അമിതവണ്ണം കുറയ്ക്കാൻ ഇതുമതിയോ? കൂടുതൽ കഴിച്ചാൽ എന്ത് സംഭവിക്കും
Mail This Article
അമിതവണ്ണം ചിലരെയെങ്കിലും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ്. വ്യായാമങ്ങളും നിത്യവുമുള്ള ഭക്ഷണ ക്രമീകരണങ്ങളുമൊക്കെ പരീക്ഷിച്ചിട്ടും വണ്ണം കുറയാത്തവരുണ്ടാകും. എന്നാൽ ചില പ്രകൃതിദത്തമായ ഫലങ്ങൾ അമിതവണ്ണത്തിനു പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. വളരെ കാലങ്ങൾക്കു മുൻപ് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് കുടംപുളി. സാധാരണയായി മീൻ കറിയിൽ ഉപയോഗിച്ച് വരുന്ന കുടംപുളിയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. മലബാർ ടാമറിൻഡ് എന്നറിയപ്പെടുന്ന കുടംപുളി ദക്ഷിണേന്ത്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്. കാലാകാലങ്ങളായി കറികളിൽ ഉപയോഗിച്ച് വരുന്ന കുടംപുളി യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇത് കൂടുതൽ കഴിച്ചാൽ എന്ത് സംഭവിക്കും?
കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സിസിട്രിക് ആസിഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, വിശപ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ശരീരത്തിലുണ്ടാകുന്ന അമിതമായ കൊഴുപ്പിനെ തടയുകയും എളുപ്പത്തിൽ ഭക്ഷണത്തെ ദഹിപ്പിക്കുമെന്നും പറയപ്പെടുന്നു.
എന്താണ് ഹൈഡ്രോക്സിസിട്രിക് ആസിഡ്?
കുടംപുളിയിലെ ഹൈഡ്രോക്സിസിട്രിക് ആസിഡ് ഇൻസുലിൻ മാനേജ്മെന്റിന് സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. പഠനങ്ങൾ പ്രകാരം വിശപ്പിനെ അടക്കി നിർത്താനും കുടംപുളിയ്ക്ക് കഴിവുണ്ട്. ഹൈഡ്രോക്സിസിട്രിക് ആസിഡ് മസ്തിഷ്കത്തിലെ സെറോടോണിന്റെ അളവ് വർധിപ്പിക്കുന്നു. ഫലമോ വിശപ്പ് കുറയുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും കലോറിയിലും ഈ വ്യത്യാസം കാണുവാനും കഴിയും. ഹൈഡ്രോക്സിസിട്രിക് ആസിഡ്, സിട്രേറ്റ് ലൈസ് എന്ന എൻസൈമിനെ തടയുകയും ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പ് ആയി മാറുന്നതിനെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത് പ്രകാരം കുടംപുളി കൂടുതൽ കഴിക്കുന്നത് ഒട്ടും ഗുണകരമല്ല. മാത്രമല്ല, ശരീരഭാരം കുറയുമെന്നു പറയുന്നതിന് ശാസ്ത്രീയമായ പഠനങ്ങൾ ഇനിയുമേറെ വേണം. കുടംപുളി അധികം കഴിക്കുന്നത് കഠിനമായ ശാരീരിക അസ്വസ്ഥതകൾക്കു വഴിവെയ്ക്കും. കരളിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും.