ADVERTISEMENT

മീൻ വറുത്തതു കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ? സസ്യാഹാര പ്രിയരല്ലാത്തവർക്കെല്ലാം മീൻ കൂട്ടി ചോറുണ്ണാനായിരിക്കും ഏറ്റവുമിഷ്ടം. ചിക്കനോ ബീഫോ കഴിക്കാൻ താല്പര്യമുള്ളവരെങ്കിലും  മീൻ കറിയും വറുത്ത മീനും കൂട്ടി ഊണ് കഴിക്കുന്നതായിരിക്കും ഏറ്റവും സംതൃപ്തി നൽകുന്നതെന്നായിരിക്കും കൂടുതൽ പേരും പറയുന്നത്. ചില റസ്റ്ററന്റിൽ നിന്നും കഴിക്കുന്ന വറുത്ത  മീനിന്റെ രുചി ചിലപ്പോൾ ചിലരെ അതിന്റെ ആരാധകരാക്കി മാറ്റും. വീട്ടിൽ വന്ന് ആ രുചിയൊന്നു പരീക്ഷിക്കാമെന്നു വിചാരിച്ചാൽ അതുപോലെ ചിലപ്പോൾ ശരിയായെന്നു വരുകയുമില്ല. എന്നാൽ ഇനി വിഷമിക്കണ്ട, റസ്റ്ററന്റിൽ തയാറാക്കുന്ന അതേ മസാലയിലും രുചിയിലും വീട്ടിൽ മീൻ വറുത്തത് തയാറാക്കാം. ഫുഡി മല്ലു കോഴിക്കോട് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് സ്പെഷൽ മസാലയിൽ മീൻ വറുക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വറുക്കാനെടുക്കുന്ന മീനിന്റെ എണ്ണമനുസരിച്ച് മസാല തയാറാക്കാം. അതിനായി ആവശ്യമുള്ളവ, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, തക്കാളി, ഉപ്പ്, കാശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, കുറച്ച് വാളൻ പുളി എന്നിവയാണ്. ഈ ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു അരച്ചെടുക്കുക. ആ പേസ്റ്റിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി പേസ്റ്റ് പോലെ അരച്ചെടുക്കണം. ഇനി ഈ തയാറാക്കിയ മസാല വറുക്കാനായി എടുത്തിരിക്കുന്ന മീനിന് മുകളിലായി തേച്ച് പിടിപ്പിക്കണം. തയാറാക്കിയ മസാലയുടെ പകുതി മാറ്റിവയ്ക്കാൻ മറക്കരുത്. അര മണിക്കൂറിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ മീൻ ഇട്ടുകൊടുക്കാം. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു വന്നതിനുശേഷം നേരത്തെ മാറ്റി വെച്ചിരിക്കുന്ന ആ മസാല കൂടി എണ്ണയിലേയ്ക്കിട്ടു കൊടുത്ത് നന്നായി മൂപ്പിച്ചെടുക്കണം. എണ്ണയിൽ കിടന്നു മൂത്ത മസാല, മീനിന്റെ മുകളിൽ തേച്ചു പിടിപ്പിക്കുക കൂടി ചെയ്യുന്നതോടെ റസ്റ്ററന്റ് രീതിയിലുള്ള മീൻ വറുത്തത് തയാറായി കഴിഞ്ഞു. 

ഇനി മീൻ വാങ്ങി വറുക്കാനായി എടുക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. മസാലയിൽ കിടന്നു മൊരിഞ്ഞ മീനിന്റെ രുചിയെ കുറിച്ച് കൂടുതൽ വിവരിക്കേണ്ട കാര്യമില്ലല്ലോ. ആ മസാല മാത്രം മതി ഒരു പറ ചോറുണ്ണാൻ. റസ്റ്ററന്റിൽ നിന്നും ലഭിക്കുന്ന മീൻ വറുത്തതിനെക്കാൾ രുചി കൂടുതലായിരിക്കും ഇങ്ങനെ മസാല തയാറാക്കി മീൻ വറുത്തെടുക്കുമ്പോൾ.

English Summary:

easy fish fry recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com