെളിയിച്ചയാളാണ് സാധിക. അഭിനയം,  ആങ്കറിങ്, മോഡലിങ്, പാചകം എന്തിനും കട്ടയ്ക്ക് നിൽക്കാൻ താരം റെഡിയാണ്. സാധികയുടെ തുറന്ന സംസാരവും എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും തന്നെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാക്കുന്നത്. പാഷനെ പ്രൊഫഷനായി കാണുന്ന സാധിക കുക്കറി ഷോകളിലും നിറസാന്നിദ്ധയമാണ്. ആരാധകർക്കായി നിരവധി റെസിപ്പികളും പങ്കുവയ്ക്കാറുണ്ട്.

അച്ചാർ മുതൽ വെറൈറ്റി പായസം വരെ ഉണ്ടാക്കാറുണ്ട്. ഏത് വിഭവത്തെയും തന്റേതായ രീതിയിൽ പാചകം ചെയ്തെടുക്കുകയെന്നതാണ് സാധികയുടെ രീതി. എന്തിനും വ്യത്യസ്തകൾ പരീക്ഷിക്കാനാണ് ഏറെ ഇഷ്ടം. ആരും അതിശയിക്കുന്ന തരത്തിലുള്ള വിഭവങ്ങളാണ് താരത്തിന്റെ സിഗ്‌നേചർ ഡിഷ്. കാബേജ് കൊണ്ടും വാഴപ്പിണ്ടി കൊണ്ടുമുള്ള പായസങ്ങൾ വരെയുണ്ട്. തന്റെയുള്ളിലുള്ള ഈ കഴിവിനെ പൊടിതട്ടിയെടുത്ത് തിളക്കുമുള്ളതാക്കിയത് അച്ഛനാണെന്ന് സാധിക പറയുന്നു. അച്ഛൻ നല്ലൊരു കുക്കാണ്. അച്ഛനിൽ നിന്നാണ് കുക്കിങ് സാധിക പഠിച്ചെടുത്തത്. ജീവിതത്തെയും കരിയറിനെയുമൊക്കെ ഒരേ പോലെ കൊണ്ടുപോകുവാൻ സാധികയ്ക്ക് സാധിക്കും.

sadhika29

 

മാലദ്വീപും ഫോട്ടോഷൂട്ടും പാചകവും

sadhika14
Image Credit: Instagram-Sadhika

 

യാത്രകൾ ചെയ്യുന്ന സാധികയ്ക്ക് പോകുന്നിടത്തെ വിഭവങ്ങൾ രുചിക്കാനും അവ വീട്ടിലെത്തി തയാറാക്കാനും ഏറെ ഇഷ്ടമാണ്. ചില റെസിപ്പികൾ തന്റ‌േതായ രീതിയിൽ മാറ്റി പരീക്ഷിക്കാറുണ്ട്. അതൊന്നും പാളിപോയിട്ടുമില്ലെന്നും സാധിക. ‘‘കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടുകയുള്ളൂ എന്നുപറയുന്നതു പോലെ, വലിയ മോഹങ്ങളൊന്നും എനിക്കില്ല, എങ്കിലും ആഗ്രഹിച്ചതൊക്കെ ദൈവം തന്നിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലെ വിലപ്പെട്ടത്’’ – സാധിക പറയുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം എന്ന് കൊതിപ്പിച്ച ഇടമായിരുന്നു മാലദ്വീപ്. സ്വർഗതുല്യം തന്നെ.

 

sadhika21
Image Credit: Instagram-Sadhika

‘‘അവിടെ പോകാനും അന്നാട്ടിലെ അടിപൊളി വിഭവങ്ങൾ രുചിക്കാനും സാധിച്ചു. അതിലേറെ എന്നെ സന്തോഷിപ്പിച്ചത് ഫോട്ടോഷൂട്ടായിരുന്നു. ബീച്ച് ഡെസ്റ്റിനേഷനിൽ ബിക്കിനിക്ക് പകരം സാരിയിൽ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധയാകർഷിച്ചിരുന്നു. സാധാരണ ഗ്ലാമറസായി ചിത്രങ്ങൾ എടുക്കുന്ന ഞാൻ മാലദ്വീപിലെത്തിയാലും അതേ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തുമെന്നാണ് മിക്കവരും ചിന്തിച്ചിരുന്നത്. മറ്റുള്ളവർ ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ചെയ്യാനും ചിന്തിക്കാനുമാണ് എനിക്കിഷ്ടമെന്ന് സാധിക. എന്റെ ജീവിതം എന്റെ ചോയ്സാണ്.’’

 

പാളിച്ചകൾ ഉണ്ടാകാതിരിക്കുമോ?

