പാലിനൊപ്പം ഇതൊന്നും കഴിക്കരുതേ! ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Mail This Article
കാൽസ്യം, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയതു കൊണ്ടാണ് പാലിനെ സമ്പൂര്‍ണ്ണ പോഷകാഹാരം എന്ന് വിളിക്കുന്നത്. എന്നിരുന്നാലും, പാല്‍ എല്ലാവര്‍ക്കും ഒരുപോലെ ദഹിക്കണമെന്നില്ല. ചില ആളുകളില്‍ പാല്‍ ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും അലർജിക്കും ഇടയാക്കും. ചില ഭക്ഷണസാധനങ്ങള്‍ പാലിനൊപ്പം കഴിക്കാതിരിക്കുന്നത് പാർശ്വഫലങ്ങളില്ലാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. പണ്ടുകാലം തൊട്ടേ പാലിനൊപ്പം കഴിക്കരുതെന്ന് നമ്മുടെ പൂര്‍വ്വികര്‍ മുന്നറിയിപ്പ് നല്‍കിയ ചില ഭക്ഷണസാധനങ്ങളുണ്ട്.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയുടെ നീര് പാലുമായി ചേരുമ്പോൾ, പാല്‍ പിരിയും. ഇത് കുടിച്ചാല്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും പാലിന്‍റെയും സിട്രസ് പഴങ്ങളുടെയും പോഷകമൂല്യം കുറയ്ക്കുകയും ചെയ്യും. ഈ പഴങ്ങൾ വെവ്വേറെ കഴിക്കുകയോ അല്ലെങ്കിൽ യോഗര്‍ട്ട് പോലെയുള്ളവയ്ക്കൊപ്പം കഴിക്കുകയോ ചെയ്യാം.
കാർബണേറ്റഡ് പാനീയങ്ങൾ
സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്‍റെ ദഹനത്തെ തടസ്സപ്പെടുത്തും. ഈ പാനീയങ്ങളിലെ കാർബണ്‍ വയറിനുള്ളിൽ അധികമായി വാതകങ്ങള്‍ സൃഷ്ടിക്കുകയും ഇത് പാലുമായി ചേരുമ്പോൾ വയറു വീർക്കുന്നതിനും അസ്വസ്ഥതയ്ക്കും ഇടയാക്കുകയും ചെയ്യും. അതിനാല്‍ പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ കാർബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. എരിവുള്ള മുളക് പോലുള്ള വസ്തുക്കള്‍ ആമാശയത്തിനുള്ളില്‍ ലാക്ടോസ് അസഹിഷ്ണുത അല്ലെങ്കിൽ പാൽ അലർജിയുടെ ലക്ഷണങ്ങൾ തീവ്രമാക്കും. അതിനാല്‍ എരിവുള്ള വിഭവങ്ങൾ കഴിക്കുമ്പോള്‍ അസ്വസ്ഥത കുറയ്ക്കുന്നതിന് ലാക്ടോസ് രഹിത പാല്‍ ഉപയോഗിക്കുക.
കഫീൻ അടങ്ങിയ പാനീയങ്ങൾ
കാപ്പി, ചായ, ചില എനർജി ഡ്രിങ്കുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പാലുമായി ചേരുമ്പോള്‍ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ ഗ്യാസിന്‍റെ പ്രശ്നമുള്ളവര്‍ ചായയ്ക്കും കാപ്പിക്കും ഒപ്പം ബദാം, സോയ, അല്ലെങ്കിൽ ഓട്സ് പാൽ ഉപയോഗിക്കുന്നതാണ് നല്ലത്.
ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ
ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍ പാലിനൊപ്പം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം. പഞ്ചസാരയുടെയും പാലുൽപ്പന്നങ്ങളുടെയും സംയോജനം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും, ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് ഇടയാക്കും.
മത്സ്യവും മാംസവും
പാലിനൊപ്പം മത്സ്യവും മാംസവും പോലുള്ളവ കഴിക്കരുതെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. പാലിന് ശരീരത്തെ തണുപ്പിക്കാനും മത്സ്യം, മാംസം മുതലായവയ്ക്ക് ശരീരം ചൂടാക്കാനുമുള്ള പ്രവണതയുണ്ട്. അതിനാൽ ഈ ഭക്ഷണങ്ങളുടെ സംയോജനം ശരീരത്തിൽ രാസ അസന്തുലിതാവസ്ഥ ഉണ്ടാക്കും. ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷനിലേക്കും ല്യൂക്കോഡെർമ / വിറ്റിലിഗോ മുതലായ അവസ്ഥകളിലേക്കും നയിച്ചേക്കാം. മാത്രമല്ല, രണ്ടു തരം പ്രോട്ടീനുകളാണ് പാലിലും മാംസത്തിലും ഉള്ളത്. ഇവ ഒരേസമയം ദഹിപ്പിക്കുന്നതിന് വ്യത്യസ്ത തരം ദഹനരസങ്ങൾ ആവശ്യമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ ദഹനവ്യവസ്ഥയെയും രോഗപ്രതിരോധ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കും.
വീട്ടിലെ ഭക്ഷ്യസുരക്ഷ - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
English Summary: Foods to avoid consuming with milk