ഈ ഭക്ഷണങ്ങൾ എത്ര ദിവസം വരെ ഫ്രിജിൽ വയ്ക്കാം; അറിയാം ഇക്കാര്യങ്ങൾ
Mail This Article
പാകം ചെയ്ത ഭക്ഷണം ബാക്കിയായാൽ അത് ഫ്രിജിലെടുത്തു വയ്ക്കുന്നവരാണ് നമ്മിലേറെ പേരും. ഫ്രിജിലെ തണുപ്പ് ഭക്ഷണം കേടുകൂടാതെ ദിവസങ്ങളോളം കാത്തു സൂക്ഷിക്കുമെന്നുള്ളത് കൊണ്ടാണ് എല്ലാവരും തന്നെയും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ എത്ര ദിവസം വരെ ഭക്ഷണം കേടുകൂടാതെ ഫ്രിജിൽ സൂക്ഷിക്കാമെന്നതിനെ കുറിച്ച് പലർക്കും തന്നെയും ധാരണയില്ല. ചില ആഹാര പദാർത്ഥങ്ങൾ ഒരാഴ്ച വരെ കേടുകൂടാതെയിരിക്കുമ്പോൾ ചിലവ ഒന്നോ രണ്ടോ ദിവസങ്ങൾ വരെ മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. എത്ര ദിവസം വരെ ഭക്ഷണങ്ങൾ കേടുകൂടാതെ ഫ്രിജിൽ വയ്ക്കാമെന്നു നോക്കാം.
* സൂപ്പുകൾ, സ്റ്റൂ എന്നിവ തിളപ്പിച്ചതിനു ശേഷം നന്നായി ചൂടറികഴിഞ്ഞു മാത്രം ഫ്രിജിലേക്ക് മാറ്റുക. മൂന്നോ നാലോ ദിവസം വരെ കേടുകൂടാതെയിരിക്കും. ഒരിക്കലും തുറന്നു വയ്ക്കരുത്. അടപ്പ് ഉപയോഗിച്ച്, വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
* മാംസം, മൽസ്യം എന്നിവ പാകം ചെയ്തത് മൂന്നു മുതൽ നാല് ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. നന്നായി ചൂടാക്കി, തണുത്തതിനു ശേഷം മാത്രം ഫ്രിജിൽ വയ്ക്കാൻ ശ്രദ്ധിക്കുക. വായു കടക്കാത്ത പാത്രത്തിലായിരിക്കണം ഇവ ഫ്രിജിൽ വയ്‌ക്കേണ്ടത്.
* ചോറ് - പാസ്ത എന്നിവ നാല് ദിവസം വരെ കേടുകൂടാതെ ഫ്രിജിലിരിക്കും. തണുത്തതിനു ശേഷം ഉടനടി തന്നെ ഇവ ഫ്രിജിലേക്കു മാറ്റണം. മാത്രമല്ല, കൃത്യമായി അടക്കുകയും വേണം.
* പാലും പാലുൽപ്പന്നങ്ങളും കൊണ്ട് തയാറാക്കിയ ഡെസേർട്ടുകൾ, മധുരപലഹാരങ്ങൾ, പുഡിങ്ങുകൾ എന്നിവ ശരിയായ രീതിയിൽ ഫ്രിജിൽ വെച്ചാൽ രണ്ടു മുതൽ മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും. മറ്റേതൊരു ഭക്ഷണ പദാർത്ഥങ്ങളെക്കാളും വേഗത്തിൽ ഉപയോഗ ശൂന്യമായി പോകുന്നവയാണ് മേൽപറഞ്ഞവ.
* പച്ചക്കറികൾ പാകം ചെയ്തത് ഒരാഴ്ച വരെ ഫ്രിജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. കണ്ടെയ്നറുകളിലാക്കി അടച്ചു വയ്ക്കാൻ മറക്കരുത്, മാത്രമല്ല, ഉപ്പും എണ്ണയും ഉപയോഗിച്ച് പാകം ചെയ്താൽ രുചിയിലോ ഘടനയിലോ യാതൊരു തരത്തിലുള്ള മാറ്റവും വരുകയുമില്ല.
* സാധാരണ രീതിയിൽ പാകം ചെയ്തവ ഫ്രിജിൽ വെച്ചാൽ അവയുടെ ആയുസ് അഞ്ചു മുതൽ ഏഴ് ദിവസം വരെയാണ്. പാകം ചെയ്ത് രണ്ടുമണിക്കൂറിനു ശേഷം ഫ്രിജിലേക്കു മാറ്റണം. ഇല്ലാത്ത പക്ഷം ബാക്റ്റീരിയകളുടെ സാമീപ്യമുണ്ടാകാനിടയുണ്ട്. രണ്ടുമണിക്കൂറിനുള്ളിൽ ഫ്രിജിൽ വയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാനായി ഫ്രീസറിലേക്ക് മാറ്റാവുന്നതാണ്.