'മുളകിന് എരിവാണെന്ന് ഇനി ആരും പറയരുത്'; പച്ചമുളക് െഎസ്ക്രീം!
Mail This Article
ഭക്ഷണങ്ങളിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നേയില്ല. അതിരുകൾ ഇല്ലാതെ ദിനംപ്രതി വ്യത്യസ്തതരം വിഭവങ്ങളാണ് ഓരോരുത്തരും തയാറാക്കുന്നത്. അതിൽ തന്നെ ഏറ്റവുമധികം പരീക്ഷണങ്ങൾക്കു പാത്രമാകുന്നത് മധുരപ്രിയരുടെ സ്വന്തം ഐസ്‌ക്രീമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ ലോകത്തും നിറഞ്ഞു നിൽക്കുന്നത് ഒരിക്കലും ചേരുകയില്ലെന്നു കരുതുന്ന വിഭവങ്ങളുടെ സങ്കലനമാണ്. ഇത്തരം കൂടിച്ചേരലുകൾ വിജയമാണോ എന്ന് ചോദിച്ചാൽ അതിനുത്തരം മിക്കപ്പോഴും അല്ല എന്നാണെങ്കിലും ചിലരെങ്കിലും ഇവയൊന്ന് രുചിച്ചു നോക്കാൻ താല്പര്യം കാണിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഭവമാണ് ചില്ലി റോൾ ഐസ്ക്രീം.
ദി ഹൻഗ്രി സൂററ്റി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പുതുവിഭവത്തിന്റെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. അഹമ്മദാബാദിലെ മനേക് ചൗക്കിലെ ഒരു തെരുവ് കച്ചവടക്കാരനാണ് ഈ പരീക്ഷണ വിഭവം തയാറാക്കി വിൽക്കുന്നത്. വിഡിയോ ആരംഭിക്കുമ്പോൾ കൈനിറയെ പച്ചമുളക് കാണാവുന്നതാണ്, അവയ്ക്കൊപ്പം ഐസ്ക്രീം കൂടെ ആ ട്രേയിലേക്ക് ഒഴിച്ചതിനു ശേഷം രണ്ടും നന്നായി മിക്സ് ചെയ്യുന്നു. തുടർന്ന്, ഇത് റോൾ രൂപത്തിലാക്കി പാത്രത്തിലേക്ക് മാറ്റി, അതിനുമുകളിൽ കുറച്ചു പച്ചമുളക് കൂടി ഇട്ടു അലങ്കരിച്ചാണ് വിളമ്പി നൽകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ എരിവുള്ളതാണ് എന്ന് വിഡിയോയുടെ താഴെ എഴുതിയിട്ടുമുണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമെന്റ് ബോക്സ്. ഇത്രയധികം എരിവ് കഴിച്ചാൽ ദഹനത്തെ അത് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരെയും ഐസ് ക്രീമിന്റെ മധുരത്തിനു മുകളിൽ വരുന്ന എരിവ് ഒട്ടും നല്ലതല്ല എന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. എരിവുള്ള ഭക്ഷണം കഴിച്ചതിനു ശേഷം ആ എരിവ് മാറുന്നതിനായി ഒരല്പം മധുരം കഴിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് ഈ ഐസ്ക്രീം ലഭിച്ചാൽ എന്തായിരിക്കും പ്രതികരണമെന്നു ഒരാൾ ചോദിച്ചപ്പോൾ മുളകിന് എരിവാണെന്നു ആരോടും പറയരുതെന്നാണ് മറ്റൊരു കമെന്റ്. ആരെങ്കിലും ഇത് കഴിക്കാൻ താല്പര്യപ്പെടുമോ എന്നാണ് ഈ പുതുവിഭവത്തിന്റെ വിഡിയോ കണ്ട ഒരാളുടെ പ്രതികരണം. ഇങ്ങനെ കമെന്റുകൾ നീളുമ്പോൾ വിഡിയോ കണ്ടത് ഒരു മില്യണിലധികം ആളുകളാണ്.
English Summary: Foodies Are In Disbelief, Reason? This Chilli Roll Ice Cream From Surat