ADVERTISEMENT

ഭക്ഷണപ്രേമിയാണു താനെന്നു പറയാൻ ഒരു മടിയുമില്ല നടി ശാലിന്‍ സോയയ്ക്ക്. ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം തിരയുക അന്നാട്ടിലെ സ്പെഷൽ വിഭവങ്ങളാണ്. കഴിക്കാൻ മാത്രമല്ല, അത്യാവശ്യം പാചകം ചെയ്യാനും ശാലിൻ റെഡിയാണ്. പാചക പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും ഏറ്റവും എളുപ്പമുണ്ടാക്കാവുന്ന വിഭവങ്ങളാണ് കൂടുതൽ തയാറാക്കുന്നത്. എല്ലാത്തരം വിഭവങ്ങളും കഴിക്കുമെങ്കിലും മധുരത്തിനോടാണ് പ്രിയം കൂടുതൽ.  ബട്ടർ കേക്കും ക്രീം ബണ്ണും പായസവുമൊക്കെ ഇഷ്ടമാണ്. മധുരം കൂടുതൽ കഴിക്കുന്നതുകൊണ്ടാണ് ഈ തടി എന്നാണ് ശാലിൻ പറയുന്നത്.

shaalin-cafe
Image Credit: Shaalin Zoya/Instagram

ഇപ്പോൾ,‌ തനിക്ക് ഇഷ്ടപ്പെട്ട മധുരവിഭവത്തെക്കുറിച്ചു ശാലിൻ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കില്‍ മധുരം കുറയ്ക്കണം. എന്നാല്‍, കൊതി കൂടിയാല്‍ എന്തു ചെയ്യാനാവും? ശാലിന് ആ ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. അക്കാര്യം വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലേഖനം തന്നെ എഴുതിയിരിക്കുകയാണ് നടി.

ചീസ് കേക്കിനൊരു പ്രണയലേഖനം

ചീസ്കേക്കിനു മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന നടിയെ ചിത്രത്തില്‍ കാണാം. ഒപ്പം പങ്കുവച്ച കുറിപ്പില്‍ ചീസ്കേക്കിനോടുള്ള തന്‍റെ ഇഷ്ടത്തെക്കുറിച്ച് ശാലിന്‍ മനസ്സ് തുറക്കുന്നു.

shaalin-drink-juice
Image Credit: Shaalin Zoya/Instagram

വെറും 59 രൂപയ്ക്ക് പപ്പടവും പായസവുമടക്കമുള്ള ഊണ്; മീന്‍ വിഭവങ്ങളുമുണ്ട്

‘‘ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് എല്ലാവരും പറയുന്നു. അക്കാര്യം ഞാന്‍ പൂർണമായും സമ്മതിക്കുന്നു. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് ആവശ്യമാണ്. പക്ഷേ, മനസ്സിലെ ആഗ്രഹം അവിടെത്തന്നെയുണ്ടാകുമല്ലോ. മുതിരുമ്പോള്‍ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഞാൻ വിചാരിച്ചത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയില്ല. അതൊരു വല്ലാത്ത അവസ്ഥയാണ്. ഇൻസ്റ്റഗ്രാമിലോ സോഷ്യൽ മീഡിയയിലോ നിങ്ങള്‍ കാണുന്നതു പോലെയല്ല. 

എല്ലാത്തിനെയും കൂള്‍ ആയി എടുക്കാൻ ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എപ്പോഴും അത് സാധിക്കണമെന്നില്ല,  ജീവിതം അതിന്‍റെ വഴിക്ക് പോകുകയാണ്, എനിക്കാകട്ടെ, എന്റേതായ ആനന്ദം ആവശ്യമുണ്ട്, അതാണ് മധുരം! എനിക്ക് ക്ഷീണമോ വിഷാദമോ തോന്നുമ്പോള്‍ ചോക്ലേറ്റുകളോ എന്‍റെ പ്രിയപ്പെട്ട കേക്കോ കഴിക്കണം. അതിന്‍റെ പാർശ്വഫലങ്ങൾ എനിക്കറിയാം. പക്ഷേ മറ്റൊരു കാര്യം, ഇന്ന് കേക്ക് വേണ്ടെന്ന് പറഞ്ഞാൽ, ഒരു മണിക്കൂർ പോലും മുന്നോട്ടു പോകാന്‍ എനിക്കാവില്ല. ഭക്ഷണക്രമം തെറ്റിക്കുന്നതിന്‍റെയും സ്ഥിരമായി വ്യായാമം ചെയ്യാത്തതിന്‍റെയും അനന്തരഫലങ്ങൾ എനിക്കറിയാം. എന്നാൽ ഞാനല്ലെങ്കിൽ പിന്നെ ആരാണ് എന്‍റെ മാനസികാരോഗ്യത്തിനു മുൻഗണന നൽകുക? എന്‍റെ ചീസ് കേക്കേ, ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും.’’ 

