ആലിയ ഭട്ടിന്റെ ഇഷ്ട കേക്ക് ലണ്ടനിൽ മാത്രമല്ല ഇനി കൊച്ചിയിലും കിട്ടും; ആ മധുരകൂട്ടിനു പിന്നിൽ ഇരുപത്തിനാലുകാരി അയിഷ ഹദീൽ
Mail This Article
ബോളിവുഡിലെ താരറാണി ആലിയ ഭട്ടിന് ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ ഭർത്താവ് രൺബീർ കപൂർ സമ്മാനിച്ചത് ഒരു സ്പെഷൽ കേക്ക് ആയിരുന്നു. ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക്. അധികമൊന്നും പ്രശസ്തമല്ലാതിരുന്നു ആ കേക്ക് ആലിയയുടെ പിറന്നാളിന് അതിമധുരം സമ്മാനിച്ചപ്പോൾ ട്രെസ് ലെച്ചെസ് മിൽക്ക് കേക്കിന്റെ രുചിയറിയാനായിരുന്നു മധുരപ്രിയർക്കു തിടുക്കം. ലെറ്റോ എന്ന ലണ്ടൻ കഫേ ആയിരുന്നു ആലിയക്ക് വേണ്ടി ആ കേക്ക് തയാറാക്കിയത്. ആലിയയുടെ മനം നിറച്ച ആ കേക്ക് തിരഞ്ഞു ഇനി നമുക്ക് അധികദൂരം പോകേണ്ട, കൊച്ചിയിലും ലഭ്യമാണ് ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക്.
ഹാഡ്‌ലെസ് കേക്ക്സ് കൊച്ചി എന്ന ഇൻസ്റ്റഗ്രാം പേജ് മധുരപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. അയിഷ ഹദീൽ എന്ന ഇരുപത്തിനാലുകാരിയാണ് കേക്കിന്റെ മധുരം പകർന്നു കൊണ്ട് ആ പേജിനു പുറകിൽ. അധികം പരിചിതമല്ലാതിരുന്ന ട്രെസ് ലെച്ചെസ് മിൽക്ക് കേക്കിന്റെ രുചിയും കൊച്ചിയ്ക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് അയിഷ. വളർന്നു വരുന്ന സ്ത്രീ സംരംഭകർക്കായി ലേ മെറിഡിയനിൽ ഒക്‌ടോബർ 28 നു നടക്കുന്ന കൊച്ചി മെർകാറ്റോ സീസൺ 6 എന്ന ഇവന്റിൽ സൂപ്പർ ഹിറ്റായ ആ കേക്കും അണിനിരന്നിട്ടുണ്ട്.
ആലിയ ഭട്ടിന്റെ കേക്ക് തരംഗമായതോടെ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചു വരുന്ന കേക്കായി ഇത് മാറിയെന്നു അയിഷ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തോളമായി താൻ ഇത് ഉണ്ടാക്കുന്നുണ്ടെങ്കിലും കൂടുതൽ പേർ ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക് അന്വേഷിച്ചെത്തുന്നത് ഇപ്പോഴാണ്. കേക്കുകൾ തയാറാക്കുന്നത് കുറച്ചേറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് എല്ലാവരുടെയും തന്നെ ധാരണ. എന്നാൽ അതൊരിക്കലും എളുപ്പവുമല്ല. ഒന്ന് ശ്രമിച്ചാൽ ആർക്കും ചെയ്യാവുന്നതേയുള്ളൂ. താൻ തയാറാക്കുന്ന കേക്കിനു പിന്നിൽ ആ മധുരം പകരുന്ന ചെറിയൊരു രഹസ്യം ഒളിപ്പിക്കാനും ടെക്കിയും ബേക്കറുമായ അയിഷ മറക്കുന്നില്ല. ചീസ് കേക്കുകൾ, ബ്രൗണികൾ, ബ്രൗണി ടവേഴ്സ് തുടങ്ങി അയിഷയുടെ കയ്യൊപ്പ് പതിഞ്ഞ നിരവധി ഡെസേർട്ടുകൾ ആ ഇവെന്റിലുണ്ട്.
ചോക്ലേറ്റ് തനിക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ അതിൽ പരീക്ഷണങ്ങൾ നടത്താറുണ്ടെന്നും അയിഷ പറയുന്നു. വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച പദാർത്ഥങ്ങൾ മാത്രമേ താൻ തയാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാറുള്ളൂ. രുചിയിലും ഗുണനിലവാരത്തിലും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യുകയില്ലന്നും ബേക്കറുടെ സാക്ഷ്യം. ടി സി എസ്സിൽ ജോലി ചെയ്യുന്ന അയിഷ അധികം വൈകാതെ തന്നെ ഒരു മുഴുവൻ സമയ ബേക്കർ ആകാനുള്ള തയാറെടുപ്പിലാണ്.