സവാള അരിഞ്ഞു ഫ്രിജിൽ വയ്ക്കാമോ? ഇതറിയാതെ പോകരുത്!
Mail This Article
മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും ഉപകാരപ്രദമായവ ഏതെന്നു ചോദിച്ചാൽ അതിലൊന്ന് റഫ്രിജിറേറ്റർ തന്നെയാണ്. ബാക്കിയാകുന്ന ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുക, പച്ചക്കറികളും പഴങ്ങളും ഉപയോഗശൂന്യമാകാതെ വയ്ക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഫ്രിജ് ഉപയോഗിക്കാറുണ്ട്. കാലത്തു ജോലിക്കു പോകാനുള്ള തിരക്കിനിടയിൽ ഭക്ഷണം പാകം ചെയ്യാനായി പച്ചക്കറികൾ അരിഞ്ഞെടുക്കുക എന്നത് ഒരല്പം സമയം നഷ്ടപ്പെടുത്തുന്ന കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ പലരും തലേ ദിവസം തന്നെ പച്ചക്കറികൾ അരിഞ്ഞു ഫ്രിജിൽ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് പണികൾ എളുപ്പമാക്കുമെങ്കിലും സവാള അരിഞ്ഞു ഫ്രിജിൽ വയ്ക്കുന്നത് നല്ലതല്ല. എന്തുകൊണ്ടാണെന്ന് നോക്കാം.
സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ ആണ് അതിന്റെ ഗന്ധത്തിനും അതുപോലെ തന്നെ അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നതിനും ഇടയാക്കുന്നത്. സവാള അല്ലെങ്കിൽ ചെറിയുള്ളി അരിഞ്ഞു ഫ്രിജിൽ വയ്ക്കുന്നതു വഴി അവയിൽ ബാക്ടീരിയകൾ വളരും. രോഗകാരികളായ ഇവ സവാളയെ ഉപയോഗ ശൂന്യമാക്കുന്നു. ഇതൊന്നും അറിയാതെ ഈ സവാള എടുത്തു കറിയുണ്ടാക്കിയാലോ ഉദര സംബന്ധമായ അസുഖങ്ങൾക്കും സാധ്യതയുണ്ട്. മാത്രമല്ല, അധികനേരം ഫ്രിജിൽ സൂക്ഷിക്കുക വഴി പോഷകഘടങ്ങളെല്ലാം നഷ്ടപ്പെടുന്നതിനുമിടയുണ്ട്. ഉള്ളി അരിയുമ്പോൾ കൈകളിൽ അതിന്റെ നീര് പറ്റാനിടയുണ്ട്. അത് വായുവുമായി സമ്പർക്കത്തിലേർപ്പെടുമ്പോഴും ബാക്റ്റീരിയകൾ ഉണ്ടാകും. അതുകൊണ്ടു കൂടിയാണ് സവാള ഫ്രിജിൽ വയ്ക്കരുതെന്ന് പറയുന്നത്.
ഉള്ളി അല്ലെങ്കിൽ സവാള ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.
അരിഞ്ഞെടുത്ത സവാള അല്ലെങ്കിൽ ഉള്ളി ഒരു കണ്ടെയ്നറിനുള്ളിലാക്കി അടച്ചു വയ്ക്കണം. പുറത്തുള്ള വായുവുമായി ഒരു സമ്പർക്കവും പാടില്ല. ഇങ്ങനെ വയ്ക്കുന്ന പക്ഷം ഏറെ നേരം സവാള കേടുകൂടാതെയിരിക്കും.
ഒരു പോളിത്തീൻ കവറിനുള്ളിൽ അരിഞ്ഞ സവാള എടുത്തുവെച്ചാലും സവാള ഉപയോഗ ശൂന്യമാകാതെയിരിക്കും.
തലേദിവസമാണ് സവാള അരിഞ്ഞു വയ്ക്കുന്നതെങ്കിൽ ഒരു ഗ്ലാസ് ജാറിനുള്ളിൽ അടച്ചു ഫ്രിജിൽ വെച്ചാലും മതിയാകും. കേടുകൂടാതെ കുറേസമയമിരിക്കും.
ഒരിക്കലും അരിഞ്ഞ സവാള തുറന്ന് ഫ്രിജിൽ വെയ്ക്കരുത്. എല്ലായ്‌പ്പോഴും നന്നായി അടച്ച് വയ്ക്കണം.