മീൻ വെട്ടിയ ശേഷം കൈയിലെ മണം മാറ്റാനിതാ എളുപ്പവഴി
Mail This Article
മീൻ ഏതായാലും വെട്ടിയെടുക്കാൻ മിക്കവർക്കും മടിയാണ്. വൃത്തിയാക്കി എടുക്കുന്നതിനേക്കാൾ കൈയിലെ മണം എങ്ങനെ മാറ്റും എന്നതാണ് പ്രശ്നം. സോപ്പും ലോഷനുമൊക്കെ ഉപയോഗിച്ച് കഴുകിയാലും മണം പോകാറില്ല എന്നതാണ് മിക്കവരുടെയും പ്രശ്നം. ഇനി ആ ടെൻഷൻ വേണ്ട, ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ കൈയിലെ മീൻമണം മാറ്റിയെടുക്കാം.
∙മീനിന്റെ മണം ഒഴിവാക്കുന്നതിനായി വിനാഗിരി ഏറ്റവും മികച്ചൊരു മാർഗമാണ്. അതിനു വേണ്ടി ഒരു ലായനി തയാറാക്കിയെടുക്കണം. കുറച്ചു വെള്ളമെടുത്തു അതിലേക്ക് വിനാഗിരി ഒഴിക്കണം. ഉപയോഗിച്ച പാത്രങ്ങൾ, കത്തി, സിങ്ക്, നമ്മുടെ കൈകൾ എന്നിവ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം. നേരത്തെ തയാറാക്കിയ വിനാഗിരി വെള്ളം കൂടി ഒഴിച്ച് കഴുകാം. മീനിന്റെ ഗന്ധം മാറ്റാൻ ഏറ്റവും എളുപ്പത്തിലുള്ള മാർഗമാണിത്. ഈ ലായനിയിൽ വിനാഗിരിയ്ക്കു പകരം ചെറുനാരങ്ങ നീര് ചേർത്തും തയാറാക്കാവുന്നതാണ്.
∙പേസ്റ്റ് ഉണ്ടെങ്കിൽ നല്ലതാണ്. അത് കൈയിൽ നന്നായി ഉരച്ച് കഴുകിയാൽ മണം പോകും
∙ കാപ്പിപ്പൊടി ചേർത്ത് കൈ കഴുകിയാലും മീന്‍ മണം ഇല്ലാതാക്കാം.
∙കുടംപുളി വെള്ളത്തിലിട്ട് ചെറുതായി കുതിർത്തിട്ട് കൈകളിൽ തിരുമ്മി എടുത്താല്‍ മീനിന്റെ മണം ഇല്ലാതാക്കാം.
∙ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വിരലുകളിലിടയിലും മറ്റുമായി വെളിച്ചെണ്ണ ചേർത്ത് തുടച്ചെടുക്കാം.
∙മല്ലിപ്പൊടി കൈകളിലെടുത്തു നല്ലതുപോലെ ഉരച്ചാൽ മീനിന്റെ ഗന്ധം കൈകളിൽ നിന്നും മാറുന്നതായിരിക്കും. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.