ADVERTISEMENT

‘‘വിഭവം ഏതായാലും സ്നേഹം കൊണ്ട് പാകം ചെയ്ത് സന്തോഷത്തോടെ വിളമ്പിയാൽ അതിനു രുചിയേറും.’’ – പാചകവും വാചകവും അഭിനയവുമൊക്കെ പാഷനായ മീര അനിലിന്റെ വാക്കുകളാണിവ. 

‘‘പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. ഗന്ധം, രുചി, പ്രക്രിയ അങ്ങനെ നിരവധി ഘടകങ്ങൾ ചേരുന്ന ഒരു കലാസൃഷ്ടിയാണ് ഓരോ വിഭവവും. അതിൽ നമ്മുടെ സ്നേഹവും താൽപര്യവും കൈപ്പുണ്യവും കൂടിച്ചേരുമ്പോഴാണ് നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ തയാറാക്കാൻ സാധിക്കുന്നത്. നമ്മുടെ കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് പാചകം കലയായി മാറുന്നത്.  

meera-anil
Image Credit: Instagram-Meera Anil

എന്തു തയാറാക്കിയാലും കുടുംബത്തിന്റെ പിന്തുണയാണ് കുക്കിങ്ങിലേക്കുള്ള എന്റെ ടേണിങ്പോയിന്റ്. എന്ത് ഉണ്ടാക്കിയാലും അതിലെ പോരായ്മകൾ പറഞ്ഞു തരും. അടുത്തതവണ തിരുത്തി കൂടുതൽ സ്വാദേറിയത് തയാറാക്കാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് പാചകം. വീഴ്ചകളിൽ നിന്നാണല്ലോ കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നത്, അതുപോലെ പാചക പരീക്ഷണങ്ങളിലൂടെ ഇപ്പോൾ അത്യാവശ്യം വിഭവങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്.

meera-anil1
Image Credit: Instagram-Meera Anil

എന്റെ അടുക്കള ഇപ്പോൾ പരീക്ഷണശാലയാണെന്ന് തന്നെ പറയാം. പല വെറൈറ്റി വിഭവങ്ങൾ തയാറാക്കാൻ യൂട്യൂബ് പാചക ചാനലുകളെ ഞാൻ ആശ്രയിക്കാറുണ്ട്. സത്യത്തിൽ നമ്മളൊക്കെ ശരിക്കും ഭാഗ്യവാൻമാരാണ്. ഭക്ഷണം കഴിക്കുവാൻ മാത്രം അടുക്കളയിലേക്ക് എത്തിനോക്കിയിരുന്ന, പാചകം ഒട്ടും അറിയാത്ത ഒരു വിഭാഗം അളുകൾക്ക് എന്ത് സഹായകരമാണ് ഇങ്ങനെയുള്ള ഫൂഡ് ചാനലുകൾ. വളരെ പെട്ടെന്ന് എല്ലാം പഠിച്ചെടുക്കാം. 

തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള പാചകവും പരീക്ഷണങ്ങളും

പണ്ട് ഷൂട്ടിങ്ങും ജോലിയുമൊക്കെയായി തിരക്കിനിടയിൽ ഭക്ഷണം കഴിക്കാനല്ലാതെ, അത് തയാറാക്കുന്നതെങ്ങനെയെന്ന് അമ്മയിൽ നിന്ന് പഠിച്ചെടുക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല. വിവാഹശേഷം മല്ലപ്പള്ളിയിലേക്കു മാറിയതോടെ പതിയെ ഭർത്താവ് വിഷ്ണുവിന്റെ ഇഷ്ടവിഭവങ്ങളൊക്കെ മനസ്സിലാക്കി അമ്മയിൽനിന്ന് പാചകം പതിയെ പഠിച്ചെടുക്കാൻ തുടങ്ങി. ഞാൻ തയാറാക്കുന്ന വിഭവങ്ങൾക്ക് ഒാരോ തവണയും മാർക്ക് കൂടിയതോടെ കുക്കിങ്ങിലുള്ള എന്റെ പരീക്ഷണങ്ങളും കൂടി. അമ്മ എപ്പോഴും പറയും ഞാൻ ഉണ്ടാക്കുന്ന വിഭവങ്ങളൊക്കെ കോട്ടയം സ്റ്റൈലാണെന്ന്. മീൻകറിയായാലും കറികളാണെങ്കിലും ഇവിടുത്തെ രീതിലാണ് തയാറാക്കുന്നത്. 

meera1
Image Credit: Meera Anil youtube channel

അതുകൊണ്ടുതന്നെ എന്റെ പാചകത്തിന്റെ ക്രെഡിറ്റ് മുഴുവനും വിഷ്ണുവിന്റെ അമ്മയ്ക്കുള്ളതാണ്. ഞാൻ എപ്പോഴും വെറൈറ്റി രുചി പരീക്ഷിക്കാനും ഇഷ്ടപ്പെടുന്നയാളാണ്. ഒാരോ ദിവസവും ചിക്കൻകറി പല സ്റ്റൈലിലാണ് ഞാൻ തയാറാക്കുന്നതെന്നും ടേസ്റ്റിയാണെന്നും വിഷ്ണു എപ്പോഴും പറയാറുണ്ട്. അതാണ് എന്റെ സന്തോഷം. പാചകം ചെയ്യുമ്പോഴല്ല, മറിച്ച് നമ്മൾ തയാറാക്കിയ വിഭവങ്ങൾ മറ്റുള്ളവർ വയറു നിറയെ കഴിക്കുമ്പോഴും അത് നന്നായിരുന്നുവെന്ന് പ്രശംസിക്കുമ്പോഴുമാണ് നമുക്ക് സന്തോഷം ഉണ്ടാകുന്നത്.

അമ്മമാരുടെ കൈപ്പുണ്യവും നൊസ്റ്റാൾജിയയും

ഭക്ഷണത്തിനോടുള്ള നൊസ്റ്റാൾജിയ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് നല്ല ചൂടു കുത്തരിക്കഞ്ഞിയും നാടൻ കൂർക്ക മെഴുക്കുപുരട്ടിയും അമ്മിക്കല്ലിൽ അരച്ചെടുത്ത ചമ്മന്തിയും ചുട്ടെടുത്ത പപ്പടവുമാണ്. പറയുമ്പോൾ തന്നെ വായിൽ ഉറവ പൊട്ടും. പക്ഷേ ഇന്ന് ആ പഴയ രുചി കിട്ടുന്നില്ല. ഇപ്പോഴത്തെ കൂർക്കയ്ക്കു പോലും ആ പഴയ സ്വാദ് ഇല്ല. എന്റെ അമ്മ ഉണ്ടാക്കുന്നതിൽ എനിക്കേറ്റവും ഇഷ്ടം കൊഞ്ച് വറുത്തതാണ്. അതൊരു സ്പെഷലാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് വഴറ്റി കൊഞ്ചും ചേർത്ത് അതിലേക്ക് വറ്റൽമുളകും ചേർന്ന രുചി, സൂപ്പർ ടേസ്റ്റാണ്. വിഷ്ണുവിന്റെ അമ്മ തയാറാക്കുന്ന ഒരു കിടിലൻ വറുത്തരച്ച പാവയ്ക്ക തീയലുണ്ട്. അടിപൊളിയാണ്. തേങ്ങ നല്ലതുപോലെ വറുത്തെടുത്ത് തേങ്ങാക്കൊത്തുമൊക്കെ ചേർത്ത് വയ്ക്കുന്ന പാവയ്ക്ക തീയൽ സൂപ്പറാണ്. അതുമതി ഒരു പറ ചോറുണ്ണാൻ! 

ഏറ്റവും ഇൗസിയായ വിഭവം ഇതാണ്

എനിക്കേറ്റവും എളുപ്പമുള്ളതും ഏത് അർധരാത്രി ഉണ്ടാക്കിയാലും നന്നാകുന്നതുമായ വിഭവം ചിക്കൻ ഫ്രൈഡ് റൈസാണ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. സുഹൃത്തുക്കളോ വിരുന്നുകാരോ ഒക്കെ ഉണ്ടെങ്കിലും സദ്യ ഒരുക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് ഫ്രൈഡ് റൈസ് തയാറാക്കുന്നത്. ഞാൻ എപ്പോൾ തയാറാക്കിയാലും വീട്ടിലുള്ളവർ അടിപൊളിയാണെന്ന് പറയാറുണ്ട്. ഇന്ന് മിക്കവർക്കും ഇഷ്ടം നോണ്‍വെജ് വിഭവങ്ങളാണല്ലോ, കൂടാതെ അധികം പാത്രങ്ങളുടെ ആവശ്യവുമില്ല, സംഗതി ഇൗസിയാണ്.

