മുട്ട എങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്! പുഴുങ്ങിയതോ ഓംലറ്റോ?
Mail This Article
പോഷകങ്ങളുടെ കലവറയാണ് മുട്ട. പുഴുങ്ങിയും ഓംലെറ്റാക്കിയും ബുള്‍സ് ഐ ആക്കിയുമെല്ലാം മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ മുട്ട എങ്ങനെ കഴിക്കണം എന്ന് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഓംലറ്റ് ആക്കികഴിക്കുന്നതാണോ പുഴുങ്ങി കഴിക്കുന്നതാണോ കൂടുതല്‍ ആരോഗ്യകരം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒറ്റ നോട്ടത്തില്‍ പുഴുങ്ങിയ മുട്ടയും ഓംലറ്റും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് തോന്നിയേക്കാം. മുട്ടയൊക്കെ ഒരേപോലെയാണെങ്കിലും പാചകരീതികള്‍ മാറുന്നതനുസരിച്ച് കൊഴുപ്പ്, കലോറി, മറ്റ് പോഷകങ്ങൾ എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഭാരം നിയന്ത്രിക്കുന്ന ആളുകള്‍ക്ക് ഏറ്റവും മികച്ചത് പുഴുങ്ങിയ മുട്ടകള്‍ തന്നെയാണ്. പുറത്തു നിന്നും അധിക കലോറിയോ കൊഴുപ്പോ ഇതില്‍ ചേരുന്നില്ല. ഓംലെറ്റ് എത്രത്തോളം ആരോഗ്യകരമാണ് എന്നത്, എങ്ങനെ പാചകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഓംലറ്റ് ഉണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ത്താല്‍ അത് പോഷണം കൂട്ടുകയും സാധാരണ പുഴുങ്ങിയ മുട്ടയേക്കാൾ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യും. നേരെമറിച്ച്, കൂടുതൽ എണ്ണ, ചീസ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിങ്ങനെ എന്തെങ്കിലും ചേര്‍ത്താല്‍ ആ ഭക്ഷണം ശരീരത്തിന്‍റെ ഏറ്റവും വലിയ ശത്രുവായി മാറും.
മുട്ടയിലെ പോഷകഘടകങ്ങള്‍
ഒരു മുട്ടയില്‍ ശരാശരി 78 കലോറിയും 6.3 ഗ്രാം പ്രോട്ടീനും 0.6 ഗ്രാം കാർബോഹൈഡ്രേറ്റും 5.3 ഗ്രാം കൊഴുപ്പുമുണ്ട്. ഓംലറ്റ് ആക്കി കഴിക്കുമ്പോള്‍ കൊഴുപ്പിന്‍റെ അളവ് കൂടും. പുഴുങ്ങിയ ഒരു വലിയ മുട്ടയില്‍ റൈബോഫ്ലാവിന്‍, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നീ വിറ്റാമിനുകളും എന്നിവയും അടങ്ങിയിരിക്കുന്നു. ശക്തമായ അസ്ഥികൾക്കും ഡിഎൻഎ ഉൽപ്പാദിപ്പിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനത്തിനും അത്യാവശ്യമായ ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഡയറ്റ് നോക്കുന്നവർക്ക് ഇനി ഈ ഒാംലറ്റ് കഴിക്കാം
ചേരുവകൾ ഓട്സ് – 1/4 കപ്പ് (പൊടിച്ചത്)
വെള്ളം – 4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട - 2 എണ്ണം
കാരറ്റ് – 1 എണ്ണം ചീകി എടുത്തത്
സവാള – 1/2 ( ചെറുതായി അരിഞ്ഞത് )
തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 ( വട്ടത്തിൽ അരിഞ്ഞത് )
കറിവേപ്പില ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ചില്ലി ഫ്ളെക്സ് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ഓട്സ് പൊടിച്ചതിലേക്ക് 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കി എടുക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മിക്സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേർത്ത് അടച്ചു വച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാൽ മറു വശം വേവിക്കാം. അൽപസമയം കഴിഞ്ഞ് ചൂടോടെ കഴിക്കാം. സ്വാദിഷ്ടമായ ഓട്സ് ഓംലറ്റ് റെഡി.
പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തിൽ പൊളിച്ചെടുക്കാം – വിഡിയോ