ADVERTISEMENT

ഭക്ഷണമുണ്ടാക്കുന്നതിനായി വാങ്ങുന്ന ഓരോ പദാർത്ഥങ്ങളിലും അത് ഉപയോഗിക്കാൻ കഴിയുന്നതു  എത്രനാൾ വരെയെന്നും എന്നാണ് പായ്ക്ക് ചെയ്തതെന്നുമൊക്കെ വളരെ വ്യക്തമായി തന്നെ എഴുതിയിട്ടുണ്ടാകും. എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്നു എല്ലാവർക്കും തന്നെ അറിയാം. കാലാവധി കഴിഞ്ഞവ ഉപയോഗിച്ചാൽ ഭക്ഷ്യവിഷബാധയും മറ്റും ശാരീരിക പ്രശ്‍നങ്ങളുമൊക്കെ ഉണ്ടാകാനുള്ള സാധ്യതകളേറെയാണ്. എന്നാൽ ഭക്ഷ്യവസ്തുക്കളിൽ മാത്രമല്ല, നമ്മുടെ അടുക്കളയിലെ പ്രധാന താരമായ ഗ്യാസ് സിലിണ്ടറിലും കാലാവധി എന്നുവരെയാണ് എന്നെഴുതിയിട്ടുള്ളത് ഇതുവരെയും ശ്രദ്ധിക്കാത്തവരുണ്ടോ? 

അപകടസാധ്യതയുള്ളതു കൊണ്ടുതന്നെ ഏറെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഗ്യാസ്  അടുപ്പുകൾ, പ്രധാനമായും ഗ്യാസ് സിലിണ്ടറുകൾ. മിക്ക വീടുകളിലും ഒരു മാസം വരെയാണ് ഒരു സിലിണ്ടർ ഉപയോഗിക്കുന്നത്. മാർക്കറ്റിൽ നിന്നും പുതിയവ വാങ്ങിയോ അല്ലെങ്കിൽ കാലിയായവ വീണ്ടും നിറച്ചോ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വീണ്ടും വീണ്ടും നിറച്ചു ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടം തന്നെയാണ്. എങ്ങനെയെന്നല്ലേ? ഓരോ ഗ്യാസ് സിലിണ്ടറിലും വളരെ വ്യക്തമായി തന്നെ അതിന്റെ കാലാവധി എത്രമാസം വരെയാണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞവ ഉപയോഗിക്കുന്നത് വലിയ അപകടകങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. ഗ്യാസ് ചോരുക, പൊട്ടിത്തെറിക്കുക തുടങ്ങിയവയായിരിക്കും ഫലം. 

ഗ്യാസ് സിലിണ്ടറിന്റെ കാലാവധി എന്നുവരെയാണെന്നു മനസിലാക്കുക എളുപ്പമാണ്. ഇൻസ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടറിലെ ഏറ്റവും മുകൾ ഭാഗത്തു കാണുന്ന വൃത്താകൃതിയിലുള്ള വളയത്തിനു താഴെ അതുമായി ബന്ധിപ്പിച്ചിട്ടുള്ള  മെറ്റൽ ഭാഗത്തിന് ഉൾവശത്തായി ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഡി വരെയുള്ള അക്ഷരവും കൂടെ രണ്ടക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്ഷരം ഏതു മാസം മുതൽ ഏതു മാസം വരെയാണെന്നതും അക്കം ഏതു വർഷം വരെയാണെന്നതും സൂചിപ്പിക്കുന്നു. 

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ''എ'' എന്ന അക്ഷരത്തിൽ സൂചിപ്പിക്കുമ്പോൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ  ''ബി'' യിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ ''സി'' യിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ''ഡി'' യിലും ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് സി-26 എന്നത് 2026 - ജൂലൈ-സെപ്തംബർ വരെയാണ് കാലാവധി എന്നാണ് എഴുതിയിരിക്കുന്നത്. ഇനി ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുവാൻ മറക്കണ്ട. അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം.

English Summary:

Gas Cylinders Have Expiration Date Too. Here's How You Can Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com