ഉലുവയിലയുടെ കയ്പ്പ് മാറ്റാൻ വഴിയുണ്ട്; മുടിക്കും ചർമത്തിനും സൂപ്പറാണ് ഈ ചീര
Mail This Article
ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും എണ്ണമറ്റ ഗുണങ്ങളെ നൽകാൻ ശേഷിയുള്ള ഒന്നാണ് ഉലുവയിലകൾ. മുടിക്കും ചർമത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഇതിനു പറ്റുമെന്ന് ആയുർവേദം പോലും ശുപാർശ ചെയ്യുന്നുണ്ട്. ഉലുവ ഇലകളിൽ കലോറി കുറവും ലയിക്കുന്ന ഫൈബർ കണ്ടന്റും കൂടുതലുമാണുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണക്രമം നിയന്ത്രിക്കുന്നവർക്കും കലോറി ഉപഭോഗം നിരീക്ഷിക്കുന്നവർക്കുമെല്ലാം അനുയോജ്യമായ ഒന്നാണിത്. ഈ ഇലകൾ ചേർത്ത് തയാറാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു കഴിയുന്ന ഒരാൾക്ക് കൂടുതൽ സമയം വയറു നിറഞ്ഞതായി അനുഭവപ്പെടുകയും ഇത് വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു.
കഴിച്ച ഭക്ഷണത്തിൽ കൂടുതൽ സംതൃപ്തി തോന്നുന്നതിനൊപ്പം, നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും ഇതിന് കഴിയും. വിറ്റാമിനുകൾ എ, സി, കെ എന്നിവയും കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഉൾപ്പെടുന്ന അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉലുവ ചീര. ദഹനത്തെ സഹായിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, മെറ്റബോളിസം വർധിപ്പിക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്. പക്ഷേ, നാമെല്ലാവരും അനുഭവിക്കുന്ന ഒരു വെല്ലുവിളി അതിന്റെ കയ്പ്പാണ്. ഈ ഇലകളുടെ കയ്പ്പ് മികച്ച വിഭവങ്ങളുടെ പോലും രുചി നശിപ്പിക്കുന്നു. അതിനാൽ, ഈ ഇലക്കറിയുടെ കയ്പ്പ് നീക്കം ചെയ്യാനും കൂടുതൽ ഭക്ഷ്യയോഗ്യമാക്കാനും സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ.
മുറിക്കുന്ന രീതി മാറ്റുക
ഉലുവ മുറിക്കുന്ന രീതിയും അതിന്റെ കയ്പ്പ് വർദ്ധിപ്പിക്കുന്നു. അതായത്, തണ്ടിനൊപ്പം ഇലകൾ മുറിച്ചാൽ, തണ്ടിന്റെ കയ്പ്പ് പച്ചക്കറിയിലേക്ക് പോകും, അതിനാൽ ഉലുവയുടെ ഇലകൾ മാത്രം ഉപയോഗിക്കുക എന്നതാണ് പരിഹാരം.
ഉപ്പുവെള്ള ലായനിയിൽ മുക്കിവയ്ക്കുക
ഉലുവയുടെ കയ്പ്പ് അകറ്റാൻ അരിഞ്ഞതിന് ശേഷം ഉപ്പുവെള്ളത്തിൽ കുറച്ച് നേരം കുതിർക്കുക. ഏകദേശം 25-30 മിനിറ്റിനു ശേഷം ഉപയോഗിക്കാം. കയ്പക്കയുടെ കയ്പ്പ് നീക്കാനും ഈ രീതി ഫലപ്രദമാണ്.
നാരങ്ങ വെള്ളം ഉപയോഗിച്ച് കഴുകുക
ഉലുവയുടെ കയ്പ്പ് അകറ്റാൻ നാരങ്ങയുടെ പുളി വളരെ ഫലപ്രദമാണ്. ചീര അരിഞ്ഞതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കുക. ശേഷം അതിൽ 2 സ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക, അതിലേക്ക് ഉലുവ ഇലകൾ ചേർത്ത് 3-4 മിനിറ്റ് വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൻ ഇലയുടെ കയ്പ്പ് ഒരു പരിധിവരെ കുറയ്ക്കാനാകും.