 

തുടക്കാര്‍ക്കും അല്ലാത്തവർക്കും അബദ്ധങ്ങൾ സാധാരണമാണ്. പ്രത്യേകിച്ച് പാചകത്തിന്റെ കാര്യത്തിൽ. അങ്ങനെ ചില കയ്യബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ഷോയ്ക്ക് വേണ്ടി കാജു ബർഫി ഉണ്ടാക്കുകയായിരുന്നു. എന്റെ ഒരു രീതി എന്താണെന്ന് വച്ചാൽ കൃത്യമായ അളവിൽ സാധനങ്ങൾ എടുത്തു പാചകം ചെയ്യാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ്. എന്റെ സ്വന്തം കൈ കണക്കിലാണ് ഞാൻ പാചകം ചെയ്യുന്നത്. അപ്പോൾ 100 ഗ്രാം പഞ്ചസാര, 250 ഗ്രാം വെള്ളം, 150 ഗ്രാം പാൽ എന്നൊക്കെ കണക്കുപറഞ്ഞ് എന്നോട് പാചകം ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ അത് പാളും. അങ്ങനെ പറ്റിപ്പോയതാണ് കാജു ബർഫിയുടെ കാര്യം

 

ഒരിക്കൽ നെയ്യപ്പം ഉണ്ടാക്കിയപ്പോഴും ചെറിയ അമളി പറ്റി. അരി കുതിർത്തതിനു ശേഷം അരച്ചെടുത്താണ് നെയ്യപ്പം ഉണ്ടാക്കാറ്. എന്നാൽ അന്ന് പുട്ടുപൊടിയുടെ സ്പോൺസർ ആയിരുന്നു ഷോയ്ക്ക്. അതുകൊണ്ട് പുട്ടുപൊടി കൊണ്ട് നെയ്യപ്പം ഉണ്ടാക്കണം. അച്ഛൻ നേരത്തെ തന്നെ പറഞ്ഞു, പുട്ടുപൊടി സാധാരണ പൊടി പോലെയല്ല ഒരു മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കണം. പക്ഷേ അതിനുള്ള നേരം ഒന്നും ഷൂട്ട് തുടങ്ങിയപ്പോൾ കിട്ടിയില്ല. 15 മിനിറ്റ് കൊണ്ട് പുട്ടുപൊടി വച്ച് നെയ്യപ്പം ഉണ്ടാക്കാൻ നോക്കി,  കയ്യിൽ നിന്നു പോയി എന്നു തന്നെ പറയാം. 

 

ഇനിയൊരു പാചകക്കൂട്ട് ആയോലോ? പച്ച മാങ്ങ ചോറ് 

 

ആരാധകർക്കായി ഒരു സ്പെഷൽ വിഭവവും സാധിക പങ്കുവച്ചിട്ടുണ്ട്. പച്ച മാങ്ങ ചോറ് . ഇതെന്ത് െഎറ്റമാണെന്നാവും ചിന്തിക്കുന്നത്. കറി ഇല്ലെങ്കിലും ഇനി ചോറ് രുചിയോടെ കഴിക്കാം. സിംപിളായി എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

 

ചേരുവകൾ

∙ പച്ചമാങ്ങ - 1 എണ്ണം

∙ പച്ചമുളക് - 2 എണ്ണം

∙ എണ്ണ - 2 സ്പൂണ്‍

∙ കടല പരിപ്പ് - 3 സ്പൂണ്‍, ഉഴുന്നുപരിപ്പ് -3 സ്പൂണ്‍

∙ വറ്റല്‍ മുളക് - 3 എണ്ണം

∙ കായപ്പൊടി - 1/4 ടീസ്പൂണ്‍

∙ അണ്ടിപ്പരിപ്പ് - 100 ഗ്രാം

∙ വേവിച്ച ചോറ് - 1 കപ്പ്‌

∙ കറിവേപ്പില - 2 തണ്ട്

∙ ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

 

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ഒരു സ്പൂണ്‍ കടുക് ചേര്‍ത്ത് ഒപ്പം പച്ചമുളക് കീറിയതും കടല പരിപ്പും, ഉഴുന്നു പരിപ്പും ചേര്‍ത്ത് ഇളക്കാം.തീ കുറച്ചു വച്ചു ഒരു മിനിറ്റ് ഇളക്കി ഒന്ന് കളര്‍ മാറുമ്പോൾ അതിലേക്കു കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്തു കൊടുക്കാം. 100 ഗ്രാം അണ്ടിപരിപ്പും ചേര്‍ത്തു നന്നായി യോജിപ്പിക്കുക, ഇനി അതിലേക്കു ഗ്രേറ്റ്‌ ചെയ്തു പച്ച മാങ്ങാ ചേര്‍ത്തു കൊടുക്കാം ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം മഞ്ഞള്‍പ്പൊടിയും കായപ്പൊടിയും ചേര്‍ത്തു വീണ്ടും യോജിപ്പിക്കാം. മാങ്ങയുടെ വെള്ളം മാറുന്നിടം വരെ വഴറ്റണം. ശേഷം വേവിച്ചു വച്ച ചോറ് ചേര്‍ത്തു എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഇളക്കുക. പച്ചമാങ്ങാ ചോറ് റെഡി.

English Summary: Actress Sadhika Shares Tasty Mango rice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com