ഈ പരീക്ഷണങ്ങൾക്ക് ഒരു അവസാനമില്ല! ഇതെന്താ ആപ്പിൾ ഇഡ്ഡലിയോ?
Mail This Article
ഭക്ഷണവിഭവങ്ങളിലെ പരീക്ഷണങ്ങൾക്കു ഒരു അവസാനമില്ല? ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന വിഡിയോകൾ കണ്ട് പലരും ചോദിക്കുന്ന ചോദ്യമിതാണ്. വിചിത്രമായ കോമ്പിനേഷനുകളിൽ പുറത്തു വരുന്ന ചില വിഭവങ്ങൾ രുചികരമാകുമ്പോൾ ഭൂരിപക്ഷം വിഭവങ്ങളും അസഹനീയം തന്നെയാണ്. ദക്ഷിണേന്ത്യയുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. പുതുപരീക്ഷണത്തിനു ഇത്തവണ പാത്രമായിരിക്കുന്നത് ഇഡ്ഡലിയാണ്. ആപ്പിൾ ചേർത്താണ് ഇഡ്ഡലി തയാറാക്കിയെടുത്തിരിക്കുന്നത്. കൂടെ കഴിക്കാൻ സാമ്പാറും ചമ്മന്തിയുമൊക്കെയുണ്ട്. ഇതൊരല്പം കടന്നു പോയില്ലേ എന്ന് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം.
ദി ഗ്രേറ്റ് ഇന്ത്യൻ ഫൂഡി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ആപ്പിൾ ഇഡ്ഡലിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചെറു കഷ്ണങ്ങളായി മുറിച്ച ആപ്പിളുകൾ അരിയ്ക്കും ഉഴുന്നിനുമൊപ്പം ചേർത്തരച്ചാണ് മാവ് തയാറാക്കിയെടുക്കുന്നത്. കൂടെ കുറച്ച് ആപ്പിളിന്റെ കഷ്ണങ്ങൾ കൂടെ ചേർത്ത് ഇഡ്ഡ്ലി മാവ് ആപ്പിളിന്റെ രൂപത്തിലുള്ള ട്രേയിലേക്ക് കോരിയൊഴിച്ചു ആവി കയറ്റി വേവിച്ചെടുക്കുന്നു. തുടർന്ന് വിളമ്പുന്നതിന്റെ ഭാഗമായി ഇഡ്ഡ്ലി ഒരു പാത്രത്തിലെ വാഴയിലയിലേക്കു മാറ്റുകയും ആപ്പിൾ കഷണങ്ങളും മാതള നാരങ്ങയും ഇഡ്‌ഡലിയ്ക്ക് മുകളിൽ വച്ച് അലങ്കരിച്ചതിനു ശേഷം ചമ്മന്തികളും സാമ്പാറും ഒപ്പം വിളമ്പി ആവശ്യക്കാരന് നൽകുകയും ചെയ്യുന്നു.
ഈ കോമ്പിനേഷൻ ഏറെ വ്യത്യസ്തമെങ്കിലും കഴിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നാണ് വൈറലായ വിഡിയോ കണ്ട സോഷ്യൽ ലോകത്തിന്റെ പ്രതികരണം. വളരെയധികം ഗുണങ്ങളുള്ള രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ. അവ തനിച്ചിരിക്കാൻ ആഗ്രഹിച്ചു, പക്ഷേ, ഈ മനുഷ്യൻ അവയെ ഒരുമിച്ച് ചേർത്ത് കൊല്ലാൻ ശ്രമിച്ചു, എന്നാണ് ആപ്പിൾ ഇഡ്ഡ്ലി തയാറാക്കുന്നതിന്റെ വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ്. താൻ ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ഒരാളല്ലെങ്കിലും അവരുടെ തനതു വിഭവത്തെ ഇത്തരത്തിൽ നശിപ്പിക്കുന്നത് നീതികേടാണെന്നുമാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.