കണ്ണ് കലങ്ങേണ്ട, ചെറിയുള്ളി പെട്ടെന്ന് പൊളിച്ചെടുക്കാൻ ഇത് പരീക്ഷിക്കാം
Mail This Article
കറികളുടെ രുചി വർധിപ്പിക്കുന്നതിൽ ചെറിയുള്ളിയ്ക്കുള്ള പങ്ക് ചെറുതല്ല. നാടൻ കറികളിൽ തുടങ്ങി ചിക്കനും മീനും വരെ സ്വാദേറിയതാക്കാൻ ഉള്ളി ചേർക്കാവുന്നതാണ്. എന്നാൽ ജോലി തിരക്കിനിടയിൽ കറികളുടെ രുചിയിൽ ചിലപ്പോഴൊക്കെ വിട്ടുവീഴ്ചകൾ ചെയ്യാൻ ചിലരെങ്കിലും നിർബന്ധിതരാകും. ഉള്ളിക്കു പകരമായി സവാള ചേർത്താണ് പലരും കറികൾ തയാറാക്കുക. അങ്ങനെ ചെയ്യുമ്പോഴോ യഥാർഥ രുചി ലഭിക്കുകയും ചെയ്യില്ല. തൊലി കളയാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇനി കറികളിൽ ചെറിയുള്ളി ചേർക്കാതിരിക്കണ്ട. വളരെ എളുപ്പത്തിൽ ചെറിയുള്ളിയുടെ തൊലി കളയാനുള്ള ഒരു വിദ്യ പങ്കുവച്ചിരിക്കുകയാണ് സ്വർണം കിച്ചൻ എന്ന യൂട്യൂബ് ചാനലിലൂടെ.
അധികം പഴക്കമില്ലാത്ത, ഫ്രഷ് ഉള്ളി വളരെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കുന്ന രീതിയാണ് വിഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത്, ആവശ്യമുള്ളത്രയും ഉള്ളി അരമണിക്കൂറോളം ആ വെള്ളത്തിലിട്ടു വെയ്ക്കാം. അങ്ങനെ ചെയ്യുന്നതിന് മുൻപായി ഉള്ളിയുടെ മുകൾ, താഴ് ഭാഗങ്ങൾ മുറിച്ചു മാറ്റുന്നത് വളരെ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ സഹായിക്കും. അര മണിക്കൂറിനു ശേഷം ഉള്ളി വെള്ളം വാർന്നു പോകാനായി ഒരു അരിപ്പ പാത്രത്തിലേയ്ക്ക് മാറ്റാം. ഇനി ഓരോ ഉള്ളിയായി എടുത്ത് കൈകൾ ഉപയോഗിച്ച് തൊലി കളയാവുന്നതാണ്. കത്തി പോലും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. വളരെ പെട്ടെന്ന് തന്നെ തൊലി അടർത്തി മാറ്റാൻ സാധിക്കും.
ഇത്തരത്തിൽ നമുക്ക് ആവശ്യമുള്ളത്രയും ഉള്ളി തൊലി കളഞ്ഞു എടുക്കാവുന്നതാണ്. ഒരു വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിനുള്ളിൽ സൂക്ഷിക്കാവുന്നതാണ്. രണ്ടു മുതൽ മൂന്നു ദിവസം വരെ യാതൊരു കേടും കൂടാതെയിരിക്കും. ജോലി തിരക്കിനിടയിൽ ഉള്ളി തൊലി കളയാനുള്ള ബുദ്ധിമുട്ട് ഇനി മറക്കാം. അവധി ദിനങ്ങളിൽ ഇത്തരത്തിൽ തയാറാക്കി വച്ചാൽ കറികളിൽ ചേർക്കാവുന്നതാണ്.