മധുരക്കിഴങ്ങിലുമുണ്ട് ആളെക്കൊല്ലും മായം; തിരിച്ചറിയാന്‍ വഴിയുണ്ട്
Mail This Article
ഭക്ഷണത്തിൽ മായം ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. വ്യത്യസ്തവും സൗകര്യപ്രദവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെങ്കിലും, പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്‍റെ പോഷകമൂല്യത്തെക്കുറിച്ചും, അവ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ചും പലരും ചിന്തിക്കാറില്ല. വളരെ ശുദ്ധമെന്ന് നാം കരുതുന്ന പല നാടന്‍ വിഭവങ്ങളില്‍പ്പോലും മായം കലരുന്ന കാലമാണിത്. കടയില്‍ നിന്നും വാങ്ങുന്ന മധുരക്കിഴങ്ങില്‍പ്പോലും മായം കലര്‍ത്താറുണ്ട്. ഇതറിയാതെ പോയി വാങ്ങിക്കഴിച്ചാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
സാധാരണയായി പിങ്ക് കലര്‍ന്ന ചുവപ്പ് നിറമാണ് മധുരക്കിഴങ്ങിന്റേത്. ഈ നിറത്തില്‍പ്പോലും കള്ളത്തരം കാണിക്കാറുണ്ട്. മധുരക്കിഴങ്ങിൽ മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള എളുപ്പവഴി ഈയിടെ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിച്ച്, മധുരക്കിഴങ്ങിന്‍റെ നിറം കൂട്ടുന്നു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് ഇത്. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്. മധുരക്കിഴങ്ങില്‍ മാത്രമല്ല, റാഗിയിലും മായം ചേർക്കാൻ ഈ രാസവസ്തു ഉപയോഗിക്കുന്നു.
മധുരക്കിഴങ്ങിൽ റോഡാമൈൻ ബി കലർന്നിട്ടുണ്ടോയെന്ന് വളരെ എളുപ്പത്തില്‍ പരിശോധിക്കാം. ഇതിനായി ആദ്യം, കുറച്ചു പഞ്ഞി എടുത്ത് കുറച്ച് വെള്ളത്തിലോ സസ്യ എണ്ണയിലോ മുക്കുക. എന്നിട്ട് മധുരക്കിഴങ്ങിന്‍റെ പുറംഭാഗം ഇതുകൊണ്ട് തടവുക. പഞ്ഞിക്ക് നിറംമാറ്റം ഒന്നുമില്ലെങ്കില്‍ അതിനർത്ഥം മധുരക്കിഴങ്ങ് കഴിക്കാൻ സുരക്ഷിതമാണ് എന്നാണ്. എന്നാല്‍, പഞ്ഞി ചുവപ്പ് കലർന്ന വയലറ്റായി മാറുകയാണെങ്കിൽ, അതിനർത്ഥം റോഡാമൈൻ ബി ചേർത്തിട്ടുണ്ടെന്നാണ്.
കുരുമുളക്, മുളകുപൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള വഴികളും ഈ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ നടത്താവുന്ന പരിശോധനകളാണ് ഇവയെല്ലാം.