ആരെയും മോഹിപ്പിക്കുന്ന ശമ്പളം; റസ്റ്ററന്റില്‍ ഒഴിവ്, പരസ്യം കണ്ട് അന്തംവിട്ട് സോഷ്യൽ ലോകം
Mail This Article
ലോകത്തെവിടെയായാലും റസ്റ്ററന്റിൽ ജോലി ചെയ്യാൻ ആളെ കിട്ടുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. ജോലി ഭാരവും കുറഞ്ഞ ശമ്പളവും മൂലം പലരും അധികക്കാലം റസ്റ്ററന്റ് ജോലിയിൽ തുടരുകയില്ല. തുച്ഛമായ ശമ്പളമാണ് പ്രധാനമായും ആ തൊഴിലിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ തന്നെ ഒരു റസ്റ്ററന്റ് തൊഴിലാളിയോട് എത്ര രൂപയാണ് മാസം ലഭിക്കുന്ന ശമ്പളമെന്നു ചോദിച്ചാൽ ഏറ്റവും കൂടിയത് പതിനഞ്ച് മുതൽ ഇരുപതിനായിരം വരെ എന്നതായിരിക്കും ഉത്തരം. എന്നാൽ സിംഗപ്പൂരിലെ ഒരു റസ്റ്ററന്റ് തങ്ങളുടെ സ്ഥാപനത്തിൽ ജോലിയ്ക്കു ആളെയെടുക്കുന്നത് മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടാണ്. ജോലിക്ക് ആളെ വേണമെന്നതിനൊപ്പം മണിക്കൂറിനു നൽകുന്ന തുകയും, മുഴുവൻ സമയം ജോലി ചെയ്യുന്നതിന് നൽകുന്ന ശമ്പളവും എത്രയെന്നു വ്യക്തമാക്കുന്ന പരസ്യം കണ്ട് സത്യത്തിൽ അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ ലോകം.
എക്സിലാണ് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യത്തിന്റെ ചിത്രം ഒരാൾ പങ്കുവച്ചത്. സിംഗപ്പൂരിലെ ഒരു റസ്റ്ററന്റിനു പുറത്താണ് ജീവനക്കാരെ ആവശ്യമുണ്ടെന്നു പറഞ്ഞു കൊണ്ടുള്ള പരസ്യം കണ്ടതെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. അജുമ്മ എന്ന റസ്റ്ററന്റിന്റേതാണ് പരസ്യം. സർവീസ് ക്രൂ, കിച്ചൻ ക്രൂ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്തു മുതൽ പതിനഞ്ച് സിംഗപ്പൂർ ഡോളറാണ് ഒരു മണിക്കൂറിനു നൽകുന്ന പ്രതിഫലം. ഏകദേശം 610 ഇന്ത്യൻ രൂപ വരുമിത്. എന്നാൽ മുഴുവൻ സമയവും ജോലി ചെയ്യാൻ തയാറാകുന്നവർക്കു ലഭിക്കുന്നത് 2,750 - 3, 300 സിംഗപ്പൂർ ഡോളർ ലഭിക്കും. അതായതു മാസം 1.67 ലക്ഷം ഇന്ത്യൻ രൂപ. ഇതുകൂടാതെ, മെഡിക്കൽ ഇൻഷുറൻസ് കവറേജ്, ഡെന്റൽ ബെനഫിറ്റ്സ്, പഠിക്കാൻ താല്പര്യമുള്ളവർക്ക് സ്‌പോൺസർഷിപ്, വാർഷിക ഇൻക്രിമെന്റൽ ലീവ്, കൂടാതെ ഭക്ഷണം എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടും.
എക്‌സിൽ പങ്കുവെയ്ക്കപ്പെട്ട ഈ പോസ്റ്റിനു താഴെ നിരവധിപേരാണ് കമെന്റുകളും ലൈക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് ജോലിയെക്കാളും മെച്ചമാണിതെന്നു ഒരാൾ എഴുതിയപ്പോൾ വികസിത രാജ്യങ്ങളിൽ ഒരു മണിക്കൂർ ജോലി ചെയ്താൽ ഇത്രയും രൂപ ലഭിക്കുന്നുണ്ടെന്നും ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത് കൂടുതലായി തോന്നുന്നതെന്നുമാണ് മറ്റൊരാൾ കുറിച്ചത്. ഇത്രയും ശമ്പളം ലഭിച്ചാലും അവിടുത്തെ ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ചെറുകിട റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ പരിതാപകരം തന്നെയാണെന്നാണ് വേറൊരാളുടെ കമെന്റ്. എന്തായാലും കൂടുതൽ പേരും പറയുന്നത് ഇതൊരു ബേധപ്പെട്ട ശമ്പളം തന്നെയാണെന്നാണ്.
English Summary: Singapore Restaurant's Amazing Job Offer Makes Us Want To Apply Right Away