ഇതറിയണം! പച്ചച്ചീരയാണോ ചുവന്ന ചീരയാണോ കഴിക്കേണ്ടത്?
Mail This Article
'ചീരയാണെന്‍റെ ആഹാരം, അതിലാണെന്‍റെ ആരോഗ്യം' എന്നും പാടി, മസിലും വീര്‍പ്പിച്ചു നടക്കുന്ന പോപ്പായ് കാര്‍ട്ടൂണ്‍ എല്ലാക്കാലത്തും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ശരിക്കും ചീര കഴിച്ചാല്‍ ആരോഗ്യം വരുമോ? ചീരയ്ക്ക് വേറെ എന്തൊക്കെ ഗുണങ്ങളുണ്ട്? ഇതെങ്ങനെയാണ് കഴിക്കേണ്ടത്? കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
ചീര ഒരു സൂപ്പര്‍ഫുഡ്
മുടി, ചർമം, എല്ലുകൾ എന്നിവ ഉള്‍പ്പെടെ, ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവും നാരുകള്‍ വളരെ കൂടുതലുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ മികച്ച ഒന്നാണ് ചീര കൊണ്ടുള്ള വിഭവങ്ങള്‍. കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആയതിനാല്‍, ചീര രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചീര ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കൂടാതെ, ചീര ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ കഴിയുന്ന സീയാക്സാന്തിൻ, കരോട്ടിനോയിഡുകൾ എന്നിവയുടെ സാന്നിധ്യമാണ് ചീരയ്ക്ക് ഇതിനുള്ള ശക്തി നല്‍കുന്നത്. ചീരയില്‍ അടങ്ങിയ ക്ലോറോഫിൽ എന്ന വര്‍ണ്ണകം, ഭക്ഷണം വിഘടിപ്പിക്കുന്നതിനും മെച്ചപ്പെട്ട ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ചീരയില്‍, എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീരയില്‍, 250 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
ദഹനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യവും ചീരയില്‍ ധാരാളമുണ്ട്. 100 ഗ്രാം ചീരയില്‍ 79 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ചീരയില്‍ അടങ്ങിയ പൊട്ടാസ്യവും ശരീരത്തിലെ സോഡിയത്തിന്‍റെ ഫലങ്ങൾ കുറച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഇരുമ്പിന്‍റെ അംശവും ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. വിളര്‍ച്ച ഉള്ളവര്‍ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് ഇതുകൊണ്ടാണ്.
ചീരയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുകയും തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, മറ്റ് നേത്ര പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ചീരയിൽ കാണപ്പെടുന്ന വിറ്റാമിൻ എ, സാധാരണ കാഴ്ചയ്ക്ക് ആവശ്യമായ മ്യൂക്കസ് മെംബ്രെയ്ൻ നിലനിർത്തുന്നതിൽ ഗുണം ചെയ്യും.
സൗന്ദര്യത്തിനും ചീര നല്ലതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മത്തെ യുവത്വത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ ചീരയ്ക്ക് കഴിവുണ്ട്. ഇതില്‍ അടങ്ങിയ വിറ്റാമിനുകളായ എ, സി, ഇ എന്നിവ ചര്‍മ്മത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇന്‍ഫ്ലമേഷന്‍ കുറച്ച്, മുഖക്കുരുവിനെതിരെ പോരാടാനും ചീര സഹായിക്കുമെന്ന് പറയപ്പെടുന്നു. ചീരയില്‍ അടങ്ങിയ ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മത്തിന്‍റെ പ്രായം കുറയ്ക്കാനും സഹായിക്കും.
ചുവന്ന ചീരയും പച്ച ചീരയും
ചുവന്ന ചീരയും പച്ചച്ചീരയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അവയില്‍ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകളുടെ അളവാണ്. പച്ച ചീരയില്‍ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയിൽ ഓക്‌സലേറ്റുകളൊന്നുമില്ല. അതിനാല്‍, വൃക്കയില്‍ കല്ലു പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാം.
ചീരയില കൊണ്ട് ജ്യൂസ് ഉണ്ടാക്കാം
ചീര കറി വെച്ചും തോരന്‍ വെച്ചും കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എളുപ്പത്തില്‍ ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ചീരയില - 1 കപ്പ്
വെള്ളം - 1 കപ്പ്
നാരങ്ങ - 1
തയാറാക്കുന്ന വിധം
ചീരയില നന്നായി കഴുകി എടുക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ചൂടാക്കുക. വെള്ളം ചൂടാക്കുമ്പോൾ അതിലേക്ക് ചീര കൂടി ഇട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം തണുക്കാനായി മാറ്റിവെക്കാം. തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ഒരു നാരങ്ങാ പിഴിഞ്ഞതും ചേർത്ത് കുടിക്കാം. ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർക്കാം.