പെരുത്തിഷ്ടം കഫേ

shaalin-trip-cafe
Image Credit: Shaalin Zoya/Instagram

ഒരുപാട് യാത്ര ചെയ്യുന്നയാളാണ് ശാലിൻ. കാഴ്ച കാണുക മാത്രമല്ല ലക്ഷ്യം. ഓരോ നാട്ടിലെയും തനതു വിഭവങ്ങൾ കഴിക്കാനും ഇഷ്ടമാണ്. 

‘‘യാത്രയ്ക്ക് മുൻപ് ആദ്യം ഞാൻ തിരയുന്നത് അന്നാട്ടിൽ വെറൈറ്റി ഫൂഡ് കിട്ടുന്ന റസ്റ്ററന്റുകളും കഫേകളുമാണ്. നല്ല കോഫിയൊക്കെ രുചിച്ച് കഫേകളിൽ വെറുതേയിരിക്കാനും  ഒരുപാട് ഇഷ്ടമാണ്. കഫേയിലെ മെനുവിലെ വെറൈറ്റി െഎറ്റംസ് ഒാർഡർ ചെയ്യാറുമുണ്ട്. രുചിയാത്രയിൽ മറക്കാനാവാത്ത ചില ഇടങ്ങളും വിഭവങ്ങളും ഇന്നും മനസ്സിലുണ്ട്.

വിയറ്റ്നാമിലെ  റോസിസ് കഫേ 

വിയറ്റ്നാം യാത്രയിൽ എനിക്കേറെ ഇഷ്ടപ്പെട്ടതാണ് മൂന്നു പെൺസുഹൃത്തുക്കൾ നടത്തുന്ന റോസിസി എന്ന കഫേ. ഹോയ്മെൻ എന്നയിടത്തായിരുന്നു ആ രുചിയിടം. അവിടുത്തെ വിഭവങ്ങളും ആംബിയൻസും സൂപ്പറായിരുന്നു. ലൗ റോസി എന്ന സിനിമ കണ്ട് ഇഷ്ടം തോന്നിയാണ് ഇവർ കഫേ തുടങ്ങുന്നത്. വളരെ ചെറിയ കഫേയാണ്. ഒാപ്പൺ കിച്ചനാണ്. വളരെ കുറച്ച് വിഭവങ്ങളെ ഉള്ളുവെങ്കിലും കഫേ അടിപൊളിയായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി.

വാഴയിലയിലെ പൊതിച്ചോറും രുചിയും

വിഭവങ്ങൾ ആസ്വദിച്ച് കഴിക്കണം. വാഴയിലയിലെ പൊതിച്ചോറ് ഒരുപാട് ഇഷ്ടമാണ്. ഊണ് സമയത്ത് തുറക്കുമ്പോൾ വാഴയിലയുടെയും ചോറിന്റെയും മണമോർക്കുമ്പോൾ വായിൽ വെള്ളം നിറയും. പണ്ട് ‍ട്രെയിനിലൊക്കെ നീണ്ട യാത്ര പോകുമ്പോൾ ഉച്ചഭക്ഷണവും കരുതുമായിരുന്നു. അതും വാഴയിലയിൽ പൊതിഞ്ഞെടുത്ത ചോറും കൂട്ടാനും. ഇന്ന് മിക്ക ഹോട്ടലുകളിലും പൊതിച്ചോറ് വിൽപനയ്ക്കുണ്ട്. എന്നാലും വീട്ടിൽനിന്ന് അമ്മ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ഉച്ചയൂണിനോളം വരില്ല.

തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫ്കറിയും

പൊറോട്ടയും ബീഫും വല്ലാത്തൊരു കോംബിനേഷൻ തന്നെയാണ്. ഇന്നും ഒാർമയിൽ നിറയുന്നത് കുട്ടിക്കാലത്തെ കാര്യങ്ങളാണ്. പണ്ട് എന്റെ അങ്കിൾ വീടിനടുത്തുള്ള തട്ടുകടയിൽനിന്ന് ചൂടു പൊറോട്ടയും ബീഫ്കറിയും വാങ്ങിത്തരുമായിരുന്നു. എന്ത് സ്വാദായിരുന്നു. വൈകുന്നേരം അഞ്ചു മണി കഴിയുമ്പോഴേക്കും അതിനായി കാത്തിരിക്കും. ഇന്നും പൊറോട്ടയും ബീഫും എന്നു കേട്ടാൽ ഞാൻ വീഴും. എന്നാലും ആ തട്ടുകടയിലെ രുചി നാവിൽനിന്ന് മാഞ്ഞിട്ടില്ല. ഇപ്പോഴും ഈ കോംബിനേഷൻ കഴിക്കാറുണ്ടെങ്കിലും പണ്ടത്തെ ആ രുചി നാവിൽ നിന്നും പോയിട്ടില്ല.’’

English Summary:

Celebrity Food, Actress Shaalin Zoya About her Favorite Foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com