ഈ ഐഡിയ സൂപ്പറാണല്ലോ! വെളുത്തുള്ളി ഇത്ര പെട്ടെന്ന് തൊലി കളയാമോ?
Mail This Article
മിക്കവാറും എല്ലാ ഇന്ത്യന്‍ കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ മാത്രമല്ല, ദഹനത്തെ സഹായിക്കാനും വെളുത്തുള്ളിക്ക് കഴിയും. എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അധികം ബുദ്ധിമുട്ടില്ലാതെ വെളുത്തുള്ളിയുടെ തൊലി കളയാന്‍ ചില എളുപ്പവഴികളുണ്ട്. ഇവ ഓര്‍ത്തിരുന്നാല്‍ അടുക്കളയില്‍ ഏറെ സഹായമാകും.
രണ്ടു ലോഹപ്പാത്രങ്ങള്‍ ഉപയോഗിച്ച്
രണ്ടു ചെറിയ ലോഹപ്പാത്രങ്ങള്‍ എടുക്കുക. ഒന്നില്‍ വെളുത്തുള്ളി വച്ച് മറ്റേതിന്‍റെ അടിഭാഗം കൊണ്ട് നന്നായി അമര്‍ത്തുക. വെളുത്തുള്ളി അല്ലികള്‍ വെവ്വേറെ അടര്‍ന്നു വരുമ്പോള്‍, രണ്ടു പാത്രങ്ങളുടെയും വായ്ഭാഗങ്ങള്‍ പരസ്പരം ചേര്‍ത്ത് വച്ച് മൂടുക. ഒരു 10 സെക്കന്‍ഡ് നേരത്തേക്ക് രണ്ടും കൂടി കൂട്ടിപ്പിടിച്ച് നന്നായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരുവിധം തൊലിയൊക്കെ പോയിക്കിട്ടും.
ചൂടുവെള്ളത്തില്‍ കുതിര്‍ക്കാം
അല്ലികളാക്കിയ വെളുത്തുള്ളി ഒരു പാത്രത്തില്‍ എടുത്ത ചൂടുവെള്ളത്തിലേക്ക് ഇടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞു കൈകൊണ്ടു ഞരടിയാല്‍ ഇവയുടെ തൊലി എളുപ്പത്തില്‍ ഊര്‍ന്നുപോകുന്നത് കാണാം.
മൈക്രോവേവ് ചെയ്യുക
കുറച്ചു വെളുത്തുള്ളി എടുത്ത് മുകള്‍ഭാഗം മുറിച്ചു കളയുക. എന്നിട്ട് മൈക്രോവേവിനുള്ളിൽ 20-30 സെക്കന്‍ഡ് നേരം ചൂടാക്കുക. ഇത് പുറത്തെടുത്ത് തണുക്കാന്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പെട്ടെന്ന് തൊലി കളയാനാവും.
ചപ്പാത്തിവടി ഉപയോഗിച്ച്
ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ചും വെളുത്തുള്ളിയുടെ തൊലി എളുപ്പത്തില്‍ കളയാനാകും. ഇതിനായി അല്ലികളാക്കിയ വെളുത്തുള്ളി എടുത്ത് ഒരു പ്ലാസ്റ്റിക് കവറില്‍ വച്ച്, അതിനു മുകളിലൂടെ ചപ്പാത്തിവടി അമര്‍ത്തി ഉരുട്ടുക. ഒരു നാലഞ്ചു തവണ ഉരുട്ടുമ്പോള്‍ത്തന്നെ ഇവയുടെ തൊലി അടര്‍ന്നു വരുന്നത് കാണാം.
കത്തി ഉപയോഗിച്ച്
കുറച്ചു വെളുത്തുള്ളി മാത്രം മതിയെങ്കില്‍ കത്തി ഉപയോഗിച്ചു തന്നെ തൊലി കളയാം. ഇതിനായി വെളുത്തുള്ളി അല്ലിയുടെ പരന്ന ഭാഗത്ത്, കത്തിയുടെ പരന്ന ഭാഗം വച്ച് നന്നായി അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലി എളുപ്പത്തില്‍ പൊട്ടി അടര്‍ന്നു പോകും.
കരിമീൻ തന്നെ വേണമെന്നില്ല, ഈ മീന്‍ കൊണ്ടും പുതു രുചി ഒരുക്കാം - വിഡിയോ