ഇത് ബംഗാളികളുടെ സ്വന്തം പൂരി; ലൂച്ചി കഴിച്ചിട്ടുണ്ടോ?
Mail This Article
ചപ്പാത്തിക്കും പുട്ടിനും അപ്പത്തിനും ദോശയ്ക്കും ഇടിയപ്പത്തിനുമെല്ലാമൊപ്പം ഇടയ്ക്കൊക്കെ നമ്മുടെ അടുക്കളകളില്‍ സ്ഥാനം പിടിക്കുന്ന വിഭവമാണ് പൂരി. നല്ല മൊരിഞ്ഞിരിക്കുന്ന ഗോതമ്പ്പൂരിയും ആവി പറക്കുന്ന ഉരുളക്കിഴങ്ങ് കറിയുമെല്ലാം കഴിക്കുന്നത് ഓര്‍ക്കുമ്പോഴേ വായില്‍ കപ്പലോടും! പൂരിക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളാണ്. മാത്രമല്ല, ഉണ്ടാക്കിയെടുക്കുന്ന രീതിയും വ്യത്യസ്തമാണ്.
ബംഗാളിലെ ഒരു പൂരി ഇനമാണ് ലൂച്ചി(Luchi). മൈദ മാവ് കൊണ്ട് പരത്തിയുണ്ടാക്കുന്ന ഈ വിഭവം, ഉത്തർപ്രദേശ് , മധ്യപ്രദേശ് , ബീഹാർ , അസം , ഒഡീഷ , പശ്ചിമ ബംഗാൾ , ത്രിപുര എന്നിവിടങ്ങളിലും അയൽരാജ്യമായ ബംഗ്ലാദേശിലും ജനപ്രിയമാണ്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ കറികൾക്കൊപ്പം ലൂച്ചി വിളമ്പാം. പോര്‍ച്ചുഗീസുകാരാണ് ഈ വിഭവം ഇന്ത്യയിലേക്ക് കൊണ്ടുവന്നതത്രേ.
എന്താണ് പൂരിയും ലൂച്ചിയും തമ്മിലുള്ള വ്യത്യാസം? പരമ്പരാഗതമായി ഗോതമ്പ് മാവ് (ആട്ട) ഉപയോഗിച്ചാണ് പൂരി തയ്യാറാക്കുന്നത്. അതേ സമയം, മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ലൂച്ചി. പൂരിയുടെയും ലൂച്ചിയുടെയും രുചികൾ ഒരുപോലെയല്ല. പൂരിയില്‍ ഉത്തരേന്ത്യക്കാര്‍ അയമോദകവിത്തുകള്‍ ചേര്‍ക്കാറുണ്ട്. ലൂച്ചിയിലാകട്ടെ, എള്ളാണ് ചേര്‍ക്കുന്നത്. ഇതും രുചിയില്‍ വ്യത്യാസം വരുത്താം.
ഇവ രണ്ടും ഉണ്ടാക്കിയെടുക്കുന്ന രീതിയും വ്യത്യസ്തമാണ്. പൂരി ഉണ്ടാക്കുമ്പോള്‍ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിച്ചെടുക്കണം. എന്നാല്‍ ലൂച്ചി അധികനേരം വേവിക്കേണ്ടതില്ല. പൂരിയെക്കാള്‍ നിറം കുറവായിരിക്കും ലൂച്ചിയ്ക്ക്. ക്രീം കലർന്ന വെള്ള നിറമായിരിക്കും ഇവയ്ക്ക്.
പൂരിയും ലൂച്ചിയും തമ്മിലുള്ള മറ്റൊരു വ്യത്യാസം അവ വിളമ്പുന്ന രീതിയിലാണ്. ഉരുളക്കിഴങ്ങ് കറി അല്ലെങ്കിൽ കടലക്കറി പോലുള്ള വെജിറ്റേറിയൻ വിഭവങ്ങൾക്കൊപ്പമാണ് പൂരി എപ്പോഴും വിളമ്പുന്നത്. അതേസമയം ലൂച്ചി വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ പലഹാരങ്ങൾക്കൊപ്പം വിളമ്പുന്നു. ദം ആലൂ, കോശ മാങ്ഷോ തുടങ്ങിയ കറികള്‍ക്കൊപ്പമാണ് ലൂച്ചി കഴിക്കുന്നത്.
ലൂച്ചിയിൽ അരിയോ അരിപ്പൊടിയോ ഉൾപ്പെടാത്തതിനാൽ, ഏകാദശി പോലെ അരി ഒഴിവാക്കേണ്ട സമയങ്ങളിൽ ലൂച്ചി ഉണ്ടാക്കിക്കഴിക്കുന്നത് സാധാരണയാണ്. ദുര്‍ഗ്ഗാപൂജ പോലുള്ള ആഘോഷാവസരങ്ങളിലും ലൂച്ചി ഉണ്ടാക്കുന്നു.
ലൂച്ചി എങ്ങനെ ഉണ്ടാക്കാം
1. ഒരു പാത്രത്തിൽ, 2 കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, 2 ടേബിൾസ്പൂൺ നെയ്യ്, കുറച്ച് വെള്ളം എന്നിവ ചേർക്കുക. ഇത് നന്നായി കൈകൊണ്ട് കുഴയ്ക്കുക.
2. ഇത് നനഞ്ഞ തുണി ഉപയോഗിച്ച് മൂടുക, കുറഞ്ഞത് 30 മിനിറ്റ് മുതൽ പരമാവധി 1 മണിക്കൂർ വരെ സൂക്ഷിക്കുക.
3. നാരങ്ങയുടെ വലിപ്പത്തിലുള്ള ഉരുളകൾ ഉണ്ടാക്കി നനഞ്ഞ തുണികൊണ്ട് കുറച്ചുനേരം മൂടിവയ്ക്കാം.
4. ഇത് പരത്തിയെടുക്കുന്നതിന് മുന്‍പ്, ഉരുളകളില്‍ അല്‍പ്പം എണ്ണ തടവുക. പരത്തുമ്പോള്‍ വീണ്ടും മാവ് ഇടുകയാണെങ്കില്‍ എണ്ണയില്‍ പൊരിച്ചെടുക്കുമ്പോള്‍ ഇതിന്‍റെ നിറം മാറി ബ്രൌണ്‍ ആയിപ്പോകും.
5. പൂരിയുടെ ആകൃതിയില്‍ പരത്തിയ ശേഷം, ഇടത്തരം ചൂടുള്ള എണ്ണയിൽ ലൂച്ചി പതുക്കെ ഇടുക. ഇടയ്ക്ക് മറിച്ചിട്ട്, ക്രീം നിറമാകുമ്പോള്‍ കോരിയെടുക്കാം.