ADVERTISEMENT

നമ്മൾ ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണമാണ് ചോറ്. തയാറാക്കിയെടുക്കാൻ എളുപ്പം എന്നത് മാത്രമല്ല, എല്ലാവർക്കും വാങ്ങി ഉപയോഗിക്കാൻ കഴിയുമെന്നതും ചോറിനെ സാധാരണക്കാരുടെ പ്രിയഭക്ഷണമാക്കി മാറ്റുന്നു. ധാരാളം അന്നജം അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ടുതന്നെ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഒഴിവാക്കാനാകാത്ത ശീലങ്ങളിൽ ഒന്നായി ചോറ് മാറിക്കഴിഞ്ഞു. എന്നാൽ ശരിയായ രീതിയിൽ പാചകം ചെയ്തെടുത്താൽ ചോറ് ആരോഗ്യകരമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. ദഹനത്തിന് എളുപ്പമെന്നതു മാത്രമല്ല, ധാരാളം ഫൈബറും ഇതിലടങ്ങിയിരിക്കുന്നു. ചോറ് കഴിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന അന്നജം കഴിയുന്നത്രയും ഒഴിവാക്കേണ്ടിയിരിക്കുന്നു. അതിനായി ചെയ്യേണ്ടത് വെന്ത അരിയിലെ വെള്ളം പൂർണമായും നീക്കം ചെയ്യുക എന്നത് തന്നെയാണ്. 

 

പ്രഷർ കുക്കറിലോ റൈസ് കുക്കറിലോ ആണ് കൂടുതൽ പേരും അരി വേവിച്ചെടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യമൊഴിക്കുന്ന വെള്ളം മുഴുവൻ വലിച്ചെടുത്താണ് അരി വെന്തു വരുന്നത്. അരി ഇത്തരത്തിൽ വേവിച്ചെടുക്കുന്നതു ശരിയായ രീതിയല്ലെന്നു മാത്രമല്ല, ആരോഗ്യകരവുമല്ല. പ്രത്യേകിച്ച് ദിവസവും ചോറ് ഉണ്ണുന്നവരെങ്കിൽ ഇങ്ങനെ പ്രഷറിൽ കുക്കറിൽ വെച്ച് അരി വേവിച്ചെടുത്തു കഴിക്കുന്നത് നല്ലതല്ല. മുൻകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഒരു കലത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു വേണം അരി വേവിച്ചെടുക്കാൻ. അരി പാകമായതിനു ശേഷം വെള്ളം ഊറ്റിക്കളയാം. അടുപ്പിൽ നിന്നും മാറ്റുന്ന മുറയ്ക്ക് തന്നെ വെള്ളം ഊറ്റി കളയുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ കഞ്ഞിവെള്ളം മാറ്റുകയും വേണം അതിനു ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

 

വീട്ടിലെ മുതിർന്നവർ മുൻകാലങ്ങളിൽ ചെയ്തിരുന്ന പോലെ അരി വെന്തതിനു ശേഷം കലം ഒരു അടപ്പ് ഉപയോഗിച്ച് അടച്ച് രണ്ടു കഷ്ണം തുണി കൊണ്ട് കലത്തിന്റെ ഇരുഭാഗത്തും പിടിക്കണം. അടുക്കളയിലെ സിങ്കിലേയ്ക്ക് കലം കമിഴ്ത്തി ചെരിച്ചു പിടിച്ച് കഞ്ഞി വെള്ളം മുഴുവനും ഊറ്റിക്കളയാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, തിളച്ച വെള്ളം ഊറ്റിക്കളയുമ്പോൾ സിങ്കിലെ ടാപ്പ് തുറന്നിടണം. പൈപ്പ് ഉരുകുന്നത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ കഞ്ഞിവെള്ളം ഊറ്റിക്കളയുന്ന മറ്റൊരു വഴി കൂടിയുണ്ട്. ഒരു അരിപ്പ ഉപയോഗിച്ചു വെന്ത ചോറ് കോരിയെടുക്കണം. അരിപ്പയിലൂടെ വെള്ളം മുഴുവൻ താഴേയ്ക്ക് പോകും. അതിനുശേഷം കഞ്ഞിവെള്ളം ഒട്ടും തന്നെയും ഇല്ലാതെയുള്ള ചോറ് വേറൊരു ബൗളിലേയ്ക്ക് മാറ്റാം.

English Summary: Rice It Up! Strain The Rice Water Properly With This Smart Hack - Check It Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com