ADVERTISEMENT

കുഴിമന്തിക്ക് ആരാധകർ ഏറെയുണ്ട്. ഇത്രയും ഫാൻബേസുള്ള കുഴിമന്തിയെ കവച്ചു വയ്ക്കുന്ന ഒരു അറേബ്യൻ വിഭവമാണ് ഇപ്പോൾ ട്രെൻഡാകുന്നത്, പേര് മദ്ഹൂത്. രുചിയൂറും മദ്ഹൂത് ആസ്വദിക്കണമെങ്കിൽ നേരെ വിട്ടോളൂ കടവ് എന്ന രുചിയിടത്തേക്ക്. കൊച്ചി എയർപോർട്ടിൽ നിന്ന് ആലുവ പോകുന്ന വഴിക്കുള്ള കടവിൽ മദ്ഹൂത് മാത്രമല്ല തനി നാടൻ രൂചികളുടെ ഒരു മേളം തന്നെയുണ്ട്. പേരിലെ നാടൻ ചായ്‌വ് വെളിവാക്കുന്നത് പോലെ തന്നെയാണ് റസ്റ്ററന്റിന്റെ പരിസരം. പുറകിലൂടെ ഒഴുകുന്ന മംഗലപ്പുഴ കണ്ടും അവിടെ നിന്നും വീശുന്ന ചെറു കാറ്റുമേറ്റ് രുചികരമായ ഭക്ഷണം കഴിക്കാം. എന്നാൽ വ്യത്യസ്തമായ രുചികൾ ആസ്വദിക്കണം എന്ന മനസ്സുള്ളവർ കടവിലെത്തിയാൽ ഒട്ടും നിരാശപ്പെടേണ്ടി വരില്ല. അവർക്കായ് ആവിപറക്കുന്ന, വെന്തുപാകമായ മദ്ഹൂതും തയാറാണ്. 

പലതരത്തിലുള്ള ഫ്രഷ് മീനുകൾ വറുത്തും റോസ്റ്റ് ചെയ്തും കറിവച്ചും കിട്ടുമെന്നാണ് തന്നെയാണ് കടവിന്റെ വലിയ സവിശേഷത. കരിമീനും നെയ്മീനും ആവോലിയും എന്ന് വേണ്ട ആ ദിവസം ലഭ്യമാകുന്ന ഏതു മീനും വൃത്തിയാക്കി മുന്നിലേക്കെത്തും. കറിവച്ചോ വറുത്തോ എങ്ങനെയാണോ ആവശ്യമെന്നു പറഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ വിഭവം മേശപ്പുറത്തു വരും. ഞണ്ടും കൂന്തലും ചെമ്മീനുമൊക്കെ റോസ്റ്റ് ചെയ്തത് ആദ്യ കാഴ്ചയിൽ തന്നെ മനസുകീഴടക്കും. അപ്പോൾ പിന്നെ രുചികൊണ്ട് വയറു നിറയ്ക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. 

കാത്തിരിക്കാൻ കുറച്ചു സമയം കയ്യിലുണ്ടെങ്കിൽ കടവിലെ സ്പെഷ്യൽ മദൂദ് ഓർഡർ ചെയ്യാം. ഇരുപത്തഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സമയമെടുക്കും ആ വിഭവം പകമാകാൻ. മന്തിയിൽ നിന്നും വ്യത്യസ്തമായി മസാലയുടെ മണവും രുചിയുമുണ്ട് മദ്ഹൂതിന്. തൊട്ടാൽ എല്ലുകൾ വരെ ഊരിയെടുക്കാവുന്ന തരത്തിൽ വെന്തു പാകമായതാണ് മാംസം. മസാല നിറച്ച ആ ചോറ് മാത്രം കഴിച്ചാലും ഒട്ടും തന്നെയും മടുക്കുകയില്ല എന്നത് തന്നെയാണ് മദൂദിന്റെ ഏറ്റവും വലിയ സവിശേഷത. ചിക്കനിൽ മാത്രമല്ല, ബീഫിലും മട്ടനിലുമൊക്കെ മദ്ഹൂത് ലഭ്യമാണ്. വ്യത്യസ്തമായ മസാലകൾ കൊണ്ടാണ് ഓരോന്നിന്റെയും റൈസ് പാകം ചെയ്തിരിക്കുന്നതെന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. 

എയർപോർട്ടിൽ നിന്നും ആലുവയ്ക്കു പോകുന്ന വഴിയാണ് കടവ് റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ഹൈവേയുടെ അരികിലാണെങ്കിലും റെസ്റ്ററന്റിന്റെ അകത്തേക്ക് കയറിയാൽ മംഗലപ്പുഴ ഒഴുകുന്നത് കാണാം. ചെറുകാറ്റേറ്റു, രുചിയാർന്ന ഭക്ഷണം ആസ്വദിക്കാവുന്നതാണ്. വിശാലമായ പാർക്കിങ് സൗകര്യവും അതിനൊപ്പം ഇരുന്നൂറിലധികം പേർക്ക് ഒരേസമയമിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്.

English Summary:

Eatouts, Tasty Food in Kadavil Restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com