അടുക്കളയിൽ ഇവയുണ്ടോ? പാചകം കഴിഞ്ഞ് ഗ്യാസ് അടുപ്പ് ഇനി പെട്ടെന്ന് വൃത്തിയാക്കാം
Mail This Article
ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം അടുപ്പും അടുക്കളയും വൃത്തിയാക്കിയിടുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്. പ്രത്യേകിച്ച് അടുപ്പിനു ചുറ്റുമുള്ള എണ്ണമെഴുക്കും തയാറാക്കിയ കറിയുടെ അവശേഷിപ്പുകളും തുടച്ചു മാറ്റുക എന്നത് കുറച്ചേറെ സമയം നഷ്ടപ്പെടുത്തും. എത്ര വൃത്തിയാക്കിയാലും എണ്ണമെഴുക്ക് പൂർണമായും മാറ്റിയെടുക്കാനും പ്രയാസമാണ്. എന്നാൽ ഇനി പറയുന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചോളൂ. അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഗ്യാസ് അടുപ്പിനു ചുറ്റുമുള്ള അഴുക്കുകൾ തുടച്ചെടുക്കാം.
കാപ്പി
കാപ്പി തയാറാക്കിയതിനു ശേഷം അടിയിൽ ബാക്കിയാകുന്ന കാപ്പിപ്പൊടി മതി അടുപ്പിനു ചുറ്റുമുള്ള എണ്ണമെഴുക്ക് വൃത്തിയാക്കിയെടുക്കാൻ. പാത്രങ്ങൾ, പാൻ, അടുപ്പിന്റെ മേൽവശങ്ങൾ സ്ലാബ് തുടങ്ങിയ ഭാഗങ്ങളിൽ പടർന്നു കിടക്കുന്ന എണ്ണ തുടച്ചു മാറ്റുന്നതിന് മുൻപായി ഡിഷ് വാഷിൽ മിക്സ് ചെയ്ത കാപ്പിപ്പൊടി ചെറുതായി മേല്പറഞ്ഞ ഭാഗങ്ങളിൽ തൂവി കൊടുക്കണം. ഒരു ഇരുപതു മിനിറ്റിനു ശേഷം തുടച്ചു മാറ്റാവുന്നതാണ്.
ഒലിവ് ഓയിലും വിനാഗിരിയും
സ്പ്രേ ബോട്ടിലിൽ തുല്യഅളവിൽ വിനാഗിരിയും ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് തുണിയിലോ ഒരു പേപ്പർ ടവലിലോ ഈ മിശ്രിതം സ്പ്രേ ചെയ്യാം. പതിനഞ്ചു മിനിറ്റ് മാറ്റിവെച്ചതിനു ശേഷം എണ്ണമെഴുക്കും അഴുക്കുമുള്ള എല്ലാ ഭാഗങ്ങളും തുടച്ചെടുക്കാം. അവ്ൻ, ഫ്രിജ് തുടങ്ങിയവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ഇത്തരത്തിൽ നീക്കം ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് വൃത്തിയായി കിട്ടുമെന്ന് മാത്രമല്ല, നല്ല തിളക്കം ലഭിക്കുകയും ചെയ്യും.
ബേക്കിങ് സോഡ
അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ബേക്കിങ് സോഡ കൊണ്ടും അഴുക്കുകളും എണ്ണമെഴുക്കും പാടെ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് ബേക്കിങ് സോഡ എടുത്ത് അതിലേയ്ക്ക് അല്പം മാത്രം വെള്ളമൊഴിച്ച് പേസ്റ്റ് പോലെയാക്കുക. അടുക്കളയിലെ കുക്ക് ടോപ്, സ്ലാബുകൾ, ബർണറുകൾ, അവ്ൻ തുടങ്ങിയ ഭാഗങ്ങളിൽ ഈ പേസ്റ്റ് തേച്ചുപിടിപ്പിക്കാം. പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ വെച്ചതിനു ശേഷം സ്‌ക്രബറോ സ്‌പോഞ്ചോ ഉപയോഗിച്ച് ഉരയ്ക്കാം. അതിനുശേഷം തുടച്ചെടുക്കാം.
ചെറുനാരങ്ങ നീരും ഉപ്പും
നാരങ്ങ നീരിലേയ്ക്ക് ഉപ്പ് ചേർത്ത് പേസ്റ്റ് പോലെയാക്കാം. അടുക്കളയിലെ എണ്ണമെഴുക്ക് ഉള്ള ഭാഗങ്ങളിലെല്ലാം തന്നെ ഇത് തേയ്ക്കുക. കുറച്ചു സമയം വെച്ചതിനുശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം.
വിനാഗിരി
വളരെ പണ്ട് കാലം മുതൽ തന്നെ അഴുക്കുകൾ പൂർണമായും ഇല്ലാതെയാക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് വിനാഗിരി. വിനാഗിരിയിലേക്കു തുല്യ അളവിൽ വെള്ളം കൂടിയെടുത്തു നന്നായി മിക്സ് ചെയ്യാം. എണ്ണമെഴുക്ക് ഉള്ള ഭാഗങ്ങളിലേക്ക് ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. കുറച്ചു സമയം കഴിഞ്ഞു ഒരു തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് തുടച്ചെടുക്കാം. പാത്രങ്ങൾ, പാനുകൾ എന്നിവ വൃത്തിയാക്കാനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
English Summary: How to Clean a Gas Stovetop Quickly and Easily