ഇനി മൈദ വീട്ടിലുണ്ടാക്കാം, ഇത്ര എളുപ്പമായിരുന്നോ?
Mail This Article
പൊറോട്ട ഉണ്ടാക്കാൻ മാത്രമല്ല, ചില പലഹാരങ്ങളിലെ പ്രധാനക്കൂട്ടായും മൈദ ഉപയോഗിക്കാറുണ്ട്. മൈദ ആരോഗ്യത്തിനു നല്ലതെല്ലെന്നു പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും സാധാരണയായി പലരും ആ പറച്ചിലിനെ കണ്ണടച്ചു ഒഴിവാക്കുകയാണ് പതിവ്. കടയിൽ നിന്നും വാങ്ങുന്ന ഈ പൊടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താലോ? വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാമെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വിഡിയോയിൽ പറയുന്നത്. ജിബിനാസ് കഫെസ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിലാണ് മൈദ തയാറാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മൈദ ഉണ്ടാക്കുന്നതിന്റെ ആദ്യപടിയായി ഒരു കിലോ റവ എടുത്തു ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. അതിലേക്കു കുറച്ചു വെള്ളമൊഴിച്ചു കൊടുക്കണം. വെള്ളമൊഴിക്കുമ്പോൾ കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇനി റവ നന്നായി കുഴയ്ക്കണം. കുഴയ്ക്കുന്നതിനനുസരിച്ച് വെള്ളം വീണ്ടും വീണ്ടും ഒഴിച്ച് കൊടുക്കാം. ഒട്ടും തന്നെയും കട്ടകൾ ഇല്ലാതെ വെള്ളത്തിന് സമാനമായി കിട്ടണം റവ. ഒഴിക്കുന്ന വെള്ളത്തിന് പ്രത്യേകിച്ച് കണക്കൊന്നുമില്ല. നന്നായി റവയും വെള്ളവും മിക്സ് ചെയ്ത പാലുപോലിരിക്കുന്ന ഈ ലായനി ഒരു അരിപ്പയിലൂടെ മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിക്കണം. ശേഷം ബാക്കിയാകുന്ന റവയുടെ അവശിഷ്ടങ്ങൾ വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. വേറെപാത്രത്തിലേക്ക് മാറ്റിയ വെള്ളം തെളിഞ്ഞു വരുന്നതിനായി ഒന്നര മണിക്കൂർ മാറ്റി വയ്ക്കാം. തെളിഞ്ഞ വെള്ളം ഊറ്റിക്കളയുന്നതാണ് അടുത്തപടി.
അതിനു ശേഷം അടിയിൽ ബാക്കിയാകുന്ന വെള്ളനിറത്തിൽ അൽപം കട്ടിയുള്ള ലായനി മൂന്നോ നാലോ പരന്ന പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കണം. ഇനി ഇത് ഉണങ്ങാനായി വെയിലത്തേയ്ക്കു മാറ്റാം. നന്നായി ഉണങ്ങിയതിനു ശേഷം ഈ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു പൊടിച്ചെടുക്കണം. കടയിൽ നിന്നും വാങ്ങുന്ന മൈദ തോറ്റുപോകുന്ന തരത്തിലുള്ള മൈദ തയാറായി കഴിഞ്ഞു.വിഡിയോ കണ്ടു ചിലരെങ്കിലും ഒരു കിലോ ഗ്രാം റവയെക്കാളും വിലക്കുറവാണ് മൈദയ്ക്ക് എന്ന തരത്തിലുള്ള കമെന്റുകൾ എഴുതിയിട്ടുണ്ടെങ്കിലും പുതിയൊരു അറിവ് ലഭിച്ചു എന്ന തരത്തിലുള്ള കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്.
English Summary:How To Make Maida At Home