ഭക്ഷണത്തില് എണ്ണ കൂടിപ്പോയെങ്കിൽ കുറയ്ക്കാൻ വഴിയുണ്ട്; ഇനി ആശങ്കപ്പെടേണ്ട
Mail This Article
ഭക്ഷണം പാകം ചെയ്യുമ്പോൾ എണ്ണയ്ക്ക് അതിൽ സുപ്രധാനമായ പങ്കുണ്ട്. എയർ ഫ്രയർ പോലുള്ള വിപണിയിൽ സുലഭമാണെങ്കിലും മിക്ക വിഭവങ്ങളും എണ്ണ ചേർത്താണ് ഭൂരിപക്ഷം പേരും തയാറാക്കുന്നത്. എന്നാൽ കറികളിലും വറുത്തെടുക്കുന്ന വിഭവങ്ങളിലും എണ്ണ അധികമായാൽ കഴിക്കാനേറെ പ്രയാസമാണ്. മാത്രമല്ല, അനാരോഗ്യകരവുമാണ്. വറുത്തെടുക്കുന്ന വിഭവങ്ങളിൽ കൂടുതലായുള്ള എണ്ണ എങ്ങനെ ഒഴിവാക്കാമെന്നോർത്ത് ആശങ്കപ്പെട്ടിട്ടുണ്ടോ? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ. ഉപയോഗം പരമാവധി കുറയ്ക്കാമെന്നു മാത്രമല്ല, അധികമായുള്ള എണ്ണ ഒഴിവാക്കുകയും ചെയ്യാം.
* വിഭവങ്ങൾ തയാറാക്കിയതിനു ശേഷം അവ എണ്ണ വലിച്ചെടുക്കുന്ന പേപ്പർ ടവലിലേക്ക് മാറ്റാം. ശേഷം മൃദുവായി ഇളക്കി കൊടുക്കാം. അധികമായി ഉപരിതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ പേപ്പർ വലിച്ചെടുത്തുകൊള്ളും. സമൂസകൾ പോലുള്ള എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ, ചിക്കൻ ഫ്രൈ തുടങ്ങിയവ തയാറാക്കുമ്പോളെല്ലാം ഇങ്ങനെ ചെയ്യാവുന്നതാണ്.
* എണ്ണയിൽ മുക്കി പൊരിക്കുന്നതിനു പകരമായി ബേക്ക് ചെയ്തെടുക്കാവുന്ന രീതി പരീക്ഷിക്കാം. വളരെ കുറച്ചു എണ്ണ മാത്രമേ ആവശ്യം വരികയുള്ളൂ. കൂടാതെ, പുറമെ നല്ലതുപോലെ ക്രിസ്പി ആയിരിക്കുകയും ചെയ്യും.
* നോൺ സ്റ്റിക് പാനുകൾ ഉപയോഗിക്കുമ്പോൾ കുറച്ച് എണ്ണ ഉപയോഗിച്ചാൽ മതിയാകും. മാത്രമല്ല, ഉണ്ടാക്കുന്ന വിഭവം പാത്രത്തിൽ ഒട്ടിപിടിക്കുകയുമില്ല. പുറംഭാഗത്ത് എണ്ണയധികം ഉണ്ടാകുകയുമില്ല.
* എണ്ണയിൽ വറുത്തുകോരുന്നതിനു പകരമായി രുചിയൊട്ടും നഷ്ടപ്പെടുത്താതെ ഗ്രിൽ ചെയ്തോ ചുട്ടോ വിഭവങ്ങൾ തയാറാക്കാവുന്നതാണ്. ആരോഗ്യകരമായ ഒരു പാചക രീതിയാണിത്. മാംസാഹാരങ്ങളിൽ അടങ്ങിയിരിക്കുന്ന അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സാധിക്കുമെന്ന് മാത്രമല്ല, എണ്ണയധികം ഉപയോഗിക്കേണ്ടതായും വരുന്നില്ല.
* എണ്ണ തീർത്തും ഒഴിവാക്കി കൊണ്ടുള്ള ഒരു പാചക രീതിയാണ് ആവിയിൽ വേവിച്ചെടുക്കുക എന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികൾ, മൽസ്യം എന്നിവയുടെ പോഷകഗുണങ്ങൾ ഒട്ടും തന്നെയും നഷ്ടപ്പെടുകയില്ല.
* വെള്ളം അല്ലെങ്കിൽ ബ്രോത് ഉപയോഗിച്ച് പച്ചക്കറികൾ വഴറ്റിയെടുക്കാം. എണ്ണയുടെ ആവശ്യം ഒട്ടും തന്നെയില്ല. അങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികളുടെ പോഷകം കുറയുകയില്ല. എണ്ണ ഉപയോഗിക്കുമ്പോൾ അതിനൊപ്പം ചേരുന്ന അധിക കലോറി ഒഴിവാക്കുകയും ചെയ്യാം.
* സൂപ്പ്, സ്റ്റൂ, കറികൾ എന്നിവ പാകം ചെയ്തതിനു ശേഷം ഫ്രിജിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇവയുടെ ഉപരിതലത്തിലായി കൊഴുപ്പ് കാണാം. വീണ്ടും ചൂടാക്കി വിളമ്പുന്നതിനു മുൻപ് ഈ എണ്ണ നീക്കം ചെയ്യാവുന്നതാണ്.