ഇതൊന്നും ഇനി കുക്കറില്‍ വയ്ക്കരുതേ! അറിയാം ഇക്കാര്യങ്ങൾ
Mail This Article
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. അടുക്കള ജോലികളിലെ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട പച്ചക്കറി വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നമ്മൾ അതിനെ ആശ്രയിക്കുന്നു. മാത്രമല്ല, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇറച്ചി അടക്കമുള്ളവ പാകമാക്കി തരുമെന്നതും കുക്കറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ കൂടി കേൾക്കണം. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും.
അരി
ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും ആശ്രയിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. കാലത്തുള്ള തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും തന്നെയും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു പുറത്തു വിടും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും.
പച്ചക്കറികൾ
ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറികൾ. പ്രധാനമായും ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പ്രഷർ കുക്കറിൽ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ പോഷകങ്ങളെല്ലാം തന്നെയും നഷ്ടപ്പെടും. അതുകൊണ്ടുതന്നെ പച്ചക്കറികളും ഇലക്കറികളുമൊക്കെ ഒരു കാടായിയിലോ പാനിലോ പാകം ചെയ്യുന്നതാണ് ഉത്തമം.
പാസ്ത
പാകം ചെയ്യുമ്പോൾ ധാരാളം സ്റ്റാർച് പുറത്തു വരുന്ന ഭക്ഷ്യവസ്തുവാണ് പാസ്ത. അതുകൊണ്ടു കുക്കറിൽ വെച്ച് ഇതൊരിക്കലും പാകം ചെയ്തെടുക്കരുത്. ഒരു പാത്രത്തിൽ വെച്ച് വേവിച്ചതിനു ശേഷം അധികം വരുന്ന വെള്ളം കളയുന്നതാണ് ആരോഗ്യത്തിനു നല്ലത്.
മൽസ്യം
വളരെ എളുപ്പത്തിൽ വെന്തു കിട്ടുന്ന ഒന്നാണ് മൽസ്യം. ആയതിനാൽ ഒരിക്കലും മൽസ്യം പ്രഷർ കുക്കറിൽ വെച്ച് വേവിച്ചെടുക്കരുത്. അങ്ങനെ ചെയ്താൽ മീൻ വെന്ത് ഉടഞ്ഞു പോകും.
ഉരുളക്കിഴങ്ങ്
സാധാരണ എല്ലാവരും തന്നെ കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ധാരാളം സ്റ്റാർച്ച് അടങ്ങിയ പച്ചക്കറിയായതു കൊണ്ടുതന്നെ ഇത് കുക്കറിൽ വെച്ച് വേവിച്ചെടുക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ കുക്കറിൽ തന്നെ വെച്ച് വേവിച്ചെടുക്കണമെന്നുണ്ടെങ്കിൽ ധാരാളം വെള്ളമൊഴിച്ചു വേവിച്ചതിനു ശേഷം കഴുകിയെടുക്കാം.
English Summary: foods you should never cooking a pressure cooker