നാടൻ കോഴിയെ കരിങ്കോഴിയാക്കി, തല്ലിയില്ലന്നെയുള്ളൂ, അന്നത്തെ ആ സംഭവം

ആദ്യമായി പാളിപ്പോയ വിഭവം നാടൻ ചിക്കൻ റോസ്റ്റാണ്. വിഷ്ണുവിന് ഒരുപാട് ഇഷ്ടമാണ് നാടൻ കോഴിക്കറി. ഒരിക്കൽ വിഷ്ണു അതിരാവിലെ എഴുന്നേറ്റു കോഴി വാങ്ങിക്കൊണ്ടു വന്നു. ബ്രോയിലർ ചിക്കൻ വച്ചിട്ടുണ്ടെങ്കിലും ഞാൻ ആദ്യമായാണ് നാടൻ കോഴി വയ്ക്കാൻ പോകുന്നത്. എല്ലാവരും പറഞ്ഞു നല്ല വേവാണ് നാടൻ കോഴിക്കെന്ന് കുക്കറിൽ വേവിക്കാൻ വച്ചു. കുറെയധികം വിസിൽ വന്നു,  അവസാനം അടുക്കള മുഴുവനും പുക നിറഞ്ഞു. സത്യത്തിൽ ഭയന്നുപോയി. അടുത്തുള്ളവർക്കു വരെ കരിഞ്ഞ മണം എത്തിത്തുടങ്ങി. കുക്കര്‍ തുറന്നപ്പോൾ ഞെട്ടിപ്പോയി. 

meera2
Image Credit: -Meera Anil youtube channel

കോഴി കരിങ്കോഴി പോലെ കരിഞ്ഞുണങ്ങി. ആ കുക്കറും നശിച്ചു. അങ്ങനെ നാടൻ കോഴിയുടെ കാര്യത്തിൽ തീരുമാനമായി. ബ്രോയിലർ ചിക്കൻ വേവിക്കാൻ വയ്ക്കുന്ന പോലെ ഇത്തിരി വെള്ളം മാത്രമാണ് ഞാൻ കുക്കറിൽ ഒഴിച്ചത്. ആ വെള്ളവും വറ്റി, നാടൻ കോഴിയിൽനിന്ന് വെള്ളവും ഇറങ്ങിയില്ല. നല്ല പരുവമായി. ആശിച്ച് മോഹിച്ച് നാടൻ ചിക്കൻ റോസ്റ്റ് കഴിക്കാനാ‍യി തയാറായ വിഷ്ണു എന്നെ തല്ലിയില്ലന്നേയുള്ളൂ, അവസാനം കടയില്‍നിന്നു ചിക്കൻ ഫ്രൈ വാങ്ങിയാണ് ചോറു കഴിച്ചത്. വല്ലാത്ത അനുഭവമായിരുന്നു ആ പാചകം. അതിലൂടെ നാടൻ കോഴിയുടെ വേവ് മനസ്സിലായി.

വണ്ണം കുറയ്ക്കാം ആരോഗ്യകരമായി

തടി കുറയ്ക്കണം എന്നത് മിക്കവരുടെയും ആഗ്രഹമാണ്, അതിന് പട്ടിണി കിടക്കരുത്. നമ്മുടെ ശരീരത്തിന് വേണ്ട പോഷകങ്ങൾ കൊടുത്തുകൊണ്ട് ആരോഗ്യകരമായ ഡയറ്റ് എടുക്കണം. എല്ലാത്തരം ഡയറ്റും ചെയ്തിട്ടുള്ളയാളാണ് ഞാൻ. ഇന്റർമീഡിയറ്റ് ഡയറ്റ്, ജി എച്ച് അങ്ങനെ. കാർബോഹൈഡ്രൈറ്റ് കുറച്ചുകൊണ്ടുള്ള ഡയറ്റാണ് പ്രയോജനകരമായത്. അരിയാഹാരവും ഗോതമ്പും കുറച്ചു. പഞ്ചസാരയും ഒഴിവാക്കും. പുറത്തുനിന്നുള്ള ഫൂഡും കഴിക്കാറില്ല. 

meera4
Image Credit: Instagram-Meera Anil

വണ്ണം കുറയ്ക്കുന്നവർക്കായി ഒരു അടിപൊളി റെസിപ്പിയുണ്ട്. ഞാൻ മിക്കവാറും തയാറാക്കുന്നതാണ്. പ്രോട്ടീനും ഫൈബറും ചേർന്നുള്ളതാണ്. മുട്ടയും വെജിയും. മുന്നു നിറമുള്ള കാപ്സിക്കം ചെറുതായി അരിഞ്ഞതും വേണമെങ്കിൽ സവാളയും തക്കാളിയുടെ അകത്തെ കുരു കളഞ്ഞ് ചെറുതായി അരിഞ്ഞതും ചേർക്കാം. ഇതെല്ലാം ബട്ടറിൽ ഒന്നു വഴറ്റിയെടുക്കാം. ശേഷം അതിലേക്ക് ഒന്നോ രണ്ടോ മുട്ട പൊട്ടിച്ച് ചിക്കിയെടുക്കാം. ആവശ്യത്തിനുള്ള ഉപ്പും കുരുമുളകും ചേർക്കണം. ലഞ്ചായോ ഡിന്നറായോ കഴിക്കാവുന്നതാണ്. വയറു നിറഞ്ഞിരിക്കണം, എന്നാൽ തടിവയ്ക്കരുത് എന്നു തോന്നിക്കുന്ന മറ്റൊരു വിഭവമാണ് ചീര. എനിക്ക് ഒരുപാട് ഇഷ്ടമാണ്. തോരനായി കഴിക്കാറുണ്ട്.

യാത്രയിൽ ഡയറ്റില്ല

യാത്ര ചെയ്യുക എന്നത് സ്ഥലങ്ങൾ കാണാൻ മാത്രമല്ല ആ നാടിന്റെ കൾച്ചർ മനസ്സിലാക്കി അവിടുത്തെ ട്രെഡീഷനൽ വിഭവങ്ങൾ കഴിക്കാനും ഞങ്ങൾക്ക് ഇഷ്ടമാണ്.കഴിഞ്ഞിടയ്ക്ക് സ്വിറ്റ്സർലൻഡ് പോയപ്പോൾ. അന്നാട്ടിലെ തനതു വിഭവങ്ങളൊക്കെ ട്രൈ ചെയ്തിരുന്നു. അവിടുത്തെ കഫേകൾ തേടിപ്പിടിച്ച് പോയിരുന്നു. മറക്കാനാവാത്ത അനുഭവമായിരുന്നു. സൂറിച്ചിൽ പോയപ്പോൾ അവിടുത്തെ ആദ്യത്തെ കഫേ തിരഞ്ഞുപിടിച്ചു പോയി. അവിടുത്തെ ഏറ്റവും ഒതന്റിക് ഫൂഡും പേസ്ട്രീയും ഹോട്ട് ചോക്ലറ്റും കഴിച്ചു. കാപ്പുച്ചിനോയും കുടിച്ചു. ആ നാട്ടിൽ പോയി അവിടുത്തെ ആദ്യത്തെ കഫേയിൽ പോയത് വല്ലാത്തൊരു അനുഭവമായിരുന്നു. ഒന്നും അമിതമാകരുത്, എല്ലാത്തിന്റെയും ടേസ്റ്റ് മനസ്സിലാക്കി കഴിക്കണം. മേഘാലയയിൽ പോയപ്പോൾ മറ്റെങ്ങു കിട്ടാത്ത സ്പെഷൽ ഫിഷ് ഫ്രൈ വിഷ്ണു വാങ്ങി കഴിച്ചിരുന്നു. ഗോവൻ സ്റ്റൈലിലുള്ളതായിരുന്നു. വളരെ ഗംഭീരമായിരുന്നു. അങ്ങനെ ഞങ്ങളുടെ യാത്രയിൽ ഒാരോ നാടിന്റെയും രുചിയും അറിയാൻ ശ്രമിക്കാറുണ്ട്. 

രുചിവിഭവങ്ങളുടെ നാട്

യാത്രാപ്രേമികൾ ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കാൻ മാത്രമല്ല ഇറങ്ങിത്തിരിക്കുന്നത്. ആ നാടിന്റെ തനത് രുചിയറിയാൻ കൂടിയാണ്. ഒാരോ നാടിനും രുചിവൈവിധ്യമുണ്ട്. യാത്രയിലൂടെ നാടിന്റെ കാഴ്ചകൾക്കൊപ്പം രുചിവിഭവങ്ങളും ട്രൈ ചെയ്യാം. കേരളത്തിലെ രുചിവിഭവങ്ങൾ തേടി നിരവധി പേർ എത്തിച്ചേരാറുണ്ട്. വലിയ റിസോർട്ടുകളിൽ തട്ടുകട സ്റ്റൈലിൽ വരെ ഇന്ന് വിഭവങ്ങൾ അതിഥികൾക്കായി ഒരുക്കാറുണ്ട്. ഫൂഡ് ആസ്വദിക്കുവാനായി മാത്രം യാത്ര ചെയ്യുന്നവരുമുണ്ട്. ഇന്ത്യയ്ക്കുള്ളിലോ വിദേശത്തോ മാത്രമല്ല നമ്മുടെ കേരളത്തിലെ തനതു രുചി തേടിയും ആരാധകർ എത്താറുണ്ട്. നല്ല ഹെല്‍ത്തി ആയിട്ടുള്ള ഭക്ഷണസംസ്കാരമാണ് കേരളത്തിന്റേത്.  

meera3
Image Credit: Instagram-Meera Anil

ആസ്വദിച്ച് ചെയ്യുന്നവര്‍ക്ക് പാചകം ഒരു കലയാണ്. ഭക്ഷണം അപ്പോള്‍ ഒരു കലാസൃഷ്ടിയുമാണ്. എന്റെ പാചകവും പരീക്ഷണങ്ങളും ഇവിടെ അവസാനിക്കുന്നില്ല, ഇനിയും ഒരുപാട് വെറൈറ്റി രുചിക്കൂട്ടുകൾ തയാറാക്കണം.

English Summary: Meera Anil Shares her favorite food and cooking experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com