ഈ പരിഷ്കാരം ഇത്തിരി കടന്നുപോയി! മോമോസും സോസും മയോണൈസുമിട്ട ചായ; എങ്ങോട്ടാ ഈ പോക്ക്?
Mail This Article
ഇന്‍റര്‍നെറ്റിന്‍റെ മുഴുവന്‍ വെറുപ്പും ഏറ്റുവാങ്ങി, മറ്റൊരു വിഭവം കൂടി വൈറലാവുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന രണ്ടു വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിചിത്രമായ ഒരു വിഭവം തയാറാക്കിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള വ്ളോഗറായ കാശിഫ്. ഇതിന്‍റെ പേരുകേട്ടാല്‍ തന്നെ ഞെട്ടും - മോമോസ് ചായ!
വിഡിയോയില്‍ ഇയാള്‍, ചായയിലേക്ക് മോമോസ് ഇടുന്നത് കാണാം. അവിടെ നിർത്തുന്നില്ല, മയോന്നൈസ്, ഷെസ്വാൻ ചട്നി എന്നിവയും ചായയിലേക്ക് ചേര്‍ത്തു. മിശ്രിതം അരിച്ചെടുക്കാതെ, അവൻ ഈ മോമോ ചായ ഒരു കപ്പിലേക്ക് ഒഴിച്ചു. ചായയിലെ മോമോ കടിച്ചപ്പോൾ ഇയാള്‍ അത് പെട്ടെന്ന് തുപ്പിക്കളയുന്നതും കാണാം.
ഏലക്കയും ഇഞ്ചിയും ഗ്രാമ്പൂ, പെരുംജീരകം തുടങ്ങിയവയുമെല്ലാം ചേര്‍ത്ത ചായ ഇന്ത്യക്കാരുടെ അടിസ്ഥാന ഭക്ഷണങ്ങളില്‍ ഒന്നാണ് എന്നുതന്നെ പറയാം. ചായയില്ലാതെ ഒരുദിനം തുടങ്ങുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവരാണ് പലരും. ഹെർബൽ ഗ്രീൻ ടീ, ഗ്രീൻ ടീ, ചമോമൈൽ ടീ എന്നിങ്ങനെ ആരോഗ്യകരമായ വിവിധ ഓപ്ഷനുകൾ പിന്നീട് വന്നു. ഫ്രൂട്ട് ചായ, മുട്ട ചായ, ആപ്പിൾ ചായ, ഹജ്മോള ചായ എന്നിങ്ങനെയുള്ള വെറൈറ്റി ചായകളും ഇന്‍റര്‍നെറ്റിലെങ്ങും വൈറലായിരുന്നു. എന്നാല്‍ മോമോസ് ചായ പോലെ, ആളുകള്‍ ഇത്രയും വെറുത്തു പോയ ഒരു ചായ വിഭവം വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്.
ഈ പോസ്റ്റിനടിയിൽ ചായ പ്രേമികളുടെ കമന്റുകൾ നിറഞ്ഞിരിക്കുന്നത് കാണാം. ചായ പ്രേമികൾക്ക് നേരെയുള്ള ഗുരുതരമായ ആക്രമണമാണ് ഇതെന്ന് ഒരാള്‍ എഴുതി. ദയവായി ചായയെ വെറുതെ വിടൂ എന്ന് മറ്റൊരാള്‍ പറയുന്നു. നരകത്തില്‍പ്പോലും നിങ്ങള്‍ക്ക് ഇടം കിട്ടില്ലെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഈ ചായ കുടിച്ചാൽ മരിച്ചുപോകുമെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.