ഇതാണ് രാകുൽ പ്രീത് സിങ്ങിന്റെ ഇഷ്ട ഉച്ചഭക്ഷണം; ടോട്ടൽ പഞ്ചാബി സ്റ്റൈൽ
Mail This Article
ബോളിവുഡ് നടീനടന്‍മാര്‍ പലപ്പോഴും വാനോളം പുകഴ്ത്തിയ ഒരു വിഭവമാണ് രാജ്മ ചാവല്‍. പഞ്ചാബില്‍ നിന്നും വന്ന വളരെ ലളിതമായ രുചിക്കൂട്ട് ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ്. രാജ്മ ഉപയോഗിച്ച് ഉണ്ടാക്കിയ കറിയും അതിനൊപ്പം ചാവല്‍ അഥവാ ചോറും ചേര്‍ത്ത് കഴിക്കുന്നതാണ് രാജ്മ ചാവല്‍ എന്നറിയപ്പെടുന്നത്. വളരെ രുചികരവും പോഷകസമൃദ്ധവുമായ ഈ കോംബിനേഷനെക്കുറിച്ച് ബോളിവുഡ് അഭിനേതാക്കള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഏറ്റവും പുതുതായി, നടി രാകുല്‍ പ്രീത് സിംഗ് ആണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാജ്മ ചാവല്‍ കഴിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. അല്‍പ്പം ചോറും രാജ്മ കറിയും ഒരു ഇലത്തോരനുമാണ് ഈ ചിത്രത്തില്‍ കാണുന്നത്.
മുന്‍പേ ബോളിവുഡ് താരം മലൈക അറോറയും ഷാഹിദ് കപൂറിന്‍റെ ഭാര്യയായ മീര കപൂറുമെല്ലാം രാജ്മ ചാവലിനോടുള്ള തങ്ങളുടെ പ്രിയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
രാജ്മ കറി ഉണ്ടാക്കാം
വേണ്ട സാധനങ്ങള്‍
രാജ്മ - 1/2 കപ്പ്
സവാള - 1
തക്കാളി - 2
ഇഞ്ചി - 1 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
മല്ലി പൊടി - 1 ടീ സ്പൂൺ
ആമ്ച്ചുർ (dry mango) പൊടി - 1/2 ടീ സ്പൂൺ
മല്ലിയില
തയാറാക്കുന്ന വിധം
രാജ്മ ഒരു 6-8 മണിക്കൂർ വെളളത്തിൽ കുതിർത്ത ശേഷം, ആ വെള്ളം കളഞ്ഞ് വേറെ വെള്ളം ഒഴിച്ച് പ്രഷർ കുക്ക് ചെയ്ത് മാറ്റിവയ്ക്കാം.തക്കാളി മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കുറച്ചു ജീരകം , ചെറിയ കഷണം പട്ട , 2 ഗ്രാമ്പു ,1 പച്ച മുളക് എന്നിവ ചേർക്കുക. തുടര്‍ന്ന് ഇഞ്ചി, സവാള എന്നിവ ഓരോന്നായി ചേർത്ത് വഴറ്റുക.സവാള വഴന്നു കഴിഞ്ഞാൽ തക്കാളി പേസ്റ്റ്, മുളക് പൊടി , മല്ലി പൊടി, ആമ്ച്ചുർ, ഉപ്പ് എന്നിവ ചേർക്കുക.ചെറിയ തീയില്‍ വേവിക്കുക.ഇത് നന്നായി തിളച്ചുവരുമ്പോള്‍ രാജ്മ ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം മല്ലിയില ചേർത്ത് ഓഫ് ചെയ്യാം.
English Summary: Rakul Preet Singh's Lunch Menu: Rajma Chawal With Green Saag