ഇതിനെയെങ്കിലും വെറുതേ വിടാമായിരുന്നു! ഇങ്ങനെയും ഓംലെറ്റ്
Mail This Article
തട്ടുകടകളിൽ ഭക്ഷണമുണ്ടാക്കി വിൽക്കുന്ന കച്ചവടക്കാർക്ക് ഇതെന്തു പറ്റിയെന്നു ചിന്തിച്ചു പോയാൽ അദ്ഭുതപ്പെടാനില്ല. അത്രയധികം വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. ആ പരീക്ഷണങ്ങളിൽ ചിലത് വിജയിക്കുമ്പോൾ ചിലത് അമ്പേ പരാജയപ്പെടുകയാണ് പതിവ്. ഈ പുതുവിഭവങ്ങളുടെ വിഡിയോകൾ എല്ലാംതന്നെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും വൈറലാകുകയും ചെയ്യുന്നുമുണ്ട്. അവോക്കാഡോ പാനും ന്യൂഡിൽസ് ഐസ്ക്രീമിനും ശേഷം അത്തരത്തിൽ വൈറലായ വിഭവമാണ് പോപ്‌കോൺ ഓംലെറ്റ്. ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനാണ് പുതുവിഭവത്തിന്റെ സൃഷ്ടാവ്. ബ്രെഡിനൊപ്പം വിളമ്പുന്ന ഈ ഓംലെറ്റിന് 100 രൂപയാണ് വിലയീടാക്കുന്നത്.
വിഡിയോയിൽ തെരുവ് കച്ചവടക്കാരൻ താൻ കണ്ടുപിടിച്ച വിഭവം എങ്ങനെയാണ് തയാറാക്കുന്നതെന്നു വിശദമായി തന്നെ വിവരിക്കുന്നുണ്ട്. ചൂടായ പാനിലേക്ക് ബട്ടർ ഇട്ടതിനു ശേഷം മുട്ട പൊട്ടിച്ചു ഒരു ബൗളിൽ ഇട്ടതിനു ശേഷം അതിലേക്ക് ഉള്ളി അരിഞ്ഞതും പച്ചമുളകും മഞ്ഞൾ പൊടിയും സ്പെഷ്യൽ സ്‌പൈസസും ചേർത്ത് മിക്സ് ചെയ്യുകയും സാധാരണ ഓംലെറ്റ് തയാറാക്കുന്നത് പോലെ പാനിലേക്കു ഈ കൂട്ട് ഒഴിക്കുകയും ചെയ്യുന്നു. ഇതിനു ശേഷമാണ് ട്വിസ്റ്റ്. ഒരു പോപ്‌കോൺ പാക്കറ്റ് പൊട്ടിച്ചതിനു ശേഷം അതിലുള്ള പോപ്‌കോണുകൾ ഓംലെറ്റിന് മുകളിലേക്കിട്ടു കൊടുക്കുന്നു. തുടർന്ന് മറിച്ചിട്ട ഓംലെറ്റിന് മുകളിൽ സോസൊഴിക്കുകയും ബാക്കിയുള്ള പോപ്‌കോൺ കൂടി ചേർക്കുകയും ചെയ്യുന്നു. ചീസും പോപ്‌കോണും മല്ലിയിലയും കൂടിയിട്ട് അലങ്കരിച്ച് കഴിക്കാനായി ഒരു പ്ലേറ്റിലേക്ക് മാറ്റിയതിനു ശേഷം ബ്രെഡ് കൂടി നൽകുന്നു.
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ ധാരാളം പേരാണ് പുതിയ വിഭവത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്തിനാണ് മുട്ട പോലുള്ള ആരോഗ്യകരമായ ഒരു ഭക്ഷണത്തിനു മേൽ ഇത്തരത്തിലുള്ള കടന്നുകയറ്റമെന്നാണ് കൂടുതൽ പേരുടെയും ചോദ്യം. നേരത്തെയും മുട്ടയിൽ ഇതുപോലുള്ള പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഓംലെറ്റ് തയാറാക്കുമ്പോൾ എണ്ണയ്ക്കോ ബട്ടറിനോ പകരമായി ബിയർ ചേർക്കുന്നതും മാമ്പഴ ജ്യൂസ് ചേർക്കുന്നതുമെല്ലാം നാം കണ്ടുകഴിഞ്ഞു. പുതുപരീക്ഷണ വിഭവങ്ങൾക്കെല്ലാം തന്നെ അന്ന് വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു.