ഇത്രയും സോഫ്റ്റായ ചപ്പാത്തിയോ? ഇനി ഇങ്ങനെ മാവ് കുഴയ്ക്കാം
Mail This Article
ചപ്പാത്തികൾ തയാറാക്കിയെടുക്കുമ്പോൾ പലരും അഭിമുഖീകരിക്കുന്ന ഒന്നാണ് അവ ഒട്ടും തന്നെയും മാർദ്ദവമില്ലാതെയിരിക്കുക എന്നത്. സോഫ്റ്റ് അല്ലാത്ത ചപ്പാത്തികൾ കഴിക്കാനും ഏറെ പ്രയാസമാണ്. എത്രയൊക്കെ ശ്രദ്ധിച്ച് തയാറാക്കിയാലും ചപ്പാത്തി ഒട്ടും തന്നെയും ശരിയാകുന്നില്ല എന്നാണോ പരാതി? മാവ് കുഴയ്ക്കുമ്പോൾ മുതൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും ചപ്പാത്തികൾ വളരെ സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കാം.
കുഴയ്ക്കാം ചെറുചൂടുവെള്ളത്തിൽ
ചപ്പാത്തി തയാറാക്കാനായെടുക്കുന്ന പൊടി ഒരിക്കലും പച്ചവെള്ളത്തിൽ കുഴയ്ക്കരുത്. ചെറുചൂട് വെള്ളം ഒഴിച്ച് കുഴയ്ക്കാവുന്നതാണ്. വെള്ളം അല്പാല്പമായി ഒഴിച്ച് വേണം ചപ്പാത്തിയ്ക്കുള്ള മാവ് കുഴച്ചെടുക്കാൻ.
നന്നായി കുഴച്ചതിനു ശേഷം അഞ്ചു മിനിട്ടു അടച്ചു മാറ്റിവയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഗ്ളൂട്ടൻ വികസിക്കുകയും റൊട്ടിയോ ചപ്പാത്തിയോ തയാറാക്കുമ്പോൾ നല്ല മാർദ്ദവം കൈവരുകയും ചെയ്യും.
എണ്ണയും ചെറുചൂടാകാം
ചിലരെങ്കിലും ചപ്പാത്തിയ്ക്കുള്ള മാവ് എണ്ണയൊഴിച്ചു കുഴയ്ക്കാറുണ്ട്. അങ്ങനെയൊരു പതിവ് ഉണ്ടെങ്കിൽ വേണ്ട, എണ്ണ ചൂടാക്കി ഒഴിച്ച് കുഴച്ചെടുക്കാവുന്നതാണ്. അതിനായി ഒരു ടേബിൾ സ്പൂൺ എണ്ണ മതിയാകും. അതിനു ശേഷം വെള്ളം അല്പാല്പമായി ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കാവുന്നതാണ്. മാവ് തയാറാക്കിയതിനുശേഷം കുറച്ചു എണ്ണ മുകളിൽ ഒഴിച്ച് ഒന്ന് കൂടി കുഴച്ചതിനു ശേഷം അടച്ച് വെച്ച് അല്പസമയത്തിനു ശേഷം ചപ്പാത്തി പരത്തിയെടുക്കാവുന്നതാണ്.
തുണി ഉപയോഗിച്ച് മൂടി വയ്ക്കാം
വളരെ പെട്ടെന്ന് ചപ്പാത്തിയ്ക്കുള്ള മാവ് കുഴയ്‌ക്കേണ്ടി വരുകയാണെങ്കിൽ ചിലപ്പോൾ ഒട്ടും തന്നെയും മാർദ്ദവം ഉണ്ടാകുകയില്ല. അങ്ങനെ വരുമ്പോൾ ഇനി പറയുന്ന കാര്യം ചെയ്താൽ മതിയാകും.
വൃത്തിയുള്ള ഒരു മസ്ലിൻ തുണി നനച്ചതിനു ശേഷം വെള്ളം നന്നായി പിഴിഞ്ഞ് വെള്ളം കളയാം. തുണിയിൽ ഒട്ടും വെള്ളമില്ല നനവ് മാത്രമേയുള്ളുവെന്നു ഉറപ്പാക്കിയതിനു ശേഷം മാവ് ഈ തുണിയിൽ പൊതിഞ്ഞു വയ്ക്കാം. പത്തു മിനിട്ട് മാറ്റിവെച്ചതിനു ശേഷം തുണി മാറ്റി ഒരു മിനിട്ട് മാവ് കുഴച്ചതിനു ശേഷം പരത്താം.
മുട്ട ചേർക്കാം
ചപ്പാത്തി നല്ലതു പോലെ സോഫ്റ്റായി കിട്ടാൻ ഒരു മുട്ട ചേർത്താൽ മതിയാകും. മുട്ടയുടെ വെള്ള മാത്രം ഒരു ബൗളിലേയ്ക്ക് മാറ്റിയതിനു ശേഷം രണ്ടു തുള്ളി ചെറുനാരങ്ങ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. തുടർന്ന് ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടി ചേർക്കാം. ഇനി ഈ മിശ്രിതം പൊടിയിലേയ്ക്ക് ചേർത്ത് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കാം. ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആയിരിക്കും.
തൈരും ചപ്പാത്തി മാർദ്ദവമുള്ളതാക്കാം
ചിലർക്കെങ്കിലും ചപ്പാത്തി മാവിൽ മുട്ട ചേർക്കാൻ താല്പര്യമുണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ചപ്പാത്തി സോഫ്റ്റ് ആക്കാനായി തൈര് ചേർക്കാവുന്നതാണ്. തൈര് ചേർക്കുമ്പോൾ ചപ്പാത്തി സോഫ്റ്റ് ആകുമെന്ന് മാത്രമല്ല, കുറെ സമയം ഫ്രഷ് ആയിരിക്കുകയും ചെയ്യും.
നന്നായി അരിച്ച ഗോതമ്പു പൊടിയിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ തൈര് ചേർക്കാം. അധികം തണുപ്പില്ലാത്ത തൈര് ആയിരിക്കണം. അതിനു ശേഷം ചെറുചൂട് വെള്ളം കൂടി ഒഴിച്ച് കുഴച്ചെടുക്കാം.
ഒരു നുള്ള് ബേക്കിങ് സോഡ മതി
ബ്രെഡിന് മാർദ്ദവം നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ചപ്പാത്തി തയാറാക്കാനായി ഗോതമ്പുപൊടിയെടുക്കുമ്പോൾ ഒരു നുള്ള് ബേക്കിങ് സോഡ കൂടി ചേർക്കാം. അതിനുശേഷം അരക്കപ്പ് ചൂട് പാലും വെള്ളവും കൂടി ചേർത്ത് പൊടി നന്നായി മിക്സ് ചെയ്യാം. കുഴച്ചെടുത്ത മാവ് പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ അടച്ചുവെച്ചതിനു ശേഷം കുറച്ച് സമയം കൂടി കുഴച്ചെടുക്കാം. ചെറിയ ഉരുളകളാക്കിയതിനു ശേഷം പരത്തി ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞു വയ്ക്കാവുന്നതാണ്. വൈകുന്നേരം വരെ ഫ്രഷ് ആയിരിക്കും.
നെയ്യ് ചേർക്കാം
ചപ്പാത്തി തയാറാക്കാനായി എടുക്കുന്ന പൊടിയിൽ ഒരു ടേബിൾ സ്പൂൺ ചൂടാക്കിയ നെയ്യ് കൂടി ചേർക്കാം. നന്നായി മിക്സ് ചെയ്തതിനു ശേഷം വെള്ളമൊഴിച്ചു കുഴച്ചെടുക്കാവുന്നതാണ്. ഉടനെ തന്നെ ചപ്പാത്തി തയാറാക്കിയെടുക്കാം. നല്ലതുപോലെ സോഫ്റ്റ് ആയിരിക്കും.
ചപ്പാത്തി പാകം ചെയ്യുമ്പോൾ നന്നായി പൊങ്ങി വരുന്നതിനു ഒരു തുണി ഉപയോഗിച്ച് വളരെ പതുക്കെ അമർത്തി കൊടുക്കണം.