ഭക്ഷണത്തിൽ ‘പ്ലഷർ വൈറ്റമിൻ’ ഇല്ലെങ്കിൽ കഴിക്കുന്നതിൽ കാര്യമുണ്ടോ?
Mail This Article
ഇഷ്ടഭക്ഷണം ഏതാണെന്നു ചോദിച്ചാൽ ഉത്തരമില്ലാത്തവർ ഉണ്ടാകുമോ? ഏറ്റവും ഇഷ്ടം എന്തിനോടെന്നു ചോദിച്ചാൽ ഭക്ഷണത്തോട് എന്നുവരെ പറഞ്ഞുകളയും നമ്മിൽ പലരും. ഇഷ്ടഭക്ഷണം യഥേഷ്ടം കഴിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. കൃത്യമായി ഡയറ്റ് നോക്കി, വിശപ്പടക്കാൻ കൃത്യമായ അളവിലും സമയത്തും മാത്രം എല്ലാ ദിവസവും ഭക്ഷണം കഴിച്ചാൽ ആർക്കാണു മടുപ്പു തോന്നാത്തത്?
ഇവിടെയാണ് ഇഷ്ടഭക്ഷണത്തിന്റെയും ഇഷ്ടത്തോടെ ഭക്ഷിക്കുന്നതിന്റെയും പ്രസക്തി. വിശപ്പു ശമിക്കുന്നതിനപ്പുറം, മനസ്സിന് ആവശ്യമായ ‘വൈറ്റമിൻ പി’ കൂടി നൽകാൻ ഭക്ഷണത്തിനു കഴിയണമെന്നാണു പ്രമാണം. വൈറ്റമിൻ പി (Vitamin P) എന്നാൽ ‘പ്ലഷർ വൈറ്റമിൻ’. പൂർണതൃപ്തിയോടെ ഭക്ഷണം കഴിച്ചെഴുന്നേൽക്കുമ്പോൾ വയറു നിറയുക മാത്രമല്ല, തലച്ചോറിൽ സന്തോഷ ഹോർമോൺ ആയ ഡോപമിൻ കൂടുതലായി ഉൽപാദിപ്പിക്കുകയും ചെയ്യുമത്രേ. ഡയറ്റിന്റെ പേരിലും മറ്റും അത്ര താൽപര്യമില്ലാത്ത ഭക്ഷണം വിഷമിച്ചു കഴിക്കുന്നതു തലച്ചോറിനെ മുതൽ നാഡീവ്യൂഹത്തെ വരെ തളർത്തും. മറിച്ചാണെങ്കിൽ ഇവരെല്ലാം കൂടുതൽ ഉഷാറാകും. ഭക്ഷണം വയറിനൊപ്പം മനസ്സും നിറച്ചാൽ നമ്മുടെ പെരുമാറ്റത്തിലും അതു പ്രതിഫലിക്കും. ശരീരവും മനസ്സും ഒരുപോലെ ഉഷാറാകും. അനാവശ്യവും പരിധിവിട്ടുമുള്ള ഡയറ്റ് സംസ്കാരത്തിനു പിടികൊടുക്കാതിരിക്കാം. ഇങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട്, മറ്റു പോഷകാംശങ്ങൾക്കു നൽകുന്ന അതേ പ്രാധാന്യം ഭക്ഷണത്തിലെ ‘വൈറ്റമിൻ പി’ക്കും നൽകണം. അതേസമയം, ‘വൈറ്റിമിൻ പി’ ഡയറ്റിനെ ഇമോഷനൽ ഈറ്റിങ് ആയി തെറ്റിദ്ധരിക്കുകയുമരുത്. സങ്കടമോ ദേഷ്യമോ ടെൻഷനോ ഒക്കെ ‘തിന്നുതീർക്കുന്ന’ ദുശ്ശീലമാണ് ഇമോഷനൽ ഈറ്റിങ്; ആരോഗ്യം മറന്നും പരിധിവിട്ടുമുള്ള ഭക്ഷണശീലം. വൈറ്റമിൻ പി ഡയറ്റ് എന്നാൽ കഴിക്കേണ്ട സമയത്തു നിശ്ചിത അളവിൽ അവനവനു കൂടുതൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്നതാണ്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