ADVERTISEMENT

ലോകത്തില്‍ ഏറ്റവും ആയുർദൈർഘ്യമുള്ള ഇടങ്ങളിലൊന്നാണ് ജാപ്പനീസ് ദ്വീപായ ഒക്കിനാവ. ദ്വീപ്‌ നിവാസികളുടെ ആരോഗ്യത്തിന്‍റെ പ്രധാനരഹസ്യം അവരുടെ പരമ്പരാഗത ഭക്ഷണരീതി തന്നെയാണ്. ഒക്കിനാവയില്‍ നിന്നുള്ള വളരെ പ്രശസ്തമായ ഒരു ഭക്ഷണവിഭവമാണ് പര്‍പ്പിള്‍ മധുരക്കിഴങ്ങ്. ബെനി ഇമോ, ഹവായിയൻ മധുരക്കിഴങ്ങ് എന്നുമെല്ലാം പേരുകളുള്ള പർപ്പിൾ മധുരക്കിഴങ്ങ് അങ്ങേയറ്റം പോഷകഗുണമുള്ളതാണ്.  

ക്രീം നിറമുള്ള തൊലിക്കുള്ളില്‍ മനോഹരമായ പര്‍പ്പിള്‍ നിറമുള്ള ഈ മധുരക്കിഴങ്ങ് ആദ്യകാഴ്ചയില്‍ത്തന്നെ ഏവരുടെയും മനംകവരും. ഉള്ളിലെ മാംസം, സാധാരണ മധുരക്കിഴങ്ങിനേക്കാൾ മധുരമുള്ളതും ക്രീമിയുമാണ്‌. 

ബ്ലൂബെറി പോലുള്ളവയില്‍ കാണുന്ന ആന്തോസയാനിൻ എന്ന ആന്‍റി ഓക്സിഡന്‍റ് ആണ് പര്‍പ്പിള്‍ മധുരക്കിഴങ്ങിന്‍റെ പ്രത്യേക നിറത്തിന് കാരണം. എന്നാല്‍ പര്‍പ്പിള്‍ മധുരക്കിഴങ്ങിൽ ബ്ലൂബെറികളേക്കാൾ 150% കൂടുതൽ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇവ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ശക്തമായ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു.

കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും ധാരാളം നാരുകളും ഈ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ജപ്പാനില്‍, പല രീതിയില്‍ മധുരക്കിഴങ്ങ് ഉപയോഗിക്കുന്നു. ചിപ്സ്, പൈ, മോച്ചി, ചീസ് കേക്ക്, ഐസ്ക്രീം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇതുകൊണ്ട് ഉണ്ടാക്കാം.

പര്‍പ്പിള്‍ മധുരക്കിഴങ്ങ് ഉപയോഗിച്ച്, രുചികരവും ആരോഗ്യകരവുമായ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

പർപ്പിൾ മധുരക്കിഴങ്ങ് ഉപ്പുമാവ്

ചേരുവകൾ

പർപ്പിൾ മധുരക്കിഴങ്ങ് - 250 ഗ്രാം
നെയ്യ് - 2 ടേബിൾസ്പൂൺ
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് - 2
ഇഞ്ചി പേസ്റ്റ് - 1/2 ടീസ്പൂൺ
ചുവന്ന മുളക് പൊടി - 1.5 ടീസ്പൂൺ
ജീരകപ്പൊടി - 1 ടീസ്പൂൺ
ശർക്കര പൊടി - 1 ടീസ്പൂൺ
ഉപ്പ് - 1.5 ടീസ്പൂൺ
വറുത്ത കടലപ്പൊടി - 1/4 കപ്പ് 
വറുത്ത, തൊലികളഞ്ഞ നിലക്കടല - 1 ടീസ്പൂൺ
നാരങ്ങ നീര് 
വെള്ളം - 1/2 കപ്പ്
മല്ലിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം

ആദ്യം, മധുരക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ ശേഷം, പുറംഭാഗം നാരങ്ങാനീര് ഉപയോഗിച്ച് തടവുക, നിറം മാറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യമില്ലെങ്കില്‍ ഈ സ്റ്റെപ്പ് ഒഴിവാക്കാം. അതിനുശേഷം മധുരക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കുക. ഇത് ഉപ്പും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക. ജീരകവും മുളകും ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കുക.

അതിനു ശേഷം, ഇതിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ച മധുരക്കിഴങ്ങ് ചേർത്ത് ഇളക്കി ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക. ഇതിലേക്ക് 1/2 കപ്പ് വെള്ളവും കടലപ്പൊടിയും ചേർത്ത് മൂടി വേവിക്കു ആവശ്യത്തിന് വെന്തുകഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക, നിലക്കടല, നാരങ്ങ നീര്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് വിളമ്പുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com