ലോകത്തിലെ ഏറ്റവും മികച്ച 7 റസ്റ്ററന്റുകളുടെ പട്ടിക പുറത്ത് വിട്ട് ലാ ലിസ്റ്റേ
Mail This Article
ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റുകളുടെ പട്ടിക പുറത്ത് വിട്ട് ഫ്രഞ്ച് റസ്റ്ററന്റ് റേറ്റിങ് കമ്പനിയായ ലാ ലിസ്റ്റേ. ഓണ്‍ലൈന്‍ റിവ്യൂകളുടെയും മാഗസീന്‍, പത്ര റേറ്റിങ്ങുകളുടെയും ടൂര്‍ ഗൈഡുകളും മറ്റ് പട്ടികകളും നല്‍കിയ സ്‌കോറുകളുടെയും സ്റ്റാര്‍ റേറ്റിങ്ങുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച 1000 ഹോട്ടലുകളുടെ പട്ടിക ലാ ലിസ്റ്റേ തയാറാക്കിയത്. ഈ പട്ടിക പ്രകാരം 99.5 എന്ന സ്‌കോര്‍ നേടി ഏറ്റവും മുകളിലെത്തിയിരിക്കുന്നത് ഏഴ് റസ്‌റ്ററന്റുകളാണ്. ന്യൂയോര്‍ക്കിലെ ലെ ബെര്‍നാര്‍ഡിന്‍, പാരിസിലെ ഗയ് സാവോയ്, ടോക്കിയോയിലെ സുഷി സായ്‌തോ, ഫ്രാന്‍സിലെ സെയ്‌ന്റ് ട്രോപെസ്, യുകെയിലെ ല എന്‍ക്ലൂം, ജര്‍മനിയിലെ ഷ്വാര്‍സ വാല്‍ഡ്‌സ്റ്റ്യൂബ്, ഹോങ്കോങ്ങിലെ ലുങ് കിങ് ഹീന്‍ എന്നിവയാണ് ഈ ഏഴ് ഭക്ഷണശാലകള്‍.
99 സ്‌കോര്‍ നേടി 17 റസ്‌റ്ററന്റുകള്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചു. 98.5 സ്‌കോര്‍ നേടി 26 എണ്ണം മൂന്നാം സ്ഥാനത്തും 98 എന്ന സ്‌കോര്‍ നേടി 31 റസ്‌റ്ററന്റുകള്‍ നാലാം സ്ഥാനത്തും എത്തി. ആദ്യ 1000ത്തില്‍ 139 ഭക്ഷണശാലകള്‍ ജപ്പാനില്‍നിന്നും 76 എണ്ണം ചൈനയില്‍നിന്നും 25 എണ്ണം ഹോങ്കോങ്ങില്‍ നിന്നും 14 എണ്ണം മക്കാവുവില്‍ നിന്നും ഏഴെണ്ണം തയ്‌വാനില്‍ നിന്നുമാണ്. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് 106 വീതം ഭക്ഷണശാലകള്‍ പട്ടികയിലുണ്ട്. ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ ആക്‌സന്റാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിരിക്കുന്നതെന്ന് മണികണ്‍ട്രോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതലാണ് ലാ ലിസ്റ്റേ മികച്ച റസ്റ്ററന്റുകളുടെ പട്ടിക ഓരോ വര്‍ഷവും പ്രസിദ്ധീകരിച്ച് തുടങ്ങിയത്.