ADVERTISEMENT

ന്യൂഡിൽസ് കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഞൊടിയിടയിൽ ഉണ്ടാക്കാമെന്നും വളരെ പെട്ടെന്ന് തന്നെ വിശപ്പിനെ ശമിപ്പിക്കാമെന്നതുമാണ് ന്യൂഡിൽസിന്റെ പ്രത്യേകത. എന്നാൽ ന്യൂഡിൽസ് കൊണ്ട് വിചിത്രമായ ഒരു വിഭവമുണ്ടാക്കിയിരിക്കുകയാണ് തെരുവിൽ ഭക്ഷണം വിൽക്കുന്ന ഒരു സ്ത്രീ. ന്യൂഡിൽസ് പറാത്തയാണ് വിഭവം. സംഭവം സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ ഷെഫും പുതിയ വിഭവവും എയറിൽ ആണെന്ന് പറയേണ്ടതില്ലല്ലോ. 

 

ദി ഗ്രേറ്റ് ഇന്ത്യൻ ഫൂഡി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ വിഭവത്തിന്റെ വിഡിയോ സോഷ്യൽ ലോകത്തെത്തിയത്. വിഡിയോയിലെ ആദ്യത്തെ കാഴ്ച സാധാരണയായി നമ്മൾ ന്യൂഡിൽസ് തയാറാക്കുന്നത് പോലെ തന്നെയാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ന്യൂഡിൽസും മസാലയും ഇട്ടതിനുശേഷം പാകം ചെയ്‌തെടുക്കുന്നു. ഇനിയാണ് ട്വിസ്റ്റ്, ന്യൂഡിൽസിലേക്കു മല്ലിയില, സവാള അരിഞ്ഞത്, കുറച്ചു ന്യൂഡിൽസ് മസാല, ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുന്നു. തുടർന്ന് പരത്തിയ മാവിനുള്ളിലേക്ക് തയാറാക്കിയ ന്യൂഡിൽസ് കൂട്ട് ചേർത്ത് ഒരിക്കൽ കൂടി പരത്തിയെടുത്തതിനു ശേഷം ചുട്ടെടുക്കുന്നു. സാധാരണ പറാത്ത ചുടുമ്പോൾ ചേർക്കുന്നത് പോലെ നെയ്യും ചേർത്താണ് ന്യൂഡിൽസ് പറാത്തയും തയാറാക്കിയെടുക്കുന്നത്. ഇരുപുറവും മറിച്ചിട്ടതിനു ശേഷം പാകമാകുന്നതോടെ കഴിക്കാനായി ചെറു കഷ്ണങ്ങളായി മുറിച്ചു ആവശ്യക്കാരന് വിളമ്പി നൽകുന്നു. 

 

ഈ ന്യൂഡിൽസ് പറാത്ത പരീക്ഷിക്കാൻ ധൈര്യമുണ്ടോ എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ന്യൂഡിൽസ് പറാത്തയ്ക്ക് നേരിടേണ്ടി വന്നത്. ഈ ലോകത്ത് ചീസ് ഇല്ലാതെ ഒരു വിഭവത്തിനും പൂർണതയുണ്ടാകില്ല എന്നൊരാൾ എഴുതിയപ്പോൾ മാലിന്യത്തിൽ നിന്നും ഏറ്റവും മികച്ചത് എന്ന് ഇതിനെ വിളിക്കാമെന്നാണ് മറ്റൊരാൾ കുറിച്ചത്. ആരെങ്കിലും ഇതും കഴിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഇതിന്റെ രുചിയെങ്ങനെയുണ്ടെന്നുമായിരുന്നു പുതിയ വിഭവം കണ്ട ആകാംക്ഷയിൽ ഒരാളുടെ ചോദ്യം. കുറച്ചു ദിവസങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം നാല് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. 

English Summary: Paratha Stuffed With Noodles Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com