ഇനി ഈ പൊറോട്ട കഴിക്കുമോ? സോഷ്യൽ ലോകത്ത് ചർച്ചയായി ആ വിഡിയോ
Mail This Article
തട്ടുകടകളിലെ രുചി നിറച്ച ഭക്ഷണങ്ങൾ ഒരിക്കലെങ്കിലും ആസ്വദിക്കാത്തവർ ചുരുക്കമായിരിക്കും. നല്ല ചൂടോടെ, കഴിക്കാൻ കിട്ടുമെന്നു മാത്രമല്ല, രുചികരമാണെന്നതും വില കുറവെന്നതുമൊക്കെ തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ വൃത്തിയുള്ള പരിസരങ്ങളിൽ വച്ച്, ശുചിത്വം പാലിച്ചു കൊണ്ടാണോ തയാറാക്കുന്നതെന്നു ചോദിച്ചാൽ ചിലപ്പോൾ അല്ല എന്ന് തന്നെയായിരിക്കും ഉത്തരം. ഒട്ടും തന്നെയും ശുചിത്വം പാലിക്കാതെ ഭക്ഷണം തയാറാക്കുന്ന ചില തട്ടുകടകാഴ്ചകൾ നാം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി തവണ കണ്ടിട്ടുണ്ട്. അത്തരമൊരു കാഴ്ച തന്നെയാണ് കഴിഞ്ഞ ദിവസവും സോഷ്യൽ ലോകത്ത് ചർച്ചയായത്.
ഇയാൻ മൈൽസ് ചിയാങ് എന്ന പേരുള്ള ഒരു എക്സ് ഉപഭോക്താവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഇന്ത്യയിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്നത്. നിങ്ങൾ ഇത് കഴിക്കുമോ? എന്ന ചോദ്യമാണ് വിഡിയോയുടെ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. ഒരു തരത്തിലുള്ള ശുചിത്വവും പാലിക്കാതെ, റോഡരികിൽ വച്ച്, കൈകൾ കഴുകുക പോലും ചെയ്യാതെ പൊറോട്ടയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നത് വിഡിയോയിൽ കാണാവുന്നതാണ്. കുഴച്ച മാവ് കുറച്ചു സമയം മാറ്റിവച്ചതിനു ശേഷം കുറേശ്ശേ എടുത്തു കൈകൾ ഉപയോഗിച്ച് തന്നെ പരത്തുകയും ഒടുവിൽ വലിയ ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ അതിലേയ്ക്കിട്ടു, പാകമാകുമ്പോൾ പാത്രത്തിൽ നിന്നും മാറ്റുകയും ചെയ്യുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് എക്സ് പ്ലാറ്റ്ഫോമിൽ നിറഞ്ഞത്. ഇത്രയും വലിയ വലുപ്പമുള്ള പൊറോട്ടകൾ ഉണ്ടാക്കുന്നത് അപൂർവമാണെന്നും സാധാരണയായി ചെറുതാണ് തയാറാക്കാറുള്ളതെന്നും ഒരു വിഭാഗം പറഞ്ഞപ്പോൾ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷം മാവ് കുഴയ്ക്കാമായിരുന്നു എന്നാണ് കുറച്ചു പേരുടെ അഭിപ്രായം. വിമർശനങ്ങൾ ധാരാളമുണ്ടെങ്കിലും ആ കച്ചവടക്കാരനെ പിന്തുണയ്ക്കുന്ന കമെന്റുകളും കാണാവുന്നതാണ്. ധാരാളം ആളുകൾ ദിവസവും കഴിക്കുന്ന ഭക്ഷണമാണെന്നും ഇങ്ങനെ തന്നെയാണ് ഇത് തയാറാക്കുന്നതെന്നുമാണ് ഒരാൾ കച്ചവടക്കാരനെ പിന്തുണച്ചു കൊണ്ട് എഴുതിയിരിക്കുന്നത്.
English Summary: This 'Parotta' Making Video Has Internet Divided On The Hygiene Question