വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാനും ഈ ചായ സൂപ്പർ
Mail This Article
ചായ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്തവർ കുറവായിരിക്കും. എന്നാൽ തേയിലയും പഞ്ചസാരയും വെള്ളവും ചേർത്ത് തയാറാക്കുന്ന ചായ കുടിക്കുന്നത് നല്ലതെന്നു ഒരു കൂട്ടർ പറയുമ്പോൾ അനാരോഗ്യകരമെന്നു വാദിക്കുന്നു ഒരു വിഭാഗം. എന്നാൽ ഇനി ചായയെ ആരോഗ്യകരമായ പാനീയമാക്കി മാറ്റാം. എങ്ങനെയെന്നല്ലേ? നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും കറിക്കൂട്ടുകളും മതിയാകും വിശപ്പിനെ നിയന്ത്രിച്ചു ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും. എങ്ങനെയാണ് ഈ ചായകൾ തയാറാക്കുന്നതെന്നു നോക്കാം.
കറുവപ്പട്ട ചായ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുവാൻ കറുവപ്പട്ടയ്ക്ക് കഴിയും. ഇൻസുലിന്റെ സംവേദന ക്ഷമത മെച്ചപ്പെടുത്തുന്നത് വഴി മധുരം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.
ചായ തയാറാക്കുന്നതിനായി കറുവപ്പട്ട ഒരു കഷ്ണം അല്ലെങ്കിൽ അര ടീസ്പൂൺ പൊടി ചൂട് വെള്ളത്തിലിട്ടു തിളപ്പിച്ച് എടുക്കാവുന്നതാണ്.
ഇഞ്ചി ചായ
ശരീരത്തിലെത്തുന്ന അധിക കലോറിയെ ദഹിപ്പിച്ചു കളയാനുള്ള ശേഷി ഇഞ്ചിയ്ക്കുണ്ട്. മാത്രമല്ല, ദഹന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഇഞ്ചി ചെറുതായി ഗ്രേറ്റ് ചെയ്തോ അല്ലെങ്കിൽ കഷ്ണങ്ങളായി മുറിച്ചോ വെള്ളത്തിലിട്ടു തിളപ്പിച്ച് ചായ തയാറാക്കാം.
മഞ്ഞൾ ചായ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനിൽ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനിതു സഹായിക്കുന്നു. മാത്രമല്ല, ആരോഗ്യത്തിനു പൊതുവെയിതു അത്യുത്തമവുമാണ്.
മഞ്ഞൾ, കുരുമുളക് ഇവ പാലിനൊപ്പം ചേർത്ത് തിളപ്പിച്ച് ഗോൾഡൻ മിൽക്ക് എന്ന പേരിൽ അറിയപ്പെടുന്ന ചായ തയാറാക്കിയെടുക്കാം.
കുരുമുളക് ചായ
ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒരു സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. വിശപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.
തിളച്ച വെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടി ചേർത്ത് ചായ തയാറാക്കാം. മധുരത്തിനും ഗന്ധത്തിനുമായി തേനും ചെറുനാരങ്ങ നീരും ചേർക്കാവുന്നതാണ്.
പെരുംജീരകം ചായ
അമിതമായി ഭക്ഷണം കഴിക്കുന്നതു നിയന്ത്രിക്കാനുള്ള കഴിവ് ഈ ചായ്ക്കുണ്ട്. മാത്രമല്ല, ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
വെള്ളത്തിൽ ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് തിളപ്പിച്ച് ചായ തയാറാക്കിയെടുക്കാവുന്നതാണ്.
ജീരകം
ശരീര ഭാരം കുറയുന്നതിന് പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഒരു ചായയാണിത്. ദിവസവും ജീരകം കഴിക്കുന്നത് ശരീരത്തിലെത്തുന്ന അധിക കലോറികളെ ഇല്ലാതെയാക്കാൻ സഹായിക്കും. കൂടാതെ, ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
ജീരകം ചേർത്ത് വെള്ളം തിളപ്പിച്ചാണ് ചായ തയാറാക്കിയെടുക്കുന്നത